21. നീലക്കുയിൽ
(1954 നവംബർ)
സംവിധാനത്തിനു പുറമേ രണ്ടുബാദ്ധ്യതകൾ കൂടിയുണ്ട് ഭാസ്കരനീ ചിത്രത്തിൽ. അതിൽ പാട്ടെഴുതുന്ന ചുമതല അദ്ദേഹം സ്തുത്യർഹമാം വിധം നിർവ്വഹിച്ചിട്ടുമുണ്ട്. മലയാളചിത്രഗാനരചയിതാക്കളിൽ പ്രമുഖനായ ഭാസ്കരൻ പലപ്പോഴും ‘ആർക്കാനുംവേണ്ടി ഓക്കാനിക്കുന്ന’ മട്ടിൽ പാട്ടെഴുതിയിട്ടുണ്ട്. എന്നാൽ ഇത്തവണ അദ്ദേഹമെഴുതിയ ഗാനങ്ങൾ മിക്കതും മികച്ചവയാണ്, അർത്ഥത്തിലും മാധുര്യത്തിലും. കഥയുടെ അന്തരീക്ഷത്തെ വേണ്ടവിധം ദ്യോതിപ്പിച്ചുകൊണ്ടുള്ള ഗാനങ്ങൾക്കു മിക്കതിനും ഒരു ഗ്രാമീണസൌന്ദര്യം കൈവന്നിരിക്കുന്നു. “എല്ലാരും ചൊല്ലണ് കല്ലാണീ നെഞ്ചിലെന്ന്” എന്ന ഗാനത്തിലെ കവിത പാതിയായപ്പോൾ നിന്നുപോയത് സങ്കടമായി. “കായലരികത്ത് വലയെറിഞ്ഞപ്പൊ വളകിലുക്കിയ സുന്ദരീ” എന്ന മൊയ്തുവിന്റെ പ്രേമഗാനം തികച്ചും ഒന്നാന്തരമാണ്.
ഒമ്പതു പാട്ടുകളുള്ളതിൽ ‘ഉണരുണരൂ ഉണ്ണിക്കണ്ണാ’ എന്ന ശാന്ത പി. നായർ പാടിയ പാട്ടാണ് ഏറ്റവും കർണ്ണാനന്ദകരം, പൊതുജനശ്രദ്ധയെ അത്യധികം ആകർഷിക്കുന്ന പാട്ട് രാഘവൻ പാടിയ ‘കായലരികത്ത്’ തന്നെയാണെന്നതിനു പക്ഷാന്തരമില്ലെങ്കിലും. ‘അമ്മ’യിൽ ഒന്നാന്തരമൊരു മാപ്പിളപ്പാട്ട് പാടി ജനസമ്മതിനേടിയ ബാലകൃഷ്ണമേനോന് ഈ പാട്ടുപാടാനൊരു പിന്നണിഗായകനെ തേടിയതിന്റെ രഹസ്യം മാത്രം മനസ്സിലായില്ല. അജ്ഞാതഗായകൻ പാടുന്ന ‘എങ്ങിനെ നീ മറക്കും കുയിലേ’ എന്ന ഗാനം കോഴിക്കോട് അബ്ദുൽഖാദർ സ്വതസിദ്ധമായ മധുരഗംഭീരസ്വരത്തിൽ പാടിയിരിക്കുന്നു. ചുരുക്കം ചിലയിടങ്ങളിൽ പശ്ചാത്തലസംഗീതം വേണ്ടതിൽക്കവിഞ്ഞുയർന്നു എന്നതൊഴികെ കെ. രാഘവന്റെ സംഗീതസംവിധാനം നന്നായിട്ടുണ്ട്. മിക്ക ട്യൂണുകൾക്കും ഹൃദ്യതയുണ്ടു താനും. മാപ്പിളപ്പാട്ടിന്റെ ‘വോള്യും’ അൽപ്പമധികമായിപ്പോയതു സാരമില്ലെന്നു വയ്ക്കാം.
22. ബാല്യസഖി (1955 ജനുവരി)
തിരുനൈനാർ കുറിച്ചിയുടെ ഗാനങ്ങൾ, ബ്രദർ ലക്ഷ്മണന്റെ സംഗീതസംവിധാനംപിന്നണിയിൽ നിന്നുള്ള പാട്ട്, ചന്ദ്രശേഖരന്റെ നൃത്തസംവിധാനം ഇവയെല്ലാറ്റിനെക്കുറിച്ചും മോശമല്ലെന്നേ പറഞ്ഞുകൂടൂ.
23. സ്നേഹസീമ(1955 ഫെബ്ര് വരി)
അഭയദേവ് എഴുതിയ പതിമൂന്ന് പാട്ടുകളുണ്ട് ഈ ചിത്രത്തിൽ. ഇത്രയധികം പാട്ടുകൾ പ്രകൃതചിത്രത്തിനു ആവശ്യമാണോ എന്ന ശങ്ക ബാക്കിയാണ്. ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനന്ത്തിനു കുറ്റം പറഞ്ഞുകൂടെങ്കിലും സ്മരണയിൽ ചിരകാലം തങ്ങിനിൽക്കുന്നവിധം ഇമ്പം കലർന്ന ട്യൂണുകളൊന്നും ഈ ചിത്രത്തിനു അഭിമാനിക്കാനില്ലെന്നത് വാസ്തവമാണ്. ‘കനിവോലും കമനീയ ഹൃദയം’, ‘മാനം തെളിഞ്ഞു മഴക്കാറു മാഞ്ഞു’, ‘പോയ്‌വരൂനീ’ എന്നീ ലീല പാടുന്ന പാട്ടുകൾ പോലെ ‘ജഗദീശലീലകളാരറിവൂ’ എന്ന ഭിക്ഷുവിന്റെ പാട്ടും കേൾക്കാൻ സുഖമുണ്ട്.
