Pagination
- Previous page
- Page 5
- Next page
സത്യൻ അന്തിക്കാട്
രാഘവന് നായര്‍ (തിലകന്) എന്ന റെയില്‍വേ ഉദ്യോഗസ്ഥന്റെ റിട്ടയര്‍മെന്റ് ജീവിതത്തില്‍ നിന്നാണ് കഥ തുടങ്ങുന്നത്. ചോര നീരാക്കി തമിഴ്നാട്ടില്‍ പണിയെടുത്ത്, തന്റെ ഭാര്യ ഭാനുമതിയേയും (കവിയൂർ പൊന്നമ്മ) മക്കളായ പ്രഭാകരന് (ശ്രീനിവാസന്) പ്രകാശന് (ജയറാം) ലതിക (മാതു) എന്നിവരേയും കൂടാതെ ഇളയമകനെയും (രാഹുല്‍ ലക്ഷ്മണ്) മൂത്ത മകളേയും (കെ.പി.എസ്.സി ലളിത) വളർത്തുന്നത്. അതില്‍ മൂത്തമകളെ പോലീസുകാരനായ ആനന്ദന് (മാള അരവിന്ദന്) കല്യാണം കഴിക്കുന്നു. പ്രകാശനും ഐ.എന്‍.എസ്.പിയുടേയും, പ്രഭാകരന് ആർ.ഡി.പിയുടേയും സജീവ പ്രവർത്തകരാണ്. പ്രകാശന് ബിരുദധാരിയാണ്. പ്രഭാകരന് വക്കീലും, പക്ഷെ കോടതിയില്‍ പോകാറില്ല എന്നു മാത്രം. ഇളയമകന് സ്കൂളില്‍ പഠിക്കുന്നു. ലതിക പഠനം കഴിഞ്ഞ് വീട്ടില്‍ നില്ക്കുന്നു. അടുത്തുണ്ടായ പൊതുതിരഞ്ഞെടുപ്പില്‍ പ്രഭാകരന്റെ പാർട്ടി ദയനീയമായി പരാജയപെടുന്നു. അതിന്റെ നാണക്കേട് മൂലം പ്രകാശന്റെ മുഖത്ത് പോലും നോക്കാന്‍ കഴിയാതെ, പ്രഭാകരന് വീട്ടില്‍ പോലും കയറാതെ നടക്കുന്ന സമയത്താണ്, രാഘവന് നായർ ഔദ്യോഗിക ജീവിതവും കഴിഞ്ഞ് നാട്ടിലെത്തുന്നത്. മക്കള്‍ തമ്മിലുള്ള രാഷ്ട്രീയ മത്സരം വീട്ടില്‍ പോലും അരങ്ങേറുമ്പോള്‍, രാഘവന് നായർ കാര്യമറിയാതെ അവരെ പ്രോത്സാഹിപ്പിക്കുന്നു. ഐ.എന്‍.എസ്.പിയുടെ നേതാവ് പൊതുവാളും (മാമുക്കോയ) ആർ.ഡി.പിയുടെ നേതാവ് കുമാര പിള്ളയും (ശങ്കരാടി) ഇവരുടെ മത്സരത്തെ കൂടുതല്‍ കലുഷിതമാക്കിക്കൊണ്ടിരുന്നു. പാർട്ടി സിദ്ധാന്തത്തില്‍ നിന്നും ഒട്ടും പിന്നോട്ട് ചലിക്കാത്ത പ്രഭാകരന്, താന്‍ കല്യാണം കഴിക്കുന്ന കുട്ടി വരെ അങ്ങനെ ആകണം എന്ന് വാശിപിടിക്കുന്നു. ഇതിനിടയില്‍ എന്തു ചെയ്യണമെന്നറിയാതെ ഉഴലുകയാണ് രാഘവന് നായരും സുഹൃത്ത് അച്യുതന് നായരും (ഒടുവില്‍ ഉണ്ണിക്കൃഷ്ണന്) ഭാനുമതിയും. രാഷ്ട്രീയ പകയുടെ പേരില്‍ ആനന്ദനെ പ്രകാശന് സസ്പെന്റ് ചെയ്യിക്കുന്നതോടെ അവരും രാഘവന് നായരെ അഭയം പ്രാപിക്കുന്നു. സ്വന്തം സ്ഥലത്ത് കൃഷി ചെയ്ത് കുടുംബം പുലർത്താം എന്നു കരുതുന്ന രാഘവന് നായർ അതിനുള്ള ശ്രമം തുടങ്ങുന്നു. അവിടെ കൃഷി ആഫീസറായി ജോലി നോക്കാനെത്തുന്ന ഉദയഭാനു (സിദ്ദിഖ്) അദ്ദേഹത്തെ സഹായിക്കുന്നതോടെ പതുക്കെ കൃഷി പച്ചപിടിച്ച് തുടങ്ങുന്നു. അതിനിടയില്‍, ഉദയഭാനുവിന് ലതികയെ ഇഷ്ടമാവുകയും, അവളെ കല്യാണം കഴിക്കാന്‍ ഇഷ്ടമാണെന്നറിയിക്കുകയും ചെയ്യുന്നു. രാഷ്ട്രീയപരമായ കാരണങ്ങളാല്‍ പ്രകാശനും, പ്രഭാകരനും ഇതിലൊന്നും പങ്കെടുക്കുന്നില്ല. കൃഷിഭവനില്‍ പിരിവിനായി ചെന്ന പ്രകാശനേയും കൂട്ടരേയും ഉദയഭാനു തടയുന്നു. അങ്ങനെ കല്യാണത്തിന് ഏതാനും ദിവസം മുന്‍പേ ഉദയഭാനുവിന് കാസർഗോട്ടേക്ക് സ്ഥലം മാറ്റമാകുന്നു. ആരും പങ്കെടുക്കാത്ത ഒരു രജിസ്റ്റർ വിവാഹമായി അത് മാറുന്നു. അതിനിടെ പ്രഭാകരന് പാർട്ടി ആഫീസിനായി പണയം വയ്ക്കുന്ന വീടിനുമേല്‍ ബാങ്ക് ജപ്തിക്കൊരുങ്ങുന്നു. കനത്ത മാനസികാഘാതം മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ഭാനുമതി അമ്മയെ നോക്കാന്‍ പോലും പ്രകാശനും പ്രഭാകരനും രാഷ്ട്രീയ പ്രവർത്തനം മൂലം കഴിയുന്നില്ല. ആശുപത്രിയില്‍ നിന്നും ഭാനുമതി തിരിച്ചെത്തുന്നതോടെ മക്കളെ രാഘവന് നായർ വീടിന് പുറത്താക്കുന്നു. ഒടുവില്‍ സ്വന്തം തെറ്റുകള്‍ മനസ്സിലാക്കി മാനസാന്തരം വരുന്ന മക്കളെ രാഘവൻ നായർ കൂട്ടിക്കൊണ്ട് വരുന്നു. രാഷ്ട്രീയം വെടിഞ്ഞ് സ്വന്തം ജീവിതമാരംഭിക്കുന്നതോടെ ചിത്രം ശുഭപര്യവസായിയില്‍ എത്തുകയാണ്.