വാസന്ത പഞ്ചമിനാളിലും സൂര്യകാന്തിയും..!

9062

ചില പാട്ടുകള്‍ കാലാതിവര്‍ത്തികളാണ്. മനസ്സിലെവിടെയോ ഒളിച്ചിരുന്ന് പൊടുന്നനവേ പ്രകാശം കൊണ്ട് നമ്മെ അതിന്റെ തീക്ഷ്ണഭാവത്തിലേക്കു കൊണ്ടുപോയി ഒരു വിങ്ങല്‍ സൃഷ്ടിച്ച് അതിനുള്ളിലാക്കും. അങ്ങനെ മറന്നുപോകാതെ ഉള്ളില്‍ സൂക്ഷിക്കപ്പെടുന്ന രണ്ടു പാട്ടുകളാണ് “വാസന്തപഞ്ചമിനാളില്‍” (ഭാര്‍ഗ്ഗവീനിലയം)ഉം “സൂര്യകാന്തി” (കാട്ടുതുളസി) യും. ശില്പഭംഗി, ആലാപനസൌഭഗം , കാവ്യാത്മകത എന്നിവയുടെ പൂര്‍ണത. ഭാവതീവ്രതയും മാധുര്യവും തുളുമ്പി നില്‍ക്കുന്നവ.

എസ്. ജാനകിയുടെ സ്വതവേ അല്പം ശോകച്ഛായ കലര്‍ന്ന ആലാപനം ഇതു രണ്ടിനേയും പ്രത്യേക അനു‍ഭവമാക്കുന്നുണ്ടെന്നുള്ളതില്‍ സംശയമില്ല. പക്ഷെ സംഗീതസംവിധായകന്‍ ചെയ്തു വച്ചിട്ടുള്ള ചില സൂത്രപ്പണികളാണ് ഈ രണ്ടു പാട്ടുകളേയും അതിവിസ്മയങ്ങളാക്കുന്നത്. ചില പാട്ടുകള്‍ കത്തിച്ചു വിട്ട വാണം പോലെയാണ്. പെട്ടെന്നുള്ള വിസ്മയകരമായ ഉയര്ച്ചയാണിവയ്ക്ക്. പക്ഷേ മുകളിലേക്കു പോയ പോലെ തന്നെ താഴോട്ടും നിപതിക്കും ഇവ. “ലജ്ജാവതി” ഇപ്പോള്‍ ഇങ്ങനെ നടുവും തല്ലി വീണു കിടക്കുകയാണ്. പക്ഷേ അതിവിദ്വാന്മാരായ സംഗീതസംവിധായകര്‍ വിക്ഷേപിക്കുന്ന ചില പാട്ടുകള്‍ എന്നും നിലം തൊടാതെ തിരശ്ചീനമായി പറന്നുകൊണ്ടെ ഇരിക്കും.‍ ഒരു പൂവിരിഞ്ഞുവരുന്നതുപോലെയാണ് ചില പാട്ടുകളുടെ അനുഭവക്രമം. മറ്റുചിലതോ അനേകം പൊതികളുള്ള ഒരു മിഠായി മാതിരി. ഓരോ പൊതിയും സൂക്ഷ്മതയോടെ, ജിജ്ഞാസയോടെ നമ്മെക്കൊണ്ട് അഴിപ്പിച്ച് ഉള്ളിലെ മധുരം എടുത്തുതരും. വേറേ ചിലതോ പതുക്കെ തുറന്നു പോകുന്ന നിരവധി വാതായനങ്ങള്‍, അവയെല്ലാം കടന്ന് ശ്രീകോവിലില്‍ എത്തുന്ന പ്രതീതി ഉളവാക്കും. മറ്റു ചിലതിനോ നമ്മള്‍ കണ്ണടച്ച് ഇരുന്നു കൊടുത്താല്‍ മതി. പാട്ടു വന്ന് നമ്മുടെയുള്ളില്‍ കയറിക്കൊള്ളും.എവിടെയൊക്കെയോ കൊത്തി നൊമ്പരപ്പെടുത്തുന്നതിന്റെ സുഖം പിന്നെ അനുഭവിച്ചോണ്ടാല്‍ മതി. മേല്‍പ്പറഞ്ഞ രണ്ട് പാട്ടുകളും കേള്‍വിസുഖം തരുന്നത് ഇങ്ങിനെയായിരിക്കും മിക്ക ആസ്വാദകര്‍ക്കും. ബാബുരാജിന്റെ മാന്ത്രികവിദ്യയാണ് രണ്ടിനേയും പരിവേഷം.