(‘കണ്ണും പൂട്ടിയുറങ്ങുക നീയെൻ” എന്ന താരാട്ടു പാട്ട് പ്രസിദ്ധമായത് പിന്നീടാണ്. സംഗീതം കൊണ്ട് പിടിച്ചെടുക്കാൻ മാത്രം ശ്രദ്ധയാകർഷിക്കുന്ന ഒന്നും ആ പാട്ടിലിലെന്നാണ് സിനിക്കിനു തോനിയത്.പാട്ടു പിന്നീട് പോപുലർ ആയ്ത് മറ്റുകാര്യങ്ങൾ കൊണ്ടായിരിക്കണം. ഇതു കമ്പോസ് ചെയ്തത് ദക്ഷിണാമൂർത്തി അല്ല്ലെന്ന് ഒരു വാദമുണ്ട്. ‘കനിവോലും കമനീയ ഹൃദയം യേശുമിശിഹാതൻ തിരുവുള്ളം അതുപോലെ വേറുണ്ടോ’ ക്രിസ്ത്യൻ ഭക്തിഗാനങ്ങളിൽ മികച്ചത് ആയി കൊണ്ടാടപ്പെടേണ്ടതായിരുന്നു. കൃത്യമായി ശാസ്ത്രീയചിട്ടവട്ടങ്ങളിൽ കമ്പോസ് ചെയ്തതുകൊണ്ടായിരിക്കണം, പിന്നീട് ശ്രദ്ധിക്കപ്പെട്ടില്ല)
അടുത്തടുത്തിറങ്ങിയ ‘ബാല്യസഖി’ യുടേയും ‘സ്നേഹസീമ’യുടേയും കഥ ഏകദേശം ഒന്നു തന്നെയാണെന്നുള്ളത് വിചിത്രമാണ്.
24. കിടപ്പാടം (1955 മാർച്ച്)
മുതുകുളത്തിന്റെ സംഭാഷണവും അഭയദേവിന്റെ ഗാനങ്ങളും ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനന്വുമെല്ലാം പതിവിൻ പടി തന്നെ. രാജ പാടുന്ന“ “കുങ്കുമച്ചാറുമണിഞ്ഞ്”, “അഭിമാനം വെടിയാതെ” എന്നീ പാട്ടുകൾ കേൾക്കാൻ രസമുണ്ടെങ്കിലും ബേബി ഗിരിജയോടങ്ങിനെ വളഞ്ഞുപിരിയാൻ പറയേണ്ടിയിരുന്നില്ല.
(‘കുങ്കുമച്ചാറുമണിഞ്ഞ് പുലർകാലമങ്ക വരുന്നല്ലോ’ അക്കാലത്ത് ജനസമ്മതിയാർജ്ജിച്ച പാട്ടായിരുന്നു)
25. ഹരിശ്ചന്ദ്രൻ
(1955 ഏപ്രിൽ)
തിരുനൈനാർകുറിച്ചി എഴുതിയ പതിനഞ്ചു പാട്ടുകളുണ്ടിതിൽ. അവയിൽ ചിലതു കൊള്ളാം. ബ്രദർ ലക്ഷ്മണന്റെ സംഗീതസംവിധാനം പ്രായേണ കർണ്ണാടക വഴിയാണ് സ്വീകരിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതത്തിനു വേണ്ട ഒതുക്കം പാലിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുമുണ്ട്. പിന്നണിയിൽ നിന്നു പാടുന്ന ലീല, ശാന്ത, ഗോപാലൻ നായർ മുതലായവരുടെ പാട്ടുകളിൽ ചിലതൊക്കെ നന്നായിട്ടുണ്ട്. “ശാമ” യിൽ പാടിയ ആ രണ്ടു പാട്ടുകൾ കർണ്ണാടകസംഗീതപ്രിയന്മാർക്കു ശ്രദ്ധേയമായി തോന്നാനിടയുണ്ട്.
(“ശാമ’ രാഗത്തിൽ പാടിയ “ആത്മവിദ്യാലയമേ” യും “ആരുവാങ്ങും ഈ മനോജ്ഞനാരിമാർമണിയേ“ യും ആണ് സിനിക്ക് പരാമർശിച്ചിരിക്കുന്നത്. “ആത്മവിദ്യാലയമേ’ എന്തു ഇടമാണ് മലയാളസിനിമാഗാനചരിത്രത്തിൽ നേടിയതെന്ന് വിസ്തരിക്കേണ്ടതില്ല. ‘മാനസ സഞ്ചരരേ” എന്ന പ്രസിദ്ധ കീർത്തനത്തിന്റെ ട്രൂ കോപ്പിയാണിതെങ്കിലും. കുമാരനാശാന്റെ “കഷ്ടം സ്ഥാനവലിപ്പമോ പ്രഭൃതിയോ സജ്ജാതിയോ വംശമോ …. ഇവിടമാണദ്ധ്യാത്മവിദ്യാലയം” എന്ന ശ്ലോകത്തിലെ ആശയങ്ങൾ പിൻപറ്റിയാണ് ഈ ഗാനം രചിക്കപ്പെട്ടതെന്നുള്ളതും സാർവ്വത്രികശ്രദ്ധ പിടിച്ചുപറ്റാൻ കാരണമായി. ഇതു പാടിയ കമുകറയുടെ പേരേ വിട്ടുകളഞ്ഞു സിനിക്ക്).
Forums