കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ

കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ
കൈപ്പുള്ളിപ്പാലാട്ടെ കഥ പറയാം
കരഞ്ഞു കരഞ്ഞു കാടുകേറിയ
കൈപ്പുള്ളിലമ്മ തൻ കഥ പറയാം

ഒന്നല്ല രണ്ടല്ല ഒൻപതു പെറ്റോരമ്മ
ഒൻപതിനെയും കുരുതി കൊടുത്തത്
കണ്ടു നിന്നോരമ്മ
ഒരു മുറ്റത്തു കളിച്ചു വളർന്നവർ
ഒരമ്മ പെറ്റ കിടാങ്ങൾ

അവരെ കൊത്തി നുറുക്കിയ കൊലവാൾ
ഒരിടത്തൊരിടത്തുണ്ട്
കൈയിലൊരാൺതരിയും കൊണ്ടമ്മ
കാത്തിരിക്കുന്നു
പകരം വീട്ടാൻ പക വീട്ടാൻ ഒരു മകനെ
വളർത്തുന്നു