രാജീവ് ഓ.എന്‍.വി
ശ്രീ ഓ.എന്‍.വി കുറുപ്പിന്‍റ്റേയും ശ്രീമതി പി.പി സരോജിനിയുടേയും മകന്‍. തിരുവനന്തപുരം ഹോളി ഏഞ്ചല്‍ കോണ്‍വെന്‍റ്റിലും സെയ്ന്‍റ്റ് ജോസഫ്സ് ഹൈസ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം. മാര്‍ഇവാനിയോസ് കോളേജില്‍ നിന്നും ബിരുദം, കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും എംബി.എ. ചെറുപ്പത്തിലേ സംഗീതം അഭ്യസിച്ചു. ഇന്ത്യന്‍ റെയില്‍വെ ഉള്‍പ്പെടെ വിവിധമേഘലകളില്‍ സേവനമനുഷ്ടിച്ചിട്ടുണ്ട്. 'ഏ.കെ ജി' എന്ന ചിത്രത്തിലൂടെ മലയാളസിനിമയില്‍ സംഗീതസംവിധായകനായ് അരങ്ങേറ്റം കുറിച്ചു.
ഭാര്യ ദേവിക, മകള്‍ അപര്‍ണ്ണ.
രാജീവ് ഓ.എന്‍.വിയുടെ പാട്ടുകള്‍ക്കായി സന്ദര്‍ശിക്കുക:
ഓ.എന്‍.വി സാര്‍ സംഗീതത്തെ മനസ്സാല്‍ വരിച്ച കാമുകനാണ്. താങ്കളുടെ മുത്തച്ഛന്‍റ്റെ ആഗ്രഹമായിരുന്നു മകന്‍ സംഗീതം പഠിയ്ക്കണം എന്നത്. അതിനു കഴിഞ്ഞില്ലെങ്കിലും, സംഗീതത്തെപ്പറ്റി ഒരു സഞ്ചിതാവബോധം (cumulative awareness) അദ്ദേഹത്തിനുണ്ട്. താങ്കളുടെ സംഗീതാഭിരുചിയും ഒരു നല്ല പങ്കുവഹിച്ചിട്ടുണ്ടാവുമെങ്കിലും, തനിയ്ക്കു കഴിയാതിരുന്നത് മകനിലൂടെ സഫലമാക്കുക എന്നൊരു ആഗ്രഹചിന്തയും താങ്കളുടെ സംഗീതപഠനത്തിനു പിന്നിലുണ്ടായിരുന്നോ?
അച്ഛന്‍റ്റെ നടക്കാതെ പോയ സ്വപ്‌നമാണ് എന്‍റ്റെ സംഗീതപഠനത്തിനു പിന്നില്‍. എന്നാല്‍ അച്ഛന്‍റ്റെ ഉള്ളില്‍ അന്തര്‍ലീനമായ ഒരു സംഗീതബോധം ഉണ്ട്—കവിതകളില്‍ ആ സംഗീതം നിറഞ്ഞുനില്ക്കുന്നു. വളരെ ചെറിയപ്രായത്തില്‍ത്തന്നെ എന്നെ സംഗീതം അഭ്യസിപ്പിച്ചു. ശ്രീമതി ജയലക്ഷ്മി ശ്രീനിവാസന്‍ ആയിരുന്നു ആദ്യഗുരു. പിന്നീട്, യശ:ശരീരനായ ശ്രീ ചേര്‍ത്തല ഗോപാലന്‍ നായര്‍, അതിനു ശേഷം ശ്രീ ആലപ്പി ശ്രീകുമാര്‍. ശ്രീമതി ഉഷാ ചടേഗ എന്ന ഗുരുവില്‍ നിന്നും കുറച്ചു ഹിന്ദുസ്ഥാനി സംഗീതവും പഠിയ്ക്കുവാന്‍ സാധിച്ചു.
ചെറുപ്പകാലത്തെക്കുറിച്ചുള്ള നല്ല ചില ഓര്‍മ്മകള്‍?
