കെ പി എൻ പിള്ള

Submitted by Baiju T on Sat, 03/07/2009 - 18:04
Name in English
K P N Pilla
Date of Birth

സംഗീതസംവിധായകൻ

1939 ഫെബ്രുവരി 22ന് ഹരിപ്പാട്ട് ജനിച്ചു.  പിതാവ്: പുലിയൂർ തുടപ്പാട്ട്‌ രാഘവ കാരണവർ. മാതാവ്: ഹരിപ്പാട് കോയിക്കപ്പറമ്പിൽ ഭവാനിയമ്മ. കോയിക്കപ്പറമ്പിൽ നാരായണ പിള്ള എന്നാണ് പൂർണ്ണമായ പേര്. ഹരിപ്പാട് ഗവ. ഹൈസ്കൂളിലായിരുന്നു പഠനം. ശ്രീമതി പാർവ്വതിക്കുട്ടിയമ്മയിൽനിന്നായിരുന്നു സംഗീതത്തിന്റെ ആദ്യപാഠങ്ങൾ അഭ്യസിച്ചത്. പിന്നിട്, ഭാഗവതർ ഹരിപ്പാട് ജി രാമൻകുട്ടിനായർ ഇദ്ദേഹത്തിന്റെ കഴിവുകൾ കണ്ടെത്തി ശിഷ്യനാക്കി. 1956-57ലെ ആദ്യ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിലെ കർണ്ണാടകസംഗീത മത്സരത്തിൽ രണ്ടാംസ്ഥാനം ഇദ്ദേഹത്തിനായിരുന്നു. 1957 മുതൽ 1961 വരെ തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതക്കോളേജിൽ പഠിച്ചു. ഫസ്റ്റ്ക്ലാസ്സോടെ പഠനം പൂർത്തിയാക്കിയതിനുശേഷം സംഗീതവിദ്വാൻ കോഴ്സിനു ചേർന്നു. കെ ജെ യേശുദാസ് ഇക്കാലയളവിൽ സഹപാഠിയായിരുന്നു. പിന്നീട് ഉദ്യോഗമണ്ഡൽ ഫാക്ട് ഹൈസ്കൂളിൽ അധ്യാപകനായി ജോലി ലഭിച്ചു. 1978ൽ ഈ ജോലി രാജി വെച്ച് ആകാശവാണിയിൽ സംഗീതസംവിധായകനായി. 1990ൽ സീനിയർ സംഗീതസംവിധായകനായി ഉദ്യോഗക്കയറ്റം കിട്ടി. 1997ൽ ആകാശവാണിയിൽനിന്നും വിരമിച്ചു.

1985ൽ ഉയരും ഞാൻ നാടാകെ എന്ന ചിത്രത്തിലൂടെ സിനിമാ സംഗീതസംവിധാനരംഗത്ത് പ്രവേശിച്ചു. ആയിരക്കണക്കിനു ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും, നാടകഗാനങ്ങളും, ആകാശവാണിയ്ക്കുവേണ്ടിയുള്ള സംഗീത പാഠങ്ങളും, ഫീച്ചറുകളും ശ്രീ കെ പി എൻ പിള്ളയുടെ സംഭാവനയിൽപ്പെടുന്നു. ശ്രീകുമാരൻ തമ്പി എഴുതി വി ദക്ഷിണാമൂർത്തി സംവിധാനം നിർവ്വഹിച്ച രണ്ടു ഭക്തിഗാനങ്ങൾ എച് എംവിയ്ക്കുവേണ്ടി 1967-68 കാലഘട്ടത്തിൽ ഇദ്ദേഹം പാടിയിട്ടുണ്ട്.

മലയത്ത് അപ്പുണ്ണി രചിച്ച സ്വർണ്ണമുഖികൾ  എന്ന ഗാനം സ്വരപ്പെടുത്തിക്കൊണ്ടായിരുന്നു ആകാശവാണിയിൽ അരങ്ങേറ്റം കുറിച്ചത്. പി എസ് നമ്പീശൻ എഴുതിയ താമര പൂക്കുന്ന തമിഴകം എന്ന ഗാനവും (ആലാപനം: ടി എൻ കൃഷ്ണചന്ദ്രൻ) പ്രശസ്തമായി.  ആകാശവാണിയുടെ പ്രഭാതഗീതമായ് ഇദ്ദേഹം ചിട്ടപ്പെടുത്തിയ ശ്യാമളാദണ്ഡകം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. കെ ജെ യേശുദാസ്, കെ എസ് ചിത്ര, വി ടി മുരളി, ചെങ്ങന്നൂർ ശ്രീകുമാർ, പട്ടണക്കാട് പുരുഷോത്തമൻ, പന്തളം ബാലൻ, അരുന്ധതി, ഭാവനാരാധാകൃഷ്ണൻ തുടങ്ങി ഒട്ടനവധി ഗായകർ ഇദ്ദേഹത്തിന്റെ പാട്ടുകൾ പാടിയിട്ടുണ്ട്.

കോഴിക്കോട് ബാലുശ്ശേരിയിൽ അമ്മയുടെ പേരിൽ ആരംഭിച്ച ഭവാനി മ്യൂസിക് കോളേജിൽനിന്നും അല്ലാതെയുമായി നിരവധി ശിഷ്യസമ്പത്തിന്നുടമയാണ്. ഇന്ത്യയൊട്ടാകെയുള്ള മിക്ക സംഗീതസഭകളിലും കച്ചേരി പാടാൻ അവസരം ലഭിച്ചിട്ടുണ്ട്. ലളിതസംഗീതത്തിനുള്ള കേരളസംഗീതനാടക അക്കാദമിയുടെ 2007ലെ പുരസ്കാരം, ട്രാവൻകൂർ മ്യൂസിക് സൊസൈറ്റിയുടെ പ്രശസ്തിപത്രം എന്നിവയാണ് സംഗീതയാത്രയിൽ പാഥേയമായെത്തിയ അംഗീകാരങ്ങൾ.

ഫാക്ട് സ്കൂളിൽ അധ്യാപികയായിരുന്ന സരോജിനിയമ്മയാണ് ഭാര്യ. ബിന്ദു, ബിജു എന്നിവരാണ് മക്കൾ.

ചിത്രത്തിനു കടപ്പാട്: സപ്ന അനു ബി ജോർജ്ജ്