ഇടതുപക്ഷ ചിന്തകനായ സുകുമാരൻ വേങ്ങേരി നൂറിലേറെ നാടകങ്ങൾ രചിച്ചിട്ടുണ്ട്. 'വിപാടനം' നാടകത്തിന് കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകത്തിനുളള അവാർഡ് ലഭിച്ചു. അന്തവിശ്വാസത്തിനും അനാചാരങ്ങൾക്കുമെതിരെ വിപ്ളകരമായ മാറ്റം ഉണ്ടാക്കാൻ വിപാടനത്തിന് കഴിഞ്ഞു. 'കോയിത്തലയും വെള്ളയും' , അഭയം തേടുന്നവർ' , 'പുത്തരിക്കിരുനാഴി' , ' സൃഷ്ടി' , 'ഉഷ്ണം' , ' ചക്രം' , 'ശൈത്യം' . 'വൃത്തം'. എന്നിവയാണ് പ്രധാന നാടകങ്ങൾ. അമേച്ച്വർ നാടകത്തിനോടൊപ്പം അൻപതിലേറെ റേഡിയോ നാടകങ്ങളും കഥകളുമെഴുതി. 'മുത്താരം കല്ലുകൾ', 'തുമ്പികൾ' എന്ന ബാലനോവലും രചിച്ചിട്ടുണ്ട്.
സിനിമയിലും തന്റെ പ്രവർത്തനം കാഴ്ചവച്ചു. ജോൺ ഏബ്രഹാം, പവിത്രൻ, രവീന്ദ്രൻ എന്നീ ചലചിത്ര രംഗത്തെ പ്രമുഖരുമായുള്ള അടുപ്പമാണ് സിനിമയിൽ എത്തിച്ചത്. ടി.വി.ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം , രവീന്ദ്രന്റെ ഒരേ തൂവൽപ്പക്ഷികൾ , പവിത്രന്റെ യാരോ ഒരാൾ എന്നീ ചലചിത്രങ്ങളുടെ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു. ഇനിയും മരിച്ചിട്ടില്ലാത്ത നമ്മൾ എന്ന സിനിമയിൽ അഭിനയിച്ചു. 'നീലക്കടമ്പ് ' എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയെങ്കിലും ചിത്രം റിലീസായില്ല.
പത്രപ്രവർത്തന മേഖലയിൽ തന്റേതായ പ്രവർത്തനം കാഴ്ചവച്ചു. സ്പോട്സ് മാസികയായ 'സോക്കർസ്റ്റാറി'ന്റെ എഡിറ്ററായിരുന്നു. കൂടാതെ 'വർത്തമാനം' സായാഹ്നപത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്ററായും സേവനമനുഷ്ഠിച്ചു.കേരളത്തിന്റെ ഫുട്ബോൾ രംഗത്തെ പ്രമുഖ പഴയകാല ക്ളബ്ബായ കോഴിക്കോട് ചാലഞ്ചേഴ്സ് ക്ളബ്ബിനുവേണ്ടി കേരളടീമിൽ ജേഴ്സിയണിഞ്ഞു. പിന്നീട് ഇതേ ക്ളബ്ബിൽ പരിശീലകനായി. തുടർന്ന് മാവൂർ ഗോളിയോർ റയോൺസിന് വേണ്ടി കളിച്ചു. പിന്നീട് റയോൺസിൽ പൾപ്പ് ഡിവിഷനിൽ ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ നിന്ന് വിരമിച്ച ശേഷം എഴുത്തിൽ വ്യാപൃതനായി. ഇക്കാലയളവിൽ ഫുട്ബോൾ രംഗത്തെ കേരളത്തിലെ മികച്ച കളിക്കാരെക്കുറിച്ചുള്ള 'ആരവങ്ങൾക്കിടയിൽ' എന്ന ഡോക്യുമെന്റെറി തയ്യാറാക്കി. ഒളിമ്പ്യൻ അബ്ദുറഹിമാനെ കുറിച്ചുള്ള ഡോക്യുമെന്റെറി ആദ്യം പുറത്തുവന്നു.
വേങ്ങേരിയിലെ പ്രമുഖ തറവാടായ പടിഞ്ഞാറെ പുരക്കൽ പരേതനായ ഗോവിന്ദൻ മാസ്റ്ററുടെ മകനാണ്.
ഭാര്യ : രാജി
മക്കൾ: ഗോപിനാഥ് , ചെറുകഥാകൃത്ത് രശ്മി സുകുമാരൻ, സന്ധ്യ സുകുമാർ
- 36 views