ജഗദീഷ്

Submitted by mrriyad on Sat, 02/14/2009 - 18:11
Name in English
Jagadeesh

മലയാളചലച്ചിത്രനടൻ. 1955 ജൂൺ 12 ന് തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിങ്കര താലൂക്കിൽ ചെങ്കൽ എന്ന സ്ഥലത്ത്, സ്കൂൾ അദ്ധ്യാപകനായ കെ പരമേശ്വരൻ നായരുടെയും, പി ഭാസുരാംഗിയമ്മയുടെയും ആറുമക്കളിൽ അഞ്ചാമനായി പി വി ജഗദീഷ് കുമാർ എന്ന ജഗദീഷ് ജനിച്ചു. ജഗദീഷിന്റെ പ്രാഥമിക വിദ്യാഭാസം നേടിയത് ഗവണ്മെന്റ് മോഡൽ ബോയ്സ് ഹൈസ്കൂൾ തിരുവനന്തപുരത്തുനിന്നായിരുന്നു. അതിനുശേഷം കോമേഴ്സിൽ ബിരുദം Government Arts College, Thiruvananthapuram, മാസ്റ്റർ ബിരുദം Mar Ivanios College, Nalanchira, എന്നീ കോളേജുകളിൽ നിന്നു കരസ്ഥമാക്കി. കോമേഴ്സിൽ പി ജി കഴിഞ്ഞത് കേരളയൂണിവേഴ്സിറ്റിയിൽനിന്നും ഒന്നാം റാങ്ക് നേടിക്കൊണ്ടായിരുന്നു. വിദ്യാഭ്യാസത്തിനുശേഷം കാനറാബാങ്കിൽ ജോലിയ്ക്കു കയറിയ ജഗദീഷ് പിന്നീട് അതിൽ നിന്നു മാറി തിരുവനന്തപുരം എം ജി കോളേജിൽ ലക്ചറായി ജോലിചെയ്തു. 

കോളേജ് അദ്ധ്യാപകനായി ജോലിചെയ്യുമ്പോളും ജഗദീഷിന്റെ ആഗ്രഹവും ലക്ഷ്യവും ഒരു സിനിമാനടനാവുക എന്നതായിരുന്നു. അദ്ധ്യാപനവൃത്തിയോടൊപ്പം തന്നെ അദ്ദേഹം സിനിമാഭിനയവും തുടങ്ങി. 1984ൽ ഇന്ത്യയിലെ ആദ്യത്തെ 3D സിനിമയായ മൈഡിയർ കുട്ടിച്ചാത്തനിൽ അഭിനയിച്ചുകൊണ്ടാണ് ജഗദീഷ് തന്റെ അഭിനയജീവിതത്തിനു തുടക്കം കുറിയ്ക്കുന്നത്. ജഗദീഷ്തന്നെ കഥഎഴുതിയ അക്കരെനിന്നൊരു മാരൻ, മുത്താരംകുന്ന് പി ഒ എന്നീ സിനിമകളിലെ അദ്ദേഹത്തിന്റെ അഭിനയം അദ്ദേഹത്തിന് മലയാളസിനിമയിൽ ഒരുസ്ഥാനം നേടിക്കൊടുത്തു. തുടർന്ന് ധാരാളം സിനിമകളിൽ അദ്ദേഹം അഭിനയിക്കാൻ തുടങ്ങി. അദ്ധ്യാപന ജോലിയിൽ നിന്ന് അദ്ദേഹം ദീർഘകാല അവധിയെടുത്ത് സിനിമയിൽത്തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു.

കോമഡിവേഷങ്ങളായിരുന്നു ജഗദീഷ് കൂടുതൽ ചെയ്തത്. നായകന്റെ കൂട്ടുകാരനായും, സഹനായകനായും, നായകനായും എല്ലാം ജഗദീഷ് മികച്ചപ്രകടനം കാഴ്ചവെച്ചു. വന്ദനം, ഇൻ ഹരിഹർ നഗർ,ഗോഡ്ഫാദർ, തുടങ്ങിയ സിനിമകളിലെഅഭിനയം ജഗദീഷിനെ ജനപ്രിയനാക്കി. തൊണ്ണൂറുകളിലെ ലൊ ബജറ്റ് ചിത്രങ്ങളിലെ നായകനായിരുന്നു ജഗദീഷ്. ഏതാണ്ട് മുപ്പതോളം ചിലവുകുറഞ്ഞ സിനിമകളിൽ ജഗദീഷ് നായകനായി അഭിനയിച്ചിട്ടുണ്ട്. അവയിൽ ഭൂരിഭാഗവും വിജയചിത്രങ്ങളായിരുന്നു. മുകേഷ്,സിദ്ദിഖ് എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി,മോഹൻലാൽ എന്നിവരോടൊപ്പം സഹനായകനായും ജഗദീഷ് ധാരാളംവിജയചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അഭിനയത്തിൽമാത്രമല്ല കഥ,തിരക്കഥ,സംഭാഷണം എന്നീമേഖലകളിലും കഴിവുതെളിയിച്ചയാളാണ് ജഗദീഷ്. 12 സിനിമകൾക്ക് കഥ എഴുതുകയും,8 സിനിമകൾക്ക് തിരക്കഥ,സഭാഷണം എന്നിവ രചിയ്ക്കുകയും ചെയ്തിട്ടുണ്ട്. സിനിമകൾ കുറഞ്ഞപ്പോൾ ടെലിവിഷൻ റിയാലിറ്റിഷോകളിൽ ജഡ്ജായും,സ്റ്റേജുഷോകളിൽ അവതാരകനായും ജഗദീഷ് ലൈംലൈറ്റിൽത്തന്നെ ഇപ്പോഴും നിൽക്കുന്നു.

ജഗദീഷിന്റെ ഭാര്യ ഡോക്ടർ രമ തിരുവനന്തപുരം മെഡിക്കൽകോളേജിലെ ഫോറൻസിക് പ്രൊഫസ്സറാണ്. അവർക്ക് രണ്ടുപെൺകുട്ടികളാണ് ഉള്ളത്.