സ്നേഹപ്രവാഹം എന്ന ആൽബം ക്രിസ്ത്യൻ ഭക്തിഗാന വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമാണ്. 1983-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ ഗാനങ്ങൾ സിസ്റ്റർ മേരി ആഗ്‌നസ്, ബ്രദർ ജോൺ കൊച്ചുതുണ്ടിൽ, ഫാദർ മാത്യു മൂത്തേടം, ബ്രദർ ജോസഫ് പാറാംകുഴി, ബ്രദർ മാത്യു ആശാരിപ്പറമ്പിൽ എന്നിവർ എഴുതി, ഡോ: ജസ്റ്റിൻ പനക്കൽ സംഗീത സംവിധാനം നിർവ്വഹിച്ചതാണ്. 12 ഗാനങ്ങളുള്ള ഈ ഭക്തിഗാന ആൽബത്തിലെ 11 ഗാനങ്ങളും കെ ജെ യേശുദാസ് ആലപിച്ചിരിക്കുന്നു. ഒരു ഗാനം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. തരംഗിണി ഓഡിയോസ് ആണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
സ്നേഹപ്രവാഹം എന്ന ഈ ആൽബത്തെക്കുറിച്ചു മനോരമയിൽ 2015 ഡിസംബർ 25നു ഷാജൻ സി മാത്യു എഴുതിയ ലേഖനം ഇവിടെ വായിക്കാം. ലേഖനത്തിൽ നിന്നും.
തങ്ങൾക്കു ക്ലാസെടുത്തുകൊണ്ടിരിക്കുന്ന റവ. ഡോ. ജസ്റ്റിൻ പനയ്ക്കൽ അന്ന് എന്തോ നിരാശയിലാണെന്ന് ആലുവ മംഗലപ്പുഴ സെമിനാരിയിലെ വൈദിക വിദ്യാർഥികൾക്കു തോന്നി.
‘എന്തുപറ്റിയച്ചോ’ അവർ ചോദിച്ചു
അച്ചൻ പറഞ്ഞു. ‘ഒരു വലിയ സങ്കടം ഉണ്ട്. നിങ്ങൾ പാട്ടെഴുതി ഞാൻ ട്യൂണിട്ടുകൊണ്ടിരിക്കുന്ന ആൽബമുണ്ടല്ലോ. അതിലെ ഒരു ഗാനത്തിനുകൂടി ഞാൻ കഴിഞ്ഞ ദിവസം ഈണമിട്ടിരുന്നു. ഇന്നലെ പ്രശസ്ത മ്യൂസിക് ഡയറക്ടർ ....... ഇവിടെ വന്നിരുന്നു. ആ ട്യൂൺ ഒട്ടും കൊള്ളില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരുപാട് പ്രാർഥിച്ചശേഷം ചെയ്ത ട്യൂണാണ്.’
‘അച്ചൻ ആ ട്യൂണൊന്നു പാടിക്കേ...’ അവർ ആവശ്യപ്പെട്ടു.
അച്ചൻ പാടി. ‘മനോഹരമായിട്ടുണ്ടല്ലോ, ഇതു മതി...’ കുട്ടികളുടെ വാക്കുകൾ അച്ചന് ചെറിയ ആശ്വാസമായി. അടുത്ത ദിവസം പ്രശസ്ത വയലിനിസ്റ്റും സുഹൃത്തുമായ റെക്സ് ഐസക്കിനെ കണ്ടപ്പോൾ അച്ചൻ പറഞ്ഞു, ‘എനിക്കൊരു പുതിയ ട്യൂൺ പാടിക്കേൾപ്പിക്കാനുണ്ട്, അഭിപ്രായം സത്യസന്ധമായി പറയണം’. റെക്സ് സമ്മതിച്ചു. അച്ചൻ പാടി
‘പൈതലാം യേശുവേ
ഉമ്മവച്ചുമ്മവച്ചുണർത്തിയ
ആട്ടിടയർ, ഉന്നതരേ
നിങ്ങൾതൻ ഹൃത്തിൽ
യേശുനാഥൻ പിറന്നു....’
റെക്സ് പഞ്ഞു. ‘അച്ചോ, ഇത് സൂപ്പർ സൂപ്പർ സൂപ്പർ ഹിറ്റാകും...’
അച്ചൻ പറഞ്ഞു ‘റെക്സ് പറഞ്ഞാൽ എനിക്കു വിശ്വാസമാ. ഇതുതന്നെ ഇതിന്റെ ട്യൂൺ...’
