ഒരു കുടുക്ക പൊന്നു തരാം

ഒരു കുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
ഒന്നുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല്ല നാത്തൂനേ
(ഒരു കുടുക്ക...)

മണിമണി പോലുള്ള പെണ്ണാണ്
കണ്ണ് മാനത്തുങ്കാവിലെ പൂവാണ്
മഞ്ചാടിനിറമുള്ള ചുണ്ടാണ്
ചുണ്ടിൽ മാതളപ്പൂവിലെ തേനാണ്

പത്തുകുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ
പത്തുമൊരരയുമൊരേഴും തന്നാലും
പെണ്ണിനെ കിട്ടൂല്ല നാത്തൂനേ
പത്തുകുടുക്ക പൊന്നു തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ

ഉടലെല്ലാം പൊന്നായ പെണ്ണാണ് പെരും
കടലായി വളരും മനസ്സാണ്
മിണ്ടിയാൽ മുത്താരമഴയാണ് ഇവൾ
എവിടെയും കിട്ടാത്ത നിധിയാണ്

ആനേടെ തൂക്കത്തിൽ പൊന്നു തരാം
പൊന്നിട്ട പെട്ടകം പൂട്ടിത്തരാം
പൂട്ടാ താക്കോലൊളിച്ചും തരാം
പെണ്ണിനെ തരുമോടീ നാത്തൂനേ

ആനേടെ തൂക്കത്തിൽ പൊന്നു വേണ്ട
പൊന്നിട്ട പെട്ടകം പൂട്ടി വേണ്ട
കണ്ണുപോൽ പൊന്നുപോൽ നോക്കാമെങ്കിൽ
പെണ്ണിനെ കൊണ്ടു പോ നാത്തൂനേ