10. വിശപ്പിന്റെ വിളി
(1952 സെപ്റ്റംബർ)
‘അന്തർ നാടകങ്ങൾ’ എന്ന ഒരു പുതിയ ബോറുകൂടി മലയാളസിനിമയിൽ ഇറക്കുമതി ചെയ്ത കെ ആൻഡ് കെ. ആ ചടങ്ങു വളർത്തിക്കൊണ്ടു പോകാൻ ‘വിശപ്പിന്റെ വിളി’യിലും ശ്രദ്ധ വച്ചിട്ടുണ്ട്. ഇത്തവണ കശാപ്പുചെയ്യാൻ കവികുലാഗ്രിമന്മാർക്കിടയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് ചങ്ങമ്പുഴയാണ്. കാവ്യതല്ലജം രമണനും. കാവ്യത്തിന്റെ ഗാനാത്മകതയോ കവിയുടെ തൂലിക രചിച്ചിട്ടുള്ള പാസ്റ്ററൽ അന്തരീക്ഷത്തിന്റെ അകൃത്രിമ സൌന്ദര്യമോ അൽപ്പമെങ്കിലും പകർത്തിക്കാട്ടാൻ കെ. ആൻഡ് കെ. യ്ക്കു സാധിച്ചിട്ടില്ല. ചന്ദ്രികയേക്കാളേറെ ‘ഘനജഘന’നായി രമണനെ ഇറക്കിയതിന്റെ രഹസ്യം ഇനിയും ആരായേണ്ടിയിരിക്കുന്നു. ജീവിച്ചിരിക്കുമ്പോൾത്തന്നെ ചങ്ങമ്പുഴയേ വളരെയേറേ പൊറുതി മുട്ടിച്ചു മലയാളികൾ. മരിച്ചുകഴിഞ്ഞാലും അദ്ദേഹത്തെ സ്വസ്ഥമായി വിടില്ലെങ്കിലോ?
ഇതിലെ സംഭാഷണം നല്ലതെങ്കിലും ഗാനരചനയിൽ കവിതാഗുണം നന്നെ കഷ്ടിയാണ്. നിർമ്മാതാക്കളുടെ നിർദ്ദേശമനുസരിച്ചു മാത്രം ഗാനരചന നടത്തിയാൽ ഇത്രയൊക്കെയേ നന്നാവൂ എന്നുണ്ട്.. ‘വിശപ്പിന്റെ വിളി’ എന്ന പദങ്ങളുൾക്കൊള്ളിയ്ക്കാൻ വേണ്ടി ആദ്യഗാനത്തിൽ അഭയദേവ് പാടുപെടുന്നതു നോക്കണം. ‘കരയാതെന്നോമനക്കുഞ്ഞേ’ എന്നു തുടങ്ങുന്ന വിപ്ലവാത്മകരമായ താരാട്ടിന്റെ ശക്തിയത്രയും രംഗം അപ്രസക്തമായതിനാൽ ചോർന്നു പോയി. സംഗീതസംവിധായകനായ ദിവാകർ കർണ്ണാടിക് സംഗീതത്തെ വേണ്ടും വിധം മാനിച്ചിട്ടുണ്ടെന്നുള്ളത് ഈ ചിത്രത്തിലെ മറ്റൊരു ഭേദഗതിയാണ്. പക്ഷേ പാട്ടുകൾ പതിനൊന്നുണ്ടായിട്ടും ‘ആരിനിയാലംബമമ്മാ” എന്ന ഒരൊറ്റ പാട്ടേ കാതിൽ വീണു കരളിലേക്കൂറിച്ചെന്നുള്ളു.അപ്പോൾ ആ സംഗീതസംവിധാനത്തിൽ സാരമായ പാകപ്പിഴയുണ്ടെന്നു പറയാതെ പറ്റുമോ? മോഹൻ റാവുവിന്റെ എന്നപോലെ ദിവാകറിന്റേയും ഭയങ്കര പരാജയം ‘രമണൻ’ തൊട്ടു കളിച്ചപ്പോഴായിരുന്നു താനും.
(ഈ ചിത്രത്തോടു കൂടി അബ്ദുൽ ഖാദർ പ്രേംനസീർ ആയി. അദ്ദേഹത്തിന്റെ രണ്ടാമത്തെ ചിത്രം. വൻ ചരിത്രത്തിന്റെ ആരംഭം. സിനിക്ക് നിരീക്ഷിയ്ക്കുന്നു: “പ്രകൃതചിത്രത്തിലെ പ്രത്യേകം പറയേണ്ട ഒരു മേന്മയാണ് പ്രേംനസീീന്റെ സമുചിത ഭാവാവിഷ്കരണവും നീട്ടിവലിച്ച് അലങ്കോലപ്പെടുത്താത്ത സംഭാഷണരീതിയും. ആ ചെറുപ്പക്കാരന്റെ മുഖത്തു നിന്ന് മൈനർഛായ മാഞ്ഞുപോയിട്ടില്ല, ഇനിയും. പക്ഷേ കഥയിൽ കുറെ ഭാഗം ‘മൊയ്തീൻ’ ആയി പ്രച്ഛന്നവേഷത്തിൽ പുലരുന്നതിനാൽ ആ കോട്ടവും കുറെ നീങ്ങിയിട്ടുണ്ട്. വിരഹരംഗങ്ങളിൽ ആ മുഖത്തു വീശുന്ന കഠിനയാതനകളുടെ കരിനിഴലുകൾ കാണേണ്ടവയത്രെ.പ്രായപൂർത്തി വന്ന്, തെല്ലു പൌരുഷം കൂടി കൈവന്നാൽ പ്രേംനസീർ മലയാളചലച്ചിത്രവേദിയിലെ ഗണനീയ നടന്മാരിൽ ഒരാളാകാനിടയുണ്ട്—അതിനകം അനാശ്യാസമായ ഡംഭ് തലയ്ക്കു കനം ചേർത്തിട്ടില്ലെങ്കിൽ. മൊയ്തീൻ ശാരദയോട് “ പോ പെണ്ണേ, നെന്റെ പാടു നോക്ക്” എന്നു പറയുന്ന രംഗത്തിന്റെ ആസ്വാദ്യത ഒന്നു പ്രത്യേകമാണ്.“)
11. കാഞ്ചന (1952 നവംബർ)
തമിഴു ചിത്രങ്ങളുടെ പതിവു നോക്കുമ്പോൾ ഇതിൽ ഗാനങ്ങൾ കുറവാണ്. ഇതിലെ ഏറ്റവും ശ്രദ്ധേയമായ ഗാനം “മായേ” എന്ന സുപ്രസിദ്ധ കീർത്തനമാണ്. പത്മിനി മോഹനനു ചോറു കൊടുക്കുമ്പോൾ പാടിയ അമ്പിളി അമ്മാമനെ വിളിച്ചുള്ള പാട്ടും ശ്രവണമധുരമായിരുന്നു. പിന്നണിയിൽ നിന്നു പാടിയതിൽ പെരിയനായകിയേക്കാളും വിജയിച്ചതു വസന്തകുമാരിയാണ്. പ്രായേണ ഹിന്ദി ട്യൂണുകളില്ലാതെ ഇതിലെ സംഗീതസംവിധാനം നിർവ്വഹിച്ചതിൽ സുബ്ബയ്യാനായിഡുവിനു അഭിമാനത്തിനവകാശമുണ്ടെങ്കിലും പശ്ചാത്തലസംഗീതം പലയിടത്തും പൂർവ്വതലസംഗീതമാക്കിയതിന്നു അദ്ദേഹം നമ്മോട് ഉത്തരം പറയണം.
12. അച്ഛൻ (1953 ജനുവരി)
പലരും ഈയിടെയായി രചിയ്ക്കുന്ന ചലച്ചിത്രഗാനങ്ങൾ, എമ്പ്രാന്റെ ശാന്തി പോലെ “വേണമെങ്കിൽ---തിന്നോ---ഗണപതീ” മട്ടിലാണ്. അതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ;അച്ഛനു’ വേണ്ടി അഭയദേവ് രചിച്ച പലഗാനങ്ങളും. ചലച്ചിത്രഗാനങ്ങൾക്കും ചില അർത്ഥമൊക്കെ ആവാമെന്നു ഗാനരചയിതാക്കൾ കരുതിത്തുടങ്ങുന്നത് നമുക്കൊരനുഗ്രഹം തന്നെയാണ്. ‘ലോകരെ, ഇതുകേട്ടു ചിന്ത ചെയ്‌വിൻ തോഴരേ”, ‘നാമേ മുതലാളി‘ എന്നീ ഗാനങ്ങളുടെ പ്രസക്തി മനസ്സിലാക്കാൻ അൽപ്പം വിഷമമാകുന്നു. ‘ജനകീയം’ അത്യന്താപേക്ഷിതമാണെന്നു കരുതിയോ ഈ പാട്ടുകൾ ചേർത്തത് എന്നറിയുന്നില്ല. ഏതായാലും “നാമേ മുതലാളി’ എന്ന ഗാനത്തിന്റെ ട്യൂൺ നിശ്ശേഷം മുഷിപ്പനാണ്. ജനകീയഗാനങ്ങൾ കൂടുതൽ ആകർഷകങ്ങളും ശ്രുതിമധുരങ്ങളുമാകേണ്ടതത്യാവശ്യമാണ്. “അമ്പിളിയമ്മാവാ” ‘തെളിയൂ നീ പൊൻ വിളക്കേ” “നടിയാണു ഞാൻ” എന്നീ ഗാനങ്ങൾ കേൾക്കാൻ സുഖമുണ്ട്. ദിവാകറിന്റെ സംഗീതസംവിധാനത്തിനു വ്യക്തിത്വവും ലയവും ഇനിയുമെത്രയോ കൈവരേണ്ടതുണ്ടെങ്കിലും മുൻ ചിത്രങ്ങളിലെ പ്രവൃത്തിയുമായി തട്ടിച്ചുനോക്കുമ്പോൾ അദ്ദേഹം ഭേദപ്പെട്ടിരിക്കുന്നു എന്നു കാണാം. പതിവിൻപടി ഇതിലും രേവമ്മയും ജിക്കിയും ലീലയും മറ്റുമാണ് പിന്നണിയിൽ നിന്നു പാടുന്നത്.
(ഇതിലെ കുമാരി ലക്ഷ്മി പാടിയ
അമ്പിളിയമ്മാവാ തിരിഞ്ഞു നി-
ന്നൻപിനോടൊന്നു ചൊല്ല്,
എങ്ങു പോകുന്നിവണ്ണം തനിച്ചു നീ
അങ്ങു ഞാനും വരട്ടോ?
വൻ ഹിറ്റായി മാറി. നൃത്തവേദികളിൽ പെൺകുട്ടികൾ ഇതു പാടിക്കളിയ്ക്കുന്നത് സ്ഥിരമായി. സിനിമ മലയാളിയുടെ സ്റ്റേജിനു ആദ്യം നൽകിയ സംഭാവന ജീവിതനൌകയിലെ “ആനത്തലയോളം വെണ്ണ തരാമെടാ“ ആയിരുന്നു. ‘അമ്പിളിയമ്മാവാ” ഈ നൂതനസ്വഭാവത്തെ പൂർണ്ണതയിലെത്തിച്ചു. സ്റ്റേജിൽ ഇത് അവതരിപ്പിച്ച പെൺകുട്ടികൾ വളർന്നപ്പോൾ ‘സിനിമാറ്റിക് ഡാൻസ്’ എന്ന പേരു കേട്ട് വിറളി പിടിച്ച് അവജ്ഞ നടിയ്ക്കുന്നത് ചരിത്രം കളിച്ച കളി.)
ഈ സിനിമയുടെ സംവിധായകനെപ്പറ്റി സിനിക്കിനു പറയാനുള്ളത് ഇതാണ്: “ഇത്രയും കെട്ടുറപ്പില്ലാത്ത ഒരു ചലച്ചിത്ര കഥ സംവിധാനം ചെയ്യേണ്ടി വന്ന മി. എം. ആർ. എസ്. മണി നിർഭാഗ്യവാനാണ്; അദ്ദേഹം പ്രഥമമായി നമ്മുടെ അനുകമ്പയാണർഹിക്കുന്നത്. പക്ഷേ ഈ ചിത്രത്തിന്റെ ന്യൂനതകൾ വർദ്ധിപ്പിക്കുന്നതിൽ തന്റെ പങ്കു നിർവ്വഹിക്കാൻ അദ്ദേഹം പലയിടങ്ങളിലും മറന്നിട്ടില്ല”.
13. വേലക്കാരൻ (1953 മാർച്ച്)
വേലക്കാരനിൽ ആകെ പന്ത്രണ്ടു പാട്ടുകളുണ്ട്; അഭയദേവും തിരുനൈനാർകുറിച്ചിയും കൂടി എഴുതിയതായി. എം. എൽ. വാസന്തകുമാരിയും ലീലയും രേവമ്മയും അഗസ്റ്റിൻ ജോസഫും മറ്റുമാണ് പാട്ടുകാർ, സംഗീതസംവിധാനം ദക്ഷിണാമൂർത്തിയുടെ വകയും. “ആതിരതന്നാനന്ദക്കാലമായ്” എന്ന പാട്ടും “പാഹിമാം ജഗദീശ്വരാ” എന്ന അയ്യപ്പസ്തുതിയും കഷ്ടിച്ചൊപ്പിക്കാം. “പിച്ചകപ്പൂ ചൂടും മലനാടേ” എന്ന പാട്ടിന്റെ രചനയും അതിനു നലക്പ്പെട്ട ട്യൂണും അതു പാടിയതും എല്ലാം അസ്സലായി. അതൊന്നിച്ചുണ്ടായ പി. കെ. സരസ്വതിയുടെ ഡാൻസും ഹൃദ്യമായിരുന്നു. നാലാമത്തെ പാട്ടിൽ “നടമാടി വരാം സുഖമോടിതരാം ഞാനോടിവരാമരികേ” എന്നു പറയിക്കേണ്ടിയില്ലായിരുന്നു, ഭിക്ഷയ്ക്കു വേണ്ടി തെരുവിൽ നൃത്തം ചവിട്ടുന്ന ആ കുരുന്നു നർത്തകിയെക്കൊണ്ട്. കൂട്ടത്തിലധികം മോശമായത് പുരുഷന്മാർ പാടിയ പാട്ടുകളാണ്.
( സിനിക്ക് ഇത്തവണ പിടികൂടിയിരിക്കുന്നത് ആരെ? “നായകന്റെ ഭാഗമഭിനയിച്ച അഗസ്റ്റിൻ ജോസഫ് ആ ഭാഗത്തിനു അശേഷം യോജിക്കുന്നില്ല. ആകൃതി കൊണ്ടും പ്രകൃതി കൊണ്ടും ബാബുവിന്റെ ഭാഗത്തിൽ അദ്ദേഹം പരാജയമടഞ്ഞിരിക്കയാണ്”)
14. തിരമാല (1953 ഏപ്രിൽ)
തിരമാലയിലെ പാട്ടുകൾ മിക്കതും പഴയതുപോലെ ഹിന്ദി ട്യൂണുകളുടെ ചുവടുപിടിച്ചാണു ഭാസ്കരൻ എഴുതിയിട്ടുള്ളത്. വേണുവും ലക്ഷ്മിയും കൂടെ പാടുന്ന “പ്രണയത്തിന്റെ കോവിൽ”, “ഹേ കളിയോടമേ”, “പാലാഴിയാം നിലാവിൽ” എന്നീ ഡ്യൂവറ്റുകളിൽ ന്യൂനതകളുണ്ടെങ്കിലും കവിതയുണ്ടെന്നത് ആശ്വാസം. “പാവത്തിൻ കഥ കേൾക്കണേ” എന്ന പാട്ടും തരക്കേടില്ല, കഥയിലതിനു പ്രസക്തി പോരെങ്കിലും. വിമൽകുമാർ സംഗീതസംവിധാനത്തിൽ കുറേക്കൂടി ശ്രദ്ധപതിപ്പിച്ചിരുന്നുവെങ്കിൽ ഈ ചിത്രത്തിലെ സംഗീതമെങ്കിലും സാധുപ്രേക്ഷകനു തെല്ലൊരാശ്വാസമായി പരിണമിക്കുമായിരുന്നു. പിന്നണിക്കാരെല്ലാം തരക്കേടില്ല. അബ്ദുൾ ഖാദരും ശാന്ത പി. നായരും ഭംഗിയായി പാടിയിട്ടുണ്ട്. ശാന്തയുടെ ശോകമധുരമായ സ്വരം ഖാദരുടെ ഗാംഭീര്യമിയലുന്ന ശബ്ദത്തോട് ചേരുമ്പോൾ ആ ഡ്യൂവറ്റുകൾ ശ്രവണമധുരിമ കൈവരുന്നതിലത്ഭുതമില്ല.
തിരമാലയിൽ ഒരു വേഷം ചെയ്ത പി. ഭാസ്കരനെപ്പറ്റി സിനിക്കിനു പറയാനുണ്ടായിരുന്നത്: “പ്രതീക്ഷയുടെ മുഖത്ത് ചെളി വാരിയെറിഞ്ഞ മറ്റൊരനുഗ്രഹീത കലാകാരനാണ് ശ്രീ പി. ഭാസ്കരൻ. കവി എന്ന നിലയിൽ നാം സ്നേഹിച്ചുപോന്ന ഭാസ്കരൻ ഹിന്ദി ട്യൂണുകളുടെ അച്ചിൽ മലയാളം വാർത്തുകൊണ്ടിരുന്നപ്പൊഴും നാം പൊറുത്തുപോന്നു…….ഒരു സിനിമാനടനെന്ന നിലയിൽ പണിയ്ക്കരുടെ ഭാഗത്തിലൂടെ അരങ്ങേറിയിരിക്കുന്ന ഭാസ്കരൻ അദ്ദേഹത്തിന്റെ സ്നേഹജനങ്ങൾക്ക് അത്യധികം മനോവ്യഥയ്ക്ക് കാരണമായിത്തീർന്നിരിക്കയാണ്. സ്തോഭങ്ങളെ അകറ്റിനിറുത്താനുള്ള പ്രത്യേകതയുണ്ട് ആ മുഖത്തിനു്. വായ നിറയെ മുറുക്കാൻ വച്ചു വർത്തമാനം പറയുന്ന വിധം അഭിനയിക്കാൻ രണ്ടിടത്തിൽ സാഹസപ്പെട്ടു നോക്കി ഭാസ്കരനെങ്കിലും അദ്ദേഹം വായിൽ കൊഴുക്കട്ടയിട്ടു സംസാരിക്കുന്ന പ്രതീതിയാണു കാണികൾക്കുണ്ടായത്.“
കഥയും സംഭാഷണവും എഴുതി, ഒരു കാരണവരുടെ റോളിൽ അഭിനയിക്കുകയും ചെയ്ത ടി. എൻ. ഗോപിനാഥൻ നായരെ സിനിക്ക് വെറുതേ വിട്ടില്ല: “കഥാതന്തുവിനു നൂതനത്വം ഉണ്ടോ? ഇല്ല. എടുത്ത വിഷയത്തിനു പറയത്തക്ക ഗൌരവമുണ്ടോ? ഇല്ല.വികാരമോ വിചാരമോ ഉയർത്തുന്ന ഉൽകൃഷ്ടരംഗങ്ങൽ ഉൾക്കൊള്ളിച്ചിട്ടുണ്ടോ? അതുമില്ല. സംഭാഷണത്തിനു ഓജസ്സോ തന്മയത്വമോ കൈവരുത്തിയോ? ഇല്ല. ഫലിതത്തിന്റെ പേരിൽ എഴുതിയ “കുഞ്ചി പറഞ്ഞതാ ശരി”യും മറ്റും കേട്ടാൽ ഓക്കാനിക്കാതിരിക്കാനൊക്കുമോ? ഇല്ല. അപ്പോൾ പിന്നെ എന്താണ് ശ്രീ ടി. എൻ. ഗോപിനാഥൻ നായർ ബി. എ. ‘തിരമാല’യിൽ സ്വന്തമായൊന്നു ചെയ്തിട്ടുള്ളത്?.....എതായാലും കേരളത്തിലെ ഒരു പ്രധാന നാടകകൃത്തെന്ന നിലയിൽ കേരളത്തിനകത്തും പുറത്തും പ്രശസ്തനായ ശ്രീ ടി. എൻ. ഗോപിനാഥൻ നായർ ബി. എ. ഇനിയൊരിക്കൽ ഇത്തരമൊരു ചലച്ചിത്രകഥയും സംഭാഷണവുമെഴുതി അസ്മാദൃശന്മാരുടെ കലാകുതുകം നിറഞ്ഞ ഹൃദയങ്ങളിൽ കാരിരുമ്പു പഴുപ്പിച്ചു തറയ്ക്കില്ലെന്നാശിയ്ക്കട്ടെ!.........ഒന്നാം കിടക്കാരനായ ഒരു നടനാണ് ടി. എൻ. എന്നു കേട്ടിട്ടുണ്ട്. പൂമംഗലം കാരണവരുടെ ഭാഗത്തിൽ കാണാനിട വന്നതോ? വികാരങ്ങൾ അഭിനയിച്ചു ഫലിപ്പിക്കേണ്ട ആദ്യപാഠങ്ങൾ പോലും നല്ലപോലെ വശമില്ലാത്ത ഒരു വെറും മൂന്നാം ക്ലാസ് നടനെ; നാട്യത്തിൽ മാത്രമല്ല സംഭാഷണത്തിൽ പോലും നാടകീയതയിൽ നിന്ന് അണുവും പുരോഗമിച്ചിട്ടില്ലാത്ത വെറുമൊരു നടൻ.”
തിരമാലയിൽ നായകവേഷം ചെയ്ത നടന്റെ പേര്-തോമസ് ബെർളി.