റെക്സിന്റെ പ്രവചനം സത്യമായി. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി പൈതലാം യേശു. ഈ ഗാനം തീർക്കുന്ന താരാട്ടിന്റെ തൊട്ടിലിൽ നാം സമാശ്വസിതരാവുന്നു. 1984ൽ ക്രിസ്മസിന് തരംഗിണി ഇറക്കിയ ‘സ്നേഹപ്രവാഹം’ എന്ന ആൽബം തേടി എത്തുന്നവരുടെ എണ്ണം കാലം ചെല്ലുംതോറും ഏറിവരുന്നു. ആൽബത്തിൽ ഫാ. ജസ്റ്റിൻ പനയ്ക്കൽ ഈണം നൽകിയ 12 പാട്ടും മനോഹരം. പക്ഷേ, യേശുദാസ് പാടിയ 11 പാട്ടുകളേക്കാൾ ജനപ്രിയമായത് ചിത്ര പാടിയ ‘പൈതലാം യേശുവേ...’ ആണ്. എന്താണ് അതിന്റെ രഹസ്യം? പ്രശസ്തിക്കു പിടികൊടുക്കാതെ കോഴിക്കോട് മൂഴിക്കൽ ചെറുവറ്റയിലെ ‘പുഷ്പദാൻ’ എന്ന ഒസിഡി ആശ്രമത്തിൽ വിശ്രമജീവിതം നയിക്കുന്ന അച്ചൻ പറയുന്നു. ‘അത് എനിക്കും ഇന്നും പിടികിട്ടിയിട്ടില്ല. അതിലെ ‘കർത്താവാം യേശുവേ...’ എന്ന ഗാനമാണ് ഏറ്റവും മികച്ചതെന്നാണ് എന്റെ അഭിപ്രായം. ആഴമുള്ള സംഗീതം അതിന്റേതാണ്. യേശുദാസ് അതിമനോഹരമായി ആലപിച്ചിട്ടുമുണ്ട്. പരേതയായ സിസ്റ്റർ മേരി ആഗ്നസിന്റെ രചനയാണ് അത്. ആ പാട്ടു തന്നെയാണ് ആദ്യം റിക്കോർഡ് ചെയ്തതും.
11 പാട്ട് റിക്കോർഡ് ചെയ്തുകഴിഞ്ഞപ്പോൾ ഞാൻ ആൽബത്തിന്റെ നിർമാതാവു കൂടിയായ യേശുദാസിനോടു പറഞ്ഞു. ‘അടുത്ത പാട്ടിനു നമുക്കൊരു ഫീമെയിൽ ശബ്ദം വേണം.’ യേശുദാസ് പറഞ്ഞു. ‘തിരുവനന്തപുരത്ത് സംഗീത കോളജിൽ പഠിക്കുന്ന ഒരു കുട്ടിയുണ്ട് നമുക്ക് വിളിക്കാം.’
അടുത്ത ദിവസം ചിത്ര പിതാവിന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്നു തരംഗിണി സ്റ്റുഡിയോയിലേക്കു വരുന്നത് ഇന്നും ഓർമയുണ്ട്. ‘ആരാണു മ്യൂസിക് ഡയറക്ടർ’ എന്നു ചിത്രയുടെ പിതാവ് അന്വേഷിച്ചു. ഞാനാണ്, ഒരു പുരോഹിതനാണ് എന്നറിഞ്ഞപ്പോൾ മകളെ അവിടെ നിർത്തിയിട്ടു പിതാവ് മടങ്ങി. ഞാൻ ഹാർമോണിയം വായിച്ചു ചിത്രയെ പാട്ടു പഠിപ്പിച്ചു. (സിസ്റ്റർ മേരി ആഗ്നസ് ഒഴികെ ‘സ്നേഹപ്രവാഹ’ത്തിൽ പാട്ടെഴുതിയവരെല്ലാം മംഗലപ്പുഴ സെമിനാരിയിലെ എന്റെ ശിഷ്യരാണ്. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിൽ പുരോഹിതനായ ഫാ. ജോസഫ് പാറാങ്കുഴിയാണ് ‘പൈതലാം യേശുവേ...’ എന്ന മനോഹര രചന നിർവഹിച്ചത്.)