ചെറുപ്പകാലത്തെ നല്ല ഓര്‍മ്മകളില്‍ മുഖ്യമായും അച്ഛന്‍റ്റെ ഗാനങ്ങളുടെ സൃഷ്ടിയുടെ പശ്ചാത്തലമുണ്ട്. ഓര്‍മ്മവെച്ചനാള്‍ മുതല്‍ കണ്ടുപരിചയിച്ചത് അച്ഛന്‍ പല സംഗീതസംവിധായകരുമായി ഒരുമിച്ചിരുന്നു പാട്ടുണ്ടാക്കുന്ന രംഗങ്ങളാണ്. ദേവരാജന്‍ മാസ്റ്ററില്‍ത്തുടങ്ങി, എം.ബി ശ്രീനിവാസന്‍, സലീല്‍ ചൌദരി, ഇളയരാജ തുടങ്ങി നിരവധി പ്രതിഭകള്‍ അച്ഛനൊപ്പമിരുന്നു സംഗീതം ചെയ്യുന്ന ഓര്‍മ്മകള്‍ മനസ്സില്‍ പതിഞ്ഞു കിടക്കുന്നു.
ഓ.എന്‍. വി സാറിന്‍റ്റെ കവിതകളില്‍ താങ്കളെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട് (ഉദാ: ചോറൂണ്, നിളാതീരത്തുവീണ്ടും). "ഭൂമിതന്നുപ്പായ് വളരുക" എന്ന് അദ്ദേഹം കവിതയിലൂടെ ആശംസിക്കുന്നു. സ്നേഹിച്ചുതീരാത്ത കവിയുടെ കവിതകളില്‍ താങ്കളുടെ അമ്മ നിത്യസാന്നിദ്ധ്യമാണ്. കവി, ദൂരെയാപ്പാളങ്ങള്‍ നോക്കിയിരിക്കുന്നത് പേരക്കിടാവിന്‍റ്റെ നെറുക തലോടിയാണ്, പിന്നെ അപര്‍ണ്ണ എന്ന കവിതയും. ചോറൂണു പോലെയുള്ള കവിതകള്‍ പിന്നീടു വായിച്ചപ്പോള്‍ എന്തു തോന്നി?
എന്നെപ്പറ്റിപ്പരാമര്‍ശിച്ചിട്ടുള്ള കവിതകള്‍ വൈകിവന്ന വായനയിലൂടെയാണു തിരിച്ചറിഞ്ഞത്. ഞാന്‍ ആ കവിതകളുടെ പശ്ചാത്തലത്തിലെ ഒരംശമാണെന്നറിയുന്നത് അഭിമാനവും സന്തോഷവും പകരുന്നു. പിന്നീട് എന്‍റ്റെ മകളുള്‍പ്പെടെ മൂന്നുപേരക്കുട്ടികളെക്കുറിച്ചും അച്ഛന്‍ കവിതയെഴുതിയിട്ടുണ്ട്.
ഓര്‍ക്കുന്നുണ്ടോ, ഇതച്ഛനെഴുതിയപാട്ടാണ് എന്ന തിരിച്ചറിയലോടെ ആസ്വദിച്ച ആദ്യഗാനം?
ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ആ തിരിച്ചറിവായിരുന്നു പ്രധാനം. കാരണം വീട്ടില്‍ എപ്പോഴും എഴുത്തിന്‍റ്റേയും സംഗീതത്തിന്‍റ്റേയും തിരക്കായിരുന്നു. പിന്നീടു പലപുരസ്കാരങ്ങളും അച്ഛനെത്തേടിയെത്തുമ്പോഴും കൂടുതല്‍ സന്തോഷത്തോടെയും അഭിമാനത്തോടെയും ആ തിരിച്ചറിവ് ഉണ്ടായിട്ടുണ്ട്.
പാട്ടുകള്‍/കവിതകള്‍ സ്വന്തമീണത്തില്‍ മൂളിനോക്കാറുണ്ടായിരുന്നോ?
ഉവ്വ്, രഹസ്യമായി. സ്കൂളില്‍ പഠിയ്ക്കുമ്പോള്‍ അച്ഛന്‍റ്റെ ഗാനസമാഹാരത്തിലെ പാട്ടുകള്‍ക്ക് ഈണം നല്കാന്‍ ചില വിഫലശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പിന്നീട് മകള്‍ക്ക് മത്സരങ്ങളിലും ചില അരങ്ങുകളിലും അവതരിപ്പിക്കുവാന്‍ വേണ്ടി കവിതകള്‍ക്ക് ഈണം നല്കിയപ്പോഴാണ് ഇതെനിയ്ക്കും സാധിക്കും എന്നു തോന്നിയത്.
ഓ.എന്‍.വി സാറിന്‍റ്റെ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകള്‍?
