നൗഷാദ്

Submitted by admin on Tue, 01/27/2009 - 23:29
Name in English
Noushad
Alias
നൗഷാദ് അലി
Noushad Ali

നൗഷാദ് അലി - സംഗീത സംവിധായകൻ ( Naushad Ali- Music Director )

1919 ഡിസംബർ 25ന് ക്രിസ്തുമസ് ദിനത്തിൽ ലക്നൗ സിറ്റി കോർട്ട് മുൻസിഫായിരുന്ന വാഹിദ് അലിയുടെ പുത്രനായി ജനിച്ചു.സംഗീതജ്ഞരേയും സംഗീതസഭകളും സന്ദർശിച്ചു നടന്നിരുന്ന നൗഷാദിന് സ്കൂൾ വിദ്യാഭ്യാസത്തോട് തീരെ താല്പര്യമില്ലാതിരുന്നു.ഇക്കാരണം കൊണ്ട് തന്നെ വീട്ടിൽ നിന്ന് കടുത്ത സമ്മർദ്ദം ഏൽക്കേണ്ടി വന്നു.അന്നത്ത് കാലത്ത് സംഗീതമില്ലാതിരുന്ന നിശബ്ദ ചിത്രങ്ങളിൽ  ഒരു കൂട്ടം സംഗീതജ്ഞർ ചുറ്റും കൂടിയിരുന്ന് പശ്ചാത്തലസംഗീതം വെള്ളിത്തിരക്കു മുമ്പിൽ വച്ച് പ്രവർത്തിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത്.ഏറെ നാൾ ഇത്തരമൊരു കാഴ്ച്ച കാണാനിടയായ നൗഷാദിന് പശ്ചാത്തല സംഗീത മേഖലയേപ്പറ്റി കൂടുതൽ അറിയാനും പഠിക്കാനും ഇടവന്നു. ലക്നൗവിലെ ഗൊലാഗഞ്ച് എന്ന ഗ്രാമത്തിൽ വിൻഡ്സർ എന്ന സംഗീതക്കമ്പനി  സ്വന്തമായിത്തുടങ്ങുന്നത് വരെ അത്തരം പ്രവർത്തനങ്ങൾ നൗഷാദിനെ കൊണ്ടെത്തിച്ചു.

ഉസ്താദ് ഗുർബത് അലി,ഉസ്താദ് യൂസഫ് അലി,ഉസ്താദ് ബബ്ബൻ സാഹിബ് എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ നൗഷാദിനു കഴിഞ്ഞിരുന്നു. യാഥാസ്ഥിത മുസ്ലീം കുടുംബത്തിൽ നിന്ന് സംഗീതത്തിനു നിരോധനം വരെ ഏൽക്കേണ്ടി വന്നത് നൗഷാദിനെ  ബോംബെയിലേക്ക് ഓടിപ്പോകുവാൻ നിർബന്ധിതനാക്കി.ബോംബെയിലെ ആദ്യ കാലജീവിതം നൗഷാദിനെ കഷ്ടപ്പെടുത്തി.പലപ്പോഴും ഫുട്പാത്തിൽ കിടന്നുറങ്ങേണ്ട അവസ്ഥവരെ കാര്യങ്ങൾ നീങ്ങിയിരുന്നു.അക്കാലത്തെ പ്രശസ്തനായിരുന്ന സംഗീതസംവിധായകൻ ഉസ്താദ് ജണ്ഡെ ഖാന്റെ അസിസ്റ്റന്റ് ആയി ഏകദേശം 40രൂപ പ്രതിമാസ ശമ്പളം വാങ്ങുന്നത് വരെ ആ കഷ്ടപ്പാടുകൾ തുടർന്നു. കമ്പോസറായ കരംചന്ദ് പ്രകാശാണ് നൗഷാദിനെ കുറച്ചൂ കൂടി മെച്ചമായ സാഹചര്യങ്ങളിലേക്ക് പോകുവാൻ സഹായിച്ചത്.നൗഷാദ് തന്നെ തന്റെ ഗുരുവെന്ന് വിശേഷിപ്പിക്കുന്നതും കരംചന്ദിനേയാണ്.

1940ൽ പുറത്തിറങ്ങിയ “പ്രേം നഗർ” എന്ന ചിത്രത്തിനു സ്വതന്ത്രസംഗീത സംവിധാനം ചെയ്തതോടു കൂടി നൗഷാദിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.ഇന്ത്യൻ ചലച്ചിത്ര വേദികണ്ട മികച്ച സംഗീതസംവിധായകരിൽ ഒരാളായി മാറുകയായിരുന്നു.സിനിമാവേദികളിൽ മാത്രമല്ലാതെ മറ്റ് സാംസ്ക്കാരികവേദികളിലും സാമൂഹ്യപ്രവർത്തനങ്ങളിലുമായി സംഗീതത്തെ ഉപയോഗപ്പെടുത്താം എന്ന് പലഘടങ്ങളിലും അദ്ദേഹം തെളിയിച്ചുകൊണ്ടിരുന്നു. 1988ൽ പുറത്തിറങ്ങിയ ഒരേയൊരു ചിത്രമേ മലയാളത്തിൽ നൗഷാദിന്റേതായുള്ളുവെങ്കിലും മലയാളികൾ മറക്കാനിടയാവാത്ത വണ്ണം അതിലെ പാട്ടുകൾ മനോഹരമാക്കിക്കൊണ്ട് നൗഷാദ് മലയാളികളുടെ മനസ്സിലും ഇടം
നേടി.ദാദാസാഹബ് ഫാൽക്കേ പുരസ്ക്കാരം മുതൽ പല ഉന്നത പുരസ്ക്കാരങ്ങളും കരസ്ഥമാക്കിയ നൗഷാദ് 86ആം വയസ്സിൽ താജ്മഹൽ എന്ന ചലച്ചിത്രത്തിന് സംഗീതം നൽകിക്കൊണ്ട് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സംഗീത സംവിധായകനുമായി.

നാലു പുത്രിമാരും മൂന്ന് പുത്രന്മാരും ഉണ്ടായിരുന്ന നൗഷാദ് 2006 മെയ് അഞ്ചാം തീയതി നിര്യാതനായി.ജൂഹുവിലെ മുസ്ലീം ശ്മശാനത്തിൽ അദ്ദേഹത്തിന്റെ ഭൗതികശരീരം ഖബറടക്കി.മലയാളത്തിന്റെ ജെറി അമൽദേവുൾപ്പടെ മികച്ച സംഗീതസംവിധായകർ ശിഷ്യഗണമായുള്ള നൗഷാദ് തന്റെ അനശ്വരഗാനങ്ങളിലൂടെ ഇന്നും കോടിക്കണക്കിനു സംഗീതസ്നേഹികളുടെ മനസ്സിൽ ജീവിക്കുന്നു.