പി. ഭാസ്കരന്റെ ഏറ്റവും പ്രിയപ്പെട്ട അഞ്ചുഗാനങ്ങളിലൊന്നായിരുന്നു “വാസന്തപഞ്ചമി നാളില്‍”. കഥാഗതിക്കിണങ്ങുന്നതും നായികയുടെ ഭാവസ്ഫൂര്‍ത്തി വരുത്തുന്നതുമായ ഗാനത്തെ സംഗീതത്തിലൂടെ പൂര്‍ണ്ണതയിലെത്തിച്ചു എന്നതായിരിക്കണം പി. ഭാസ്കരനെ തൃപ്തിപ്പെടുത്തിയത്. ഇവിടെയാണ് ബാബുരാജ് തന്റെ മുദ്ര പതിപ്പിച്ചത്. സാധാരണ മലയാള സിനിമാഗാനങ്ങളുടെ ശില്‍പ്പമല്ല ഈ പാട്ടിനു അദ്ദേഹം നല്‍കിയിരിക്കുന്നത്. പല്ലവി കഴിഞ്ഞാല്‍ രണ്ടോ മൂന്നോ ഒരുപോലെയുള്ള ചരണങ്ങളാണ് പതിവ്. ഈ ചരണങ്ങളിലെ ആദ്യ പാദം സ്വല്പം ഉച്ചസ്ഥായിയിലാണെങ്കില്‍ രണ്ടാം ഭാഗം അതിനും താഴെ. ചിലപ്പോള്‍ ഇതു മറിച്ചും. ഉദാഹരണത്തിന്‍് “എന്റെ ഖല്‍ബിലെ” എന്ന പാട്ടിലെ ചരണം “എന്റെ പുഞ്ചിരിപ്പാലിനുള്ളിലെ..” പല്ലവിയേക്കാള്‍ ഉയര്‍ന്ന ശ്രുതിയിലും “ഒപ്പനയ്ക്കൊന്നു കൂടുവാന്‍...” എന്റെ പുഞ്ചിരി” യേക്കാള്‍ താഴ്ന്ന ശൃതിയിലുമാണ്. എന്നാല്‍ “മൌലിയില്‍ മയില്‍പ്പീലി ചാര്‍ത്തി....” എന്നതിലെ ചരണം “കഞ്ജവിലോചനന്‍ കണ്ണന്റെ കണ്ണിലെ...” എന്ന ഭാഗം താഴ്ന്നും രണ്ടാം ഭാഗം “ഉണ്ണിക്കൈ രണ്ടിലും പുണ്യം തുളുമ്പുന്ന” എന്നത് സ്വല്പം മേത്സ്ഥായിയിലുമാണ്. ചിലപ്പോള്‍ ഒരു ഗാനത്തിലെ തന്നെ ചരണങ്ങള്‍ തന്നെ വ്യത്യസ്ഥമാക്കാറുമുണ്ട്. ശാസ്ത്രീയസംഗീതത്തിന്റെ സങ്കേതങ്ങളാണിവ. ഇതിന്‍് അപവാദങ്ങളില്ലാതില്ല. “വാസന്തപഞ്ചമി നാളില്‍”ഈ രൂപത്തിലോ സങ്കേതത്തിലോ അല്ല ചിട്ടപ്പെടുത്തിയിരിക്കുന്നത്. വളരെ സൌമ്യമായി തുടങ്ങി സാവധാനം പടര്‍ന്നു കയറുന്നു ഈ സ്വരലത. തീവ്രമായ ക്ലൈമാക്സിലാണ് അവസാനിക്കുന്നത്.

പ്രിയതമന്‍ വേറിട്ടു പോയതിലുള്ള ദു:ഖമാണ് പശ്ചാ‍ാത്തലം. വരുമോ എന്ന ആശങ്ക പ്രമേയവും. വരുമെന്നുള്ള കിനാവാണ് ആശ്വാസം. ഭാര്‍ഗ്ഗവീനിലയത്തിലെ ഭാര്‍ഗ്ഗവിക്കുട്ടിയുടെ സങ്കടങ്ങള്‍. ഓര്‍ക്കസ്ട്രേഷന്‍ ഒന്നുമില്ലാതെ നേരിട്ട്, പരാതി മട്ടിലാണ് തുടക്കം

‘വാസന്തപഞ്ചമിനാളില്‍ വരുമെന്നൊരു കിനാവു കണ്ടു
വരുമെന്നൊരു കിനാവു കണ്ടു
കിളിവാതിലില്‍ മിഴിയും നട്ടു കാത്തിരുന്നു ഞാന്‍‘
രണ്ടാമത്തെ കിനാവു “കണ്ടു” എന്നതിലാണ് ഊന്നല്‍. ശ്രുതി മുകളിലാക്കി വ്യത്യസ്ഥ ഗമകത്തിലൂടെ ഇതു സാധിച്ചിരിക്കുന്നു.

‘വസന്തമോ വന്നു കഴിഞ്ഞു പഞ്ചമിയും വന്നണഞ്ഞു
വന്നില്ലെന്‍ കണ്ണിന്മുന്നില്‍ വരേണ്ടയാള്‍ മാത്രം‘- പല്ലവിയേക്കള്‍ സൌമ്യതയാണ് ഈ ചരണത്തിന്‍്. വസന്തം കഴിഞ്ഞിട്ടും അയാള്‍‍ വരാത്തതില്‍ ആശാഭംഗമുണ്ട്.
പക്ഷേ
‘ഓരോരോ കാലടി ശബ്ദം ചാരത്തെ വഴിയില്‍‍ കേള്‍ക്കെ
ചോരുമെന്‍ കണ്ണീരൊപ്പി ഓടിച്ചെല്ലും ഞാന്‍‘ എന്ന മട്ടില്‍ പ്രിയന്‍ വരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഈ ചരണം ആദ്യത്തെ ചരണത്തേക്കാളും ഉയര്‍ന്ന സ്ഥായിയിലാണ്. പ്രതീക്ഷ സ്വല്‍പ്പം മിച്ചമുള്ളാതുകൊണ്ട് ഒരു പടി കയറുകയാണ് ഗാനം. ഈ രണ്ടു ചരണത്തിനു ശേഷവും മറ്റു സാധാരണ ഗാനങ്ങളെപ്പോലെ പല്ലവി ആവര്‍ത്തിക്കുന്നില്ല.‘വാസന്തപഞ്ചമിനാളില്‍‘എന്നു മാത്രമേ പാടുന്നുള്ളു. പടിപടിയായിക്കയറുന്ന യുക്തിക്കു ഭംഗം വരും ഇനിയും ‘കാത്തിരുന്നു ഞാന്‍‘എ‍ന്നു പാടിയാല്‍. ‘നാളില്‍’ എന്ന വാക്കു സൂക്ഷ്മമായ ഗമകത്തോടെയാണ് ഊര്‍ജ്വസ്വലമാകുന്നത്.

‘വന്നവന്‍ മുട്ടീവിളിക്കെ വാതില്‍പ്പൊളി തുറക്കുവാനായ്
വളയൊച്ചകള്‍ കേള്‍പ്പിക്കാതെ ഒരുങ്ങി നില്‍ക്കും ഞാന്‍-‘
ദൃഢമായ ചില നിശ്ചയങ്ങള്‍. പക്ഷേ, ഒരു പ്രസ്താവനയുടെ സാധാരണാത്വം മാത്രമേയുള്ളു ആലാപനത്തിന്‍്. ഇനി പല്ലവിയുടെ ആവര്‍ത്തനമില്ല. ഒരു വയലിന്‍ ബിറ്റ്നു ശേഷം പാട്ടു പൊടുന്നനവേ ഉച്ചസ്ഥായിയിലാകുകയാണ്. ഒരു നിലവിളി പോലെ ഈ വിലാപം ഉയര്‍ന്നു പൊങ്ങുന്നു. വലിയ ഒരു തിരിച്ചറിവിന്റെ ആഘാതം രോദനമാകുന്നു. പതിയെ ഉയര്‍ന്നമേഘം പെട്ടേന്ന് ഇടിവെട്ടി കണ്ണീര്‍ പൊഴിക്കുന്നതുപോലെ. അതിതീവ്രമായ ക്ലൈമാക്സ്. വിചാരധാരയും സംഗീതവും ഒന്നുപോലെ സ്ഫോടനാത്മകമാകുന്നു.

‘ആരുമാരും വന്നതില്ലാ ആരുമാരും അറിഞ്ഞതില്ലാ‍ാ‍ാ‍ാ‍ാരുമാരും വന്നതില്ലാ
ആരുമാരുമറിഞ്ഞതില്ലാ
ആത്മാവില്‍ സ്വപ്നവുമായി കാത്തിരിപ്പു ഞാന്‍‘
ഇവിടെ ഭാവത്വരിതത്തിനു ഡ്രംസുമുണ്ട് തബലയോടൊപ്പം. ഗിറ്റാറിന്റെ നേരിയ പെരുമാറ്റങ്ങള്‍ പിന്നിലുണ്ട്.
വരും എന്നുള്ളാത്ത് ആത്മാവിന്റെ സ്വപ്നം മാത്രമാണെന്നു അവള്‍ക്കു മനസ്സിലായിരിക്കുന്നു. പ്രിയതമന്‍ എന്നെന്നേയ്ക്കുമായി മറഞ്ഞെന്ന അറിവ് കാലാകാലങ്ങളില്‍‍ സഞ്ചരിക്കാന്‍ കഴിവുള്ള അവളുടെ ആത്മാവ് പിടിച്ചെടുത്തിരിക്കുന്നു. അപ്പോള്‍ ആദ്യം പാടിയ ‘വരുമെന്നൊരു കിനാവു കണ്ടു ‘ എന്നുള്ളത് അന്നേരത്തെ അനുഭവമല്ല. പണ്ടു നടന്ന കാര്യം ഒന്നു പറഞ്ഞെന്നേ ഉള്ളു. “കാത്തിരിപ്പു ഞാന്‍” എന്നതില്‍ നിതാന്തമാണ് ഈ കാത്തിരിപ്പ് എന്നു ധ്വനി.വ്യര്‍ത്ഥമാണോ എന്ന സംശയവുമുണ്ട്. എല്ലാം മായക്കാഴ്ച്ചകള് ‍മാത്രമായിരുന്നു. ഗാനം പിന്തുടര്‍ന്ന നമ്മളും അറിഞ്ഞില്ല. അലയുന്ന ആത്മാവിന്റെ ഒരു വിഭ്രാന്തി മാത്രം. ഭാര്‍ഗ്ഗവിക്കുട്ടിയുടെ ജീവിതകഥ തന്നെ. കഥയും ഗാനവും സംഗീതവും ഒന്നിച്ച്രുരുകി സ്വയം വിളക്കിച്ചേര്‍ക്കുന്ന അവസ്ഥ.