ധാരാളം പാട്ടുകളുണ്ട്. എന്നാലും ചില വ്യക്തിപരമായ കാരണങ്ങളാല്‍ ഇഷ്ടമായവ: മാണിക്യവീണയുമായെന്‍, ഓര്‍മ്മകളേ കൈവളചാര്‍ത്തി, എന്‍റ്റെ കടിഞ്ഞൂല്‍ പ്രണയകഥയിലെ, ശ്യാമമേഘമേ നീയെന്‍, കാതില്‍ തേന്മഴയായ്.
ഓ.എന്‍.വി സാറിന്‍റ്റെ പാട്ടുകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുന്ന പാട്ടുകള്‍?
അതും ധാരാളമുണ്ട്. ഭാസ്കരന്‍മാഷിന്‍റ്റേയും, വയലാറിന്‍റ്റേയും, ശ്രീകുമാരന്‍ തമ്പിയുടേയും പാട്ടുകള്‍. ഒരുപുഷ്പം മാത്രമെന്‍, സന്യാസിനീ, പൊന്‍വെയില്‍ മണിക്കച്ച എന്നിവ അവയില്‍ ചിലതുമാത്രമാണ്.
ഔദ്യോഗിക ജീവിതത്തെപ്പറ്റി? ഔദ്യോഗികജീവിതത്തിലെത്തിരക്കുകള്‍ക്കിടയില്‍ ഉള്ളിലെ സംഗീതവാസന പ്രയോഗിക്കുവാന്‍ കഴിയുന്നില്ല എന്നു തോന്നിയിരുന്നോ?
ഒരു ബാങ്കോഫീസര്‍ ആയിട്ടാണു തുടക്കം. ആ ജീവിതവുമായി ഒട്ടും പൊരുത്തപ്പെടാന്‍ വയ്യാതെ മറ്റൊരു മേഘലയിലേക്കു മാറി. സി.എം.ഡി എന്ന സ്ഥാപനത്തില്‍ മാനേജ്‌മെന്‍റ്റ് പരിശീലകനായി മൂന്നു വര്‍ഷം. അവിടെയിരിക്കുമ്പോഴാണ് സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയതും, തുടര്‍ന്നു ഇന്ത്യന്‍ റെയില്‍വേ സര്‍വ്വീസില്‍ ഉദ്യോഗസ്ഥനായതും. മറ്റുപല സ്ഥാപനങ്ങളിലും ജോലിചെയ്യുവാന്‍ സാധിച്ചു. റെയില്‍വേ മാത്രമല്ല, സംസ്ഥാനഗവര്‍മെന്‍റ്റിന്‍റ്റെ കീഴിലും. സംഗീതം കളയാതെ കൊണ്ടുനടക്കുവാന്‍ സാധിച്ചു എന്നതു ഒരു വലിയ നേട്ടമായി കരുതുന്നു. പക്ഷേ, കൂടുതല്‍ ഗൌരവമായി സംഗീതത്തിന്‍റ്റെ വഴിയില്‍ വ്യപരിക്കുവാന്‍ കഴിഞ്ഞിരുന്നില്ല-ആഗ്രഹമുണ്ടായിരുന്നിട്ടു കൂടി.
ആദ്യമായി ട്യൂണ്‍ ചെയ്ത പാട്ട്? സന്ദര്‍ഭം?
അഞ്ചുവര്‍ഷങ്ങള്‍ക്കുമുന്‍പ് ബാഗ്ലൂരിലേയ്ക്ക് സ്ഥലംമാറ്റമായി പോകേണ്ടിവന്നു. തനിച്ചിരിക്കുമ്പോള്‍ ചില ഈണങ്ങള്‍ മനസ്സില്‍ വരും. അതു പാടിനോക്കും. അച്ഛനോടൊരു പാട്ടുചോദിച്ചു—ഒന്നു വെറുതേ ഈണമിടാന്‍. ആ പാട്ട്, അച്ഛനേയും വീട്ടിലെ മറ്റുള്ളവരേയും പാടിക്കേള്‍പ്പിച്ചപ്പോള്‍ നല്ല അഭിപ്രായം പറഞ്ഞു. വീണ്ടും ചെയ്യാന്‍ അതൊരു പ്രചോദനമായി. അങ്ങനെ ഒന്നൊന്നായി എട്ടു ഗാനങ്ങള്‍ സംഗീതം നല്കി റെക്കോര്‍ഡ് ചെയ്തു. അത് ഒരു ആല്‍ബം എന്ന ആശയത്തിലേക്കു വഴിതെളിച്ചു—പറയൂ പതുക്കെയെന്‍ കാതില്‍ എന്ന ആല്‍ബം.