പാട്ടു പഠിച്ചുകഴിഞ്ഞപ്പോൾ ചിത്ര ചോദിച്ചു ‘അച്ചാ ഈ വരികളുടെ ഒരു പശ്ചാത്തലം എന്താണ്?’ മാതാവിന്റെ മടിയിലെ ഉണ്ണീശോയെ മനസ്സിൽ കണ്ട് ഒരു താരാട്ടു പാടിയാൽ മതി എന്നു ഞാൻ പറഞ്ഞു. രണ്ടുമണിക്കൂർ കഴിഞ്ഞായിരുന്നു റിക്കോർഡിങ്. ഈ സമയം മുഴുവൻ ചിത്ര ആരോടും ഒന്നും മിണ്ടിയില്ല. ഫസ്റ്റ് ട്രയൽ കഴിഞ്ഞു. അടുത്തത് ഫസ്റ്റ് ടേക്ക്. അദ്ഭുതം. പാട്ട് ഓകെ! യേശുദാസ് പോലും പല ടേക്കുകളിലൂടെയാണു പാട്ടുകൾ ശരിയാക്കിയത്. അപ്പോഴാണ് ഒരു കൊച്ചു പെൺകുട്ടി ഒറ്റ ടേക്കിൽ ഓകെയാക്കുന്നത്. ‘ഫാദർ ശരിയായോ, ഞാൻ വീണ്ടും പാടട്ടേ...’ എന്നായിരുന്നു ചിത്രയുടെ ചോദ്യം. ‘വേണ്ട മോളേ... ഞാൻ മനസ്സിൽ എന്ത് ആഗ്രഹിച്ചോ, അതു മോള് പാടി.’
യേശുദാസ് ശബരിമല ദർശനം നടത്തിയ കാലത്ത് ക്രിസ്ത്യൻ സഭയുടെ പല കോണുകളിൽനിന്ന് അദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. അക്കാലത്ത് കുവൈറ്റിൽ നടത്തിയ ഒരു ബൈബിൾ പ്രഭാഷണത്തിനിടയ്ക്ക് യേശുദാസിന്റെയും ലതാ മങ്കേഷ്കറിന്റെയും ആലാപന മഹത്വത്തെപ്പറ്റി ഫാ. ജസ്റ്റിൻ പരാമർശിച്ചിരുന്നു. പിറ്റേന്ന് യേശുദാസിന്റെ പരിപാടി കുവൈറ്റിൽ ഉണ്ടായിരുന്നു. ‘അയ്യപ്പദാസ്’ എന്നുവരെ പരിഹാസം ഏറ്റുവാങ്ങേണ്ടിവന്ന അക്കാലത്ത്, തന്നെ പ്രശംസിച്ചു സംസാരിച്ച പുരോഹിതനെ കാണാൻ യേശുദാസ് താൽപ്പര്യം പ്രകടിപ്പിച്ചു. അങ്ങനെയാണ് ഈ കൂട്ടുകെട്ടു പിറക്കുന്നതും തരംഗിണിയുടെ തളിർമാല്യം, സ്നേഹപ്രവാഹം, സ്നേഹസന്ദേശം എന്നീ ആൽബങ്ങളിൽ അച്ചൻ സംഗീതസംവിധാനം നിർവഹിക്കുന്നതും.
സ്നേഹപ്രവാഹം എന്ന ആൽബം ക്രിസ്ത്യൻ ഭക്തിഗാന വിഭാഗത്തിൽ ഏറ്റവും ശ്രദ്ധേയമാണ്. 1983-ൽ പുറത്തിറങ്ങിയ ഈ ആൽബത്തിലെ ഗാനങ്ങൾ സിസ്റ്റർ മേരി ആഗ്‌നസ്, ബ്രദർ ജോൺ കൊച്ചുതുണ്ടിൽ, ഫാദർ മാത്യു മൂത്തേടം, ബ്രദർ ജോസഫ് പാറാംകുഴി, ബ്രദർ മാത്യു ആശാരിപ്പറമ്പിൽ എന്നിവർ എഴുതി, ഡോ: ജസ്റ്റിൻ പനക്കൽ സംഗീത സംവിധാനം നിർവ്വഹിച്ചതാണ്. 12 ഗാനങ്ങളുള്ള ഈ ഭക്തിഗാന ആൽബത്തിലെ 11 ഗാനങ്ങളും കെ ജെ യേശുദാസ് ആലപിച്ചിരിക്കുന്നു. ഒരു ഗാനം കെ എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. തരംഗിണി ഓഡിയോസ് ആണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.