ഇതുപോലെ ലളിതമായ തുടക്കത്തില്‍ നിന്നും ഗാനവും സംഗീതവും ഒരുമിച്ച് പടി കയറി ഔന്നത്യത്തിലെത്തുന്ന ഒന്നാണ് വയലാറിന്റെ “സൂര്യകാന്തീ“. മാനസികാസ്വാസ്ഥ്യം ബാധിച്ച ഭര്‍ത്താവിന്റെ നിഗൂഢമായ പൂര്‍വകഥയെക്കുറിച്ചുള്ള സന്ദേഹമാണ് പശ്ചാത്തലം. നിഷ്പ്രഭനായ സൂര്യനെ നോക്കിനില്‍ക്കേണ്ടി വന്നിരിക്കുന്ന സൂര്യകാന്തിയ്ക്കും നായികയ്ക്കും സമാന്തരമായ ജീവിതഗതിയാണ്, സമാനമായ സന്നിഗ്ധാവസ്ഥയാണ്. അതുകൊണ്ട് സൂര്യകാന്തിയോടുള്ള ചോദ്യമാണ് ഗാനം. ഭര്‍ത്താവിന്റെ പൂര്‍വകാമുകിയുടെ തിരോധാനമാണ് അദ്ദേഹത്തിന്‍് ഈ മാനസികപ്രശ്നം വരുത്തിവച്ചിരിക്കുന്നത്,അവള്‍ക്കറിയാം. ഭാവത്തിലും ആലാപനത്തിലും സങ്കേതത്തിലും വ്യത്യസ്തമായ രണ്ട് ചരണങ്ങളില്‍ക്കൂടിയാണ് ‍ഈ പ്രമേയം അവതരിക്കപ്പെടുന്നത്. എസ്. ജാനകിയുടെ കളകണ്ഠം നിഷ്പ്രയാസം ഹൈ പിച്ച് ഹമ്മിങ് ഉണര്‍ത്തുന്നതോടെയാണ് ആരംഭം. ശോകച്ഛായയില്ല. സ്വല്പം ഊര്‍ജം ഉണ്ടുതാനും. ചോദ്യം ചോദിക്കാനുള്ള വരവല്ലെ. സൂക്ഷഗമകങ്ങള്‍ സമ്പന്നമാക്കിയിരിക്കുന്നു പാട്ടിനെ മുഴുവന്‍. സംഗതികള്‍ ബാബുരാജിന്റ് കയ്യൊപ്പുകളാണ്.

“സൂര്യകാന്തീ സൂര്യകാന്തീ സ്വപ്നം കാണുവതാരെ? പ്രേമപൂജാപുഷ്പവുമായി തേടുവതാരെ ആരെ?“ എന്നു തുടങ്ങുന്നത് വളരെ മന്ദ്രമായാണ്. അതില്‍ “തേടുവതാരെ“ ഗമകത്തോടെ ഉറപ്പിച്ചിരിക്കുന്നു, കാരണം അന്വേഷണമാണ് സന്ദര്‍ഭം. പിന്നീട് പ്രിയനെ നോക്കിനിന്നു പരിക്ഷീണയായി ആലസ്യത്തിലാണ്ട, നിതാന്തമായ തപസ്സനുഷ്ഠിക്കുന്ന കന്യകയാണ് സൂര്യകാന്തിയെന്ന് അവള്‍ നിരീക്ഷിക്കുന്നു. ആവര്‍ത്തിക്കപ്പെടുന്ന സൂര്യകാന്തീ, ആരെ, തേടുവത്, എന്നീ വാക്കുകള്‍ ഗമകങ്ങളുടെ സുഭിക്ഷത കൊണ്ട് മധുരതരവും അതേസമയം നിശിതവുമാണ്. പിയാനോയുടെ ചില മുഴങ്ങുന്ന സ്വരങ്ങള്‍ നിഗൂഢതയ്ക്കു വേണ്ടിയാവാം പാടുന്ന സ്വരത്തിനു പ്രതിബിംബമെന്നോണം ഇറ്റുവീഴ്ത്തിയിട്ടുണ്ട്.

‘വെയിലറിയാതെ മഴയറിയാതെ വര്‍ഷങ്ങള്‍‍ പോകുവതറിയാതെ
ദേവതാരുവിന്‍ തണലിലുറങ്ങും താപസകന്യക നീ‘ എന്ന ഈ ചരണം സ്വല്പം കീഴ്സ്ഥായിയില്‍ തുടങ്ങി, രണ്ടാം ഭാഗം സ്വല്പം മേല്‍പ്പോട്ട് ഉയരുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ‘വെയിലറിയാതെ മഴയറിയാതെ......പോകുവതറിയാതെ‘ എന്നതിലെ “അറിയാതെ” എന്ന വാക്കിലെ നിഷേധസൂചകമായ അവസാനരണ്ടക്ഷരങ്ങള്‍‍ ആ‍ദ്യത്തെ ഗമകത്തില്‍ നിന്നും ശ്രുതി ഉയര്‍ത്തിയിരിക്കുന്നു രണ്ടാമത്തെ “അറിയാതെ”യില്‍. മൂന്നാമത്തേതില്‍ പിന്നെയും ഉയരുന്നു. “ദേവതാരുവിന്‍ തണലിലുറങ്ങും‘ സംഗതിയില്‍ മേല്‍സ്ഥായിയില്‍ നിന്നും കുത്തനെയുള്ള ഇറക്കമാണ്, “ഉറങ്ങും” എന്ന വാക്കിന്റെ ആലസ്യത്തെ ധ്വനിപ്പിക്കാന്‍ ശ്രുതി താഴ്ത്തിയിരിക്കുകയാണ്. പക്ഷെ ഈ നിപാതം അയത്നലളിതമായി ഒഴുകിയിറങ്ങുന്നതു പോലെയാണ്.

പൊടുന്നനവെ കഠിനമായ ചോദ്യം പൊട്ടീപ്പുറപ്പെടുകയാണ്. ഈ ചരണം ഉയര്‍ന്ന സ്ഥായിയിലാണ്.

‘ആരുടെ കനകമനോരഥമേറി ആരുടെ രാഗപരാഗം തേടി
നീലഗഗനവനവീഥിയില്‍ നില്‍പ്പൂ നിഷ്പ്രപ്ഭനായ് നിന്‍ നാഥന്‍?‘

സൂര്യകാന്തിയുടെ നാഥനായ സൂര്യന്‍ ഒളിമങ്ങി ആരെപ്രതീക്ഷിച്ച് നില്‍ക്കുന്നുവെന്നത് അവള്‍ തന്നോടു തന്നെ നിസ്സഹായയായി ചോദിക്കുന്ന ചോദ്യമാണ്. ചോദ്യം ആഞ്ഞു തറയ്ക്കന്‍ വേണ്ടി ആദ്യപാദം കഴിഞ്ഞ് ഓര്‍കസ്ട്രേഷന്‍ സഞ്ചാരത്തിനു ശേഷം വീണ്ടും ആവര്‍ത്തിക്കുന്നു. അപ്പോള്‍ ‘രാഗപരാഗ”ത്തിലെ ‘രാഗ‍‘ ഗമകത്തൊടു കൂടി ഉറപ്പിച്ചിരിക്കുന്നു. പരിഭവത്തിനു ആക്കം കൂട്ടാന്‍. “നീല ഗഗന വന വീഥിയില്‍‍ നില്‍പ്പൂ” വിന്റെ അതിമധുരമായ ആവര്‍ത്തനത്തില്‍‍ അതിശ്രദ്ധയോടെ ‘ഗഗന’യുടെ അവസാനത്തിലും ‘വന’ അവസാനത്തിലും ഗമകങ്ങളുണ്ട്. നില്‍പ്പൂ എന്നതിലും സൂക്ഷ്മഗമകം പൊടി വിതറിയിരിക്കുന്നു. പാട്ടിന്റെ “punch line' ആയ “ആരുടെ.....തേടി” സാമാന്യഗതി വിട്ട് വളരെ മുകളില്‍ സ്ഥാനമുറപ്പിച്ചിരിക്കയാണ്.

വേറൊരു ചെറിയ ട്രിക്കും ബാബുരാജ് ചെയ്തിട്ടുണ്ട് ഇതില്‍. ആദ്യത്തെ ചരണം കഴിഞ്ഞ് പല്ലവി ആവര്‍ത്തിക്കുമ്പോള്‍ “സൂര്യകാന്തീ” എന്നു നീട്ടിയാണ് പാടുന്നത്.പാട്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഇങ്ങനെയല്ല. സൂര്യകാന്തിയുമായി കുറച്ച് അടുപ്പം നായികയ്ക്കു തോന്നിയതിന്റെ സ്വാതന്ത്ര്യത്തെ ധ്വനിപ്പിക്കുന്നു ഇത്.

പാട്ട് ആസ്വദിക്കാന്‍ ഇങ്ങനെയൊരു കീറിമുറിച്ചുള്ള വിശകലനം ആവശ്യമില്ല. പക്ഷെ നമ്മുടെയുള്ളില്‍‍ കയറിക്കൂടി കൊളുത്തിവലിയ്ക്കുമ്പോള്‍ വിസ്മയത്തിനവകാശമുണ്ട്.