പലപാട്ടുകളുടേയും കമ്പോസിങ് വേളകള്‍ക്കു താങ്കള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അത്തരം ഓര്‍മ്മകള്‍?
ഓര്‍മ്മകള്‍ നിരവധിയുണ്ട്. ദേവരാജന്‍ മാസ്റ്റര്‍ വീട്ടില്‍വന്നു നാടകഗാനങ്ങള്‍ ചിട്ടപ്പെടുത്തിപ്പാടുന്നത്, എംബി ശ്രീനിവാസനുമൊപ്പം പലചിത്രങ്ങളുടേയും കമ്പോസിങ് (ഉള്‍ക്കടലിലെ ഗാനങ്ങളുള്‍പ്പെടെ), സലീല്‍ ചൌദരിയോടൊപ്പം അച്ഛന്‍ ചെയ്ത മിക്കവാറും എല്ലാ ചിത്രങ്ങളും, അദ്ദേഹത്തിന്‍റ്റെ ഒടുവിലത്തെ ചിത്രമായ തുമ്പോളിക്കടപ്പുറം ഉള്‍പ്പെടെ, ഇളയരാജായുമായി ഓളങ്ങള്‍ എന്ന ചിത്രത്തിന്‍റ്റെ കമ്പോസിങ്. അങ്ങനെ നിരവധി മുഹൂര്‍ത്തങ്ങള്‍.
കഴിഞ്ഞതലമുറയിലെ സംഗീതസംവിധായകരെക്കുറിച്ചുള്ള വ്യക്തിപരമായ ഓര്‍മ്മകള്‍?
ദേവരാജന്‍ മാസ്റ്റര്‍ വീട്ടിലെ ഒരു അംഗത്തെപ്പോലെയായിരുന്നു. എന്നെ ഒരുപാടു ലാളിച്ചിട്ടുണ്ട് കുട്ടിക്കാലത്ത്, പിന്നീട് എന്‍റ്റെ മകള്‍ക്കും ആ വാത്സല്യം നല്കി. എം.ബി എസ്, സലില്‍ദ തുടങ്ങിയവരും അച്ഛനുമായി ആത്മബന്ധമുണ്ടായിരുന്നു. സലില്‍ദയുടെ കുടുംബവുമായി ഇന്നും ആ ബന്ധം നിലനിര്‍ത്തുന്നു. ആന്തരാ ചൌദരി എന്നോടൊപ്പം പല അരങ്ങുകളിലും പാടിയിട്ടുണ്ട്.
ക്രിക്കറ്റിനെപ്പറ്റിപ്പറയുന്നോ? സച്ചിന്‍റ്റെ ആരാധകനാണെന്നറിയാം....
ഒരുപക്ഷേ സംഗീതം ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ക്രിക്കറ്റിലേക്കു തിരിഞ്ഞേനേ. അത്രയേറെ ഞാന്‍ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍ കളിക്കുംതോറും ഒച്ചയടപ്പു കൂടി വന്നപ്പൊള്‍ നിര്‍ത്തേണ്ടി വന്നു. ഇപ്പോളും ഇടയ്ക്കു ചില അവസരങ്ങള്‍ കിട്ടുമ്പോള്‍ കളിക്കാറുണ്ട്. ക്രിക്കറ്റ് മത്സരങ്ങള്‍ ആവേശത്തോടെ കാണാറുമുണ്ട്.
ഇതുവരെയുള്ള പ്രോജ്ക്ടുകള്‍ എന്തെല്ലാമാണ്?
അച്ഛന്‍റ്റെ ഗാനങ്ങള്‍ ഉള്‍പ്പെട്ട "പറയൂ പതുക്കെയെന്‍ കാതില്‍ " എന്ന ആല്ബം, അച്ഛന്‍റ്റെ കവിതകളുടെ സംഗീതാവിഷ്കാരമായ "ഞാനെന്ന ഗാനം," തുടങ്ങി ചില ആല്ബങ്ങള്‍, ഷാജിയെന്‍കരുണിന്‍റ്റെ "എ.കെ.ജി" എന്ന ചിത്രത്തിനുവേണ്ടി സംഗീതം നല്കി ആദ്യമായി സിനിമാരംഗത്തേയ്ക്കു പ്രവേശിച്ചു. പിന്നീടു "കളഭമഴ" എന്ന ചിത്രത്തിനു സംഗീതം നല്കി. ഈ ചിത്രം ഉടനെ റിലീസാകും. കെ കെ ചന്ദ്രന്‍ എന്ന സംവിധായകന്‍റ്റെ "നിറങ്ങള്‍ നിഴലുകള്‍" എന്ന പുതിയ ചിത്രത്തിനും സംഗീതം നല്കിക്കഴിഞ്ഞു.
