വസന്തമേ നീ വന്നു വിളിച്ചാൽ

വസന്തമേ നീ വന്നു വിളിച്ചാൽ
വസുന്ധരയുണരാതിരിക്കുമോ
വാസനത്താലം നീ കോണ്ടു വന്നാൽ
വാതിൽ തുറക്കാതിരിക്കുമോ (വസന്തമേ...)

വിരലിൻ ചുംബനലഹരിയിൽ മുങ്ങും
വീണ പാടാതിരിക്കുമോ
കരുണ തന്നുടെ ചില്ലയിൽ പൂക്കും
കണ്ണുകൾ കരയാതിരിക്കുമോ (വസന്തമേ...)

വാനത്തു വർഷമായ് നീ പെയ്തു നിന്നാൽ
വയൽ ഞാൻ കതിരിടാതിരിക്കുമോ
മൗനരാഗത്തിന്റെ മന്ദസ്മിതത്തിൽ
മനസ്സു തുളുമ്പാതിരിക്കുമോ(വസന്തമേ...)

പുലരിയിൽ മഞ്ഞല ചാർത്തി വിളങ്ങും
പൂവിനു കുളിരാതിരിക്കുമോ
ജന്മങ്ങൾ താണ്ടി വരുന്ന സുഗന്ധം
നമ്മളെ പുൽകാതിരിക്കുമോ (വസന്തമേ...)