പ്രശാന്ത് വർമ്മ

Name in English
Prashanth Varma
Artist's field

കുമാര കേരളവർമ്മയുടെ പരമ്പരയിൽപ്പെട്ട തിരുവണ്ണൂർ കോവിലകത്ത് ജനനം, അച്ഛൻ രാമവർമ്മ രാജ ഒരു മികച്ച മൃദംഗ കലാകാരനും, അമ്മ പത്മവല്ലി നർത്തകിയുമായിരുന്നു. പാരമ്പര്യമായി കിട്ടിയ കല പ്രശാന്ത് വർമ്മയെ സംഗീതത്തിന്റെ പാതയിൽ എത്തിച്ചു. ഏഴാം വയസ്സുമുതൽ തൃശ്ശിനാപ്പള്ളി സ്വദേശി നാരയണസ്വാമി ഭാഗവതരുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ചു. ആയിരക്കണക്കിനു വേദികളിൽ നാമ സങ്കീർത്തനം നടത്തി. ദേവരാജൻ മാഷിന്റെ കീഴിൽ കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ ക്വയറിൽ പ്രധാനിയായിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ കീഴിലും ക്വയറിൽ പാടിയിട്ടുണ്ട്, പിന്നീട് കൈതപ്രം വിശ്വനാഥനൊപ്പം പ്രവർത്തിച്ചു. കേരളത്തിലെ പതിനേഴോളം ഭജന സംഘങ്ങളിലെ മുഖ്യ ഗായകനാണ് പ്രശാന്ത് വർമ്മ. പതിനാലോളം ഭജൻ സീഡികൾ അദ്ദേഹത്തിന്റേതായി പുറത്ത് വന്നിട്ടുണ്ട്. കോയമ്പത്തൂര്‍ സുലൂര്‍ അയ്യപ്പഭക്തസംഘം ‘നാമസങ്കീര്‍ത്തനകോകിലം’ പുരസ്കാരം, സൂര്യകാലടി മനയുടെ ‘ഗണപത്യസുധാരണം’, ചങ്ങനാശേരി വാകത്താനം വിശ്വകര്‍മ്മ മഹാദേവ ക്ഷേത്രത്തിന്റെ രക്തകണ്ഠസുഗുണോപാസക്‌ തുടങ്ങി ഏറെ പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മമ്മൂട്ടിയുടെ അച്ഛാദിൻ എന്ന ചിത്രത്തിലെ മള്ളിയൂർ ഗണപതിയെ എന്ന് തുടങ്ങുന്ന ഗണപതി ഭജൻ അദ്ദേഹം ആലപിച്ചു. ആ ഗാനം ചിത്രത്തിൽ പാടി അഭിനയിച്ചിരിക്കുന്നതും അദ്ദേഹമാണു.

ഭാര്യ ഓമന