സംഗീതവും സാഹിത്യവും ഒരു നല്ല ഗാനത്തിന്‍റ്റെ പിറവിയ്ക്കു തുല്യപങ്കുവഹിക്കുന്നു. എങ്കിലും ചിലഗാനങ്ങളെങ്കിലും ഈണത്തിലൂടെമാത്രം/ വരികളിലൂടെ മാത്രം ശ്രദ്ധേയമാകാറുണ്ട്. ദേവരാജന്‍ മാസ്റ്റര്‍ ഒരുപടി മുകളില്‍ നിര്‍ത്തുന്നത് വരികളെയാണ്. താങ്കളുടെ കാഴ്ചപ്പാട്?
എഴുതിയ വരികള്‍ക്കും കവിതകള്‍ക്കും സംഗീതം നല്കുന്ന രീതിയാണ് എന്‍റ്റേത്. ഗാനം പലവുരി വായിച്ച ശേഷമാണ് അതിലെ സംഗീതം കണ്ടെത്തുന്നത്. നല്ല സാഹിത്യം നല്ല സംഗീതത്തിനു വഴിയൊരുക്കുന്നു. ദേവരാജന്‍ മാസ്റ്റര്‍ തീര്‍ച്ചയായും അതില്‍ അഗ്രഗണ്യനായിരുന്നു. ഇത്രയും മനോഹരമായി കവിതകള്‍ക്കു സംഗീതം നല്കിയ മറ്റാരുമില്ല. "തുഞ്ചന്‍ പറമ്പിലെത്തത്തേ," "സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന," "സുന്ദരസ്വപ്നമേ.." എന്നിവ ഉദാഹരണങ്ങളാണ്.
വരികള്‍ സ്വരപ്പെടുത്തിയുണ്ടാക്കിയവയാണ് താങ്കളുടെ പാട്ടുകള്‍. ഈണത്തിനനുസരിച്ച് വരികളെഴുതിയും ഇവിടെ നല്ല പാട്ടുകളുണ്ടായിട്ടുണ്ട്....താങ്കളുടെ കാഴ്ചപ്പാട്?
നല്ല ഈണം നല്ല സാഹിത്യത്തേയും വരിച്ചിട്ടുണ്ട്. ഉദാഹരണം സലില്‍ ചൌദരിയുടെ ഗാനങ്ങള്‍. അദ്ദേഹം അച്ഛനുമായി ചേര്‍ന്നുണ്ടാക്കിയ "സാഗരമേ ശാന്തമാക നീ," "ഓര്‍മ്മകളേ കൈവള ചാര്‍ത്തി" തുടങ്ങിയ ഗാനങ്ങള്‍ നല്ല ഈണങ്ങള്‍ക്കു പിറന്ന സാഹിത്യമാണ്. ഈണമോ സാഹിത്യമോ എന്നതല്ല പ്രശ്നം; വേണ്ടതു പ്രതിഭയാണ്.
മെലഡിയോടാണോ ഇഷ്ടം ? അപര്‍ണ്ണയും വിധുപ്രതാപും ആലപിച്ച "ഒരു ശേഫാലിപുഷ്പത്തിന്‍" എന്ന പാട്ടില്‍ ദ്രുതതാളത്തില്‍ ചാലിച്ച മെലഡി കാണാന്‍ കഴിയും...
കൂടുതല്‍ ഇഷ്ടം മെലഡി തന്നെ. എന്നാല്‍ പാശ്ചാത്യസംഗീതത്തിലെ നല്ല താളങ്ങളോട് എനിയ്ക്ക് ഭ്രമമാണ്. കോളേജ് ജീവിതത്തിനിടയില്‍, പാട്ടിനോടൊപ്പംതന്നെ വെസ്റ്റേണ്‍ മ്യൂസിക് പരിപാടികള്‍ക്കായി ജാസ് ഡ്രംസ് ധാരാളം വായിച്ചിരുന്നതു കൊണ്ടാവാം.
കളഭമഴയെക്കുറിച്ചു പറയൂ
സുകു മേനോന്‍ എന്ന സംവിധായകന്‍ വളരെ ആകസ്മികമായാണ് എന്‍റ്റെ സംഗീതജീവിതത്തിലേയ്ക്കു കടന്നുവരുന്നത്. "പറയൂ പതുക്കെയെന്‍ കാതില്‍" എന്ന ആല്ബം കേള്‍ക്കാനിടയായ അദ്ദേഹം തന്‍റ്റെ പുതിയ ചിത്രത്തിലേക്കായ് മുന്നു പാട്ടുകള്‍ ചെയ്തുകൊടുക്കണമെന്നാവശ്യപ്പെട്ടത് എന്‍റ്റെ ഒരു വലിയ ഭാഗ്യമായ് ഞാന്‍ കരുതുന്നു. വളരെ പതുക്കെ പൂര്‍ത്തിയായി വരുന്ന ഒരു ചിത്രമാണു "കളഭമഴ". ഒരുപാടു പ്രതീക്ഷകളും ഈ ചിത്രത്തിനോടൊപ്പമുണ്ട്.
അതൊരു അസുലഭകാര്യമല്ലേ? പിതാവിന്‍റ്റെ രചന, സ്വന്തം സംഗീതം, മകളുടെ ശബ്ദം....?
തീര്‍ച്ചയായും. ഒരുപക്ഷേ വളരെ അപൂര്‍വ്വമായി സംഭവിക്കുന്നത്.
എങ്ങനെയാണ് ഒരുപാട്ടു ചിട്ടപ്പെടുത്തുന്നത്?
സഹായത്തിനു കീബോര്‍ഡ് ഉപയോഗിക്കുമെങ്കിലും, പാടിയാണു ഞാന്‍ സംഗീതം നല്കുന്നത്. ഒരു ഈണം കിട്ടിയാല്‍ അതു പാടി റെക്കോഡുചെയ്യും. പിന്നീടു കേട്ടു നോക്കി, ആവശ്യത്തിനു മാറ്റങ്ങളോടെ പിന്നെയും പാടും. അങ്ങനെ പലതവണ പാടിനോക്കിയതിനു ശേഷമാണ് ഒരു ഈണം ഉറപ്പിക്കുന്നത്. രാഗം ഈണത്തിലൂടെ വരുന്നതാണ്. ചില രാഗങ്ങള്‍ ആ സന്ദര്‍ഭത്തിനും ഗാനത്തിനും ആവശ്യമാണെന്നു തോന്നിയപ്പോള്‍ മാത്രം ഉപയോഗിച്ചിട്ടുണ്ട്.
മറ്റുഭാഷകളിലെ പ്രിയഗാനങ്ങള്‍ ?
ഹിന്ദിഗാനങ്ങളോടാണ് എനിയ്ക്ക് ഏറെ പ്രിയം. റഫി, കിഷോര്‍, ഹേമന്ത് കുമാര്‍, തലത് മെഹമൂദ്, മുകേഷ് എന്നിവരുടെ പാട്ടുകള്‍ പാടാനാണ് കൂടുതല്‍ ഇഷ്ടം. സിവില്‍ സര്‍വ്വീസിലെ എന്‍റ്റെ വടക്കേയിന്ത്യന്‍ സുഹൃത്തുക്കളെ ഹിന്ദിഗാനങ്ങള്‍ പാടി അതിശയിപ്പിച്ചിട്ടുണ്ട്. ഒരു മലയാളിയ്ക്ക് എങ്ങനെ ഈ പാട്ടുകളെല്ലാം അറിയാം എന്ന് അവര്‍ക്ക് അത്ഭുതമായിരുന്നു.
പുതിയ പ്രോജക്ടുകള്‍?
ഗള്‍ഫിലെ ഒരു സുഹൃത്തിനുവേണ്ടിച്ചെയ്യുന്ന ഒരു ആല്ബം, ദേവീഭക്തിഗാനങ്ങളുടെ ഒരു ആല്ബം, കെ കെ ചന്ദ്രന്‍ എന്ന നവാഗത സംവിധായകന്‍റ്റെ ചിത്രം എന്നിവ സമീപഭാവിയിലെ പുതിയ പ്രോജ്ക്ടുകളാണ്.
നന്ദി ബൈജൂ