ആറ്റുമ്മണമ്മേലെ ഉണ്ണിയാർച്ച

ആറ്റുംമണമ്മേലേ വീരനായിക ഉണ്ണിയാര്‍ച്ച
അല്ലിമലര്‍ക്കാവില്‍ പണ്ട് കൂത്തുകാണാന്‍ പോയ്
അയ്യപ്പന്‍‌കാവിലെ വിളക്കു കാണാന്‍‌പോയ്
അഞ്ജനക്കാവിലെ വേല കാണാന്‍‌പോയ്
ആറ്റുംമണമ്മേലേ വീരനായിക ഉണ്ണിയാര്‍ച്ച
അല്ലിമലര്‍ക്കാവില്‍ പണ്ട് കൂത്തുകാണാന്‍ പോയ്

ശ്വശുരന്‍ തടഞ്ഞുപോലും
പോകല്ലേ മരുമകളേ
ശ്വശ്രു തടഞ്ഞുപോലും
പോകല്ലേ മരുമകളേ
കുഞ്ഞിരാമന്‍ പേടിത്തൊണ്ടന്‍
ഭാര്യയെ തൊഴുതുപോലും
ഉണ്ണിയാര്‍ച്ചേ കൺമണിയേ
കൂത്തു കാണാന്‍ പോവരുതേ
ആറ്റുംമണമ്മേലേ വീരനായിക ഉണ്ണിയാര്‍ച്ച
അങ്കച്ചമയമണിഞ്ഞ് കൂത്തുകാണാന്‍ പോയ്
അടിമുടി വിറച്ചുകൊണ്ടവളുടെ പിമ്പേ പോയ്
കളരിയിൽ ഭീരുവായ കുഞ്ഞിരാമനും

നാദാപുരത്തുവച്ച് കശ്മലന്മാര്‍ കൂട്ടംചേര്‍ന്ന്
നാളികലോചനയെ തടഞ്ഞുനിര്‍ത്തി
പേടിച്ചൊതുങ്ങിയല്ലോ കുഞ്ഞിരാമന്‍
പയറ്റിനൊരുങ്ങിയല്ലോ ഉണ്ണിയാര്‍ച്ച

പെണ്ണായ ഞാനും വിറയ്ക്കുന്നില്ല
ആണായ നിങ്ങള്‍ വിറയ്ക്കുന്നെന്തേ
ആയിരം വന്നാലും കാര്യമില്ല
അടരാടാനെന്റെയീ കൈകള്‍ പോരും
പുത്തൂരം വീട്ടിലെ പെണ്ണുങ്ങളും
ആണുങ്ങളെക്കൊല്ലിച്ചു കേട്ടിട്ടുണ്ടോ
അങ്കം തുടങ്ങി ചങ്കു കലങ്ങി
എതിര്‍ത്തു നിന്നവര്‍ തോറ്റോടി