ഉപാസന ഉപാസന

ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന

സത്യം മയക്കുമരുന്നിന്റെ ചിറകിൽ
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ - ഇല്ലാത്ത
സ്വർഗ്ഗത്തു പറക്കുമീ നാട്ടിൽ
സ്വപ്നം മരിക്കുമീ നാട്ടിൽ
സ്വര്‍ഗ്ഗസ്വരൂപിയാം ശാസ്ത്രം നിർമ്മിക്കും
അഗ്നികുണ്ഡങ്ങൾക്കുള്ളിൽ
മനുഷ്യാ - ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ മുഖംമൂടി
ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന

കാലം ശരശയ്യ തീർത്തു മയങ്ങുമീ
കാണാത്ത കുരുക്ഷേത്രഭൂവിൽ - കലിയുഗം
കാണാത്ത കുരുക്ഷേത്രഭൂവിൽ
സോക്രട്ടീസുമാർ ധ്യാനിച്ചിരിക്കുമീ
സ്വർണ്ണസോപാനത്തിന്നരികിൽ
മനുഷ്യാ - ഹേ മനുഷ്യാ
വലിച്ചെറിയൂ നിന്റെ വിഷപാത്രം

ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന
ഉണരട്ടെ ഉഷസ്സുപോലുണരട്ടെ
ഒരു യുഗചേതന ഉണരട്ടെ
ഉപാസന ഉപാസന
ഉപാസന ഉപാസന
ഇതു ധന്യമാമൊരുപാസന