ജോഷി മംഗലത്ത്

Submitted by Neeli on Tue, 03/24/2015 - 12:03
Name in English
Joshy Mangalath
Artist's field

2014 ലെ മികച്ച പരിസ്ഥിതി സിനിമയ്ക്കും, തിരക്കഥയ്ക്കും ദേശീയ പുരസ്ക്കാരം നേടിയ ഒറ്റാൽ എന്ന മലയാള സിനിമയുടെ തിരക്കഥയൊരുക്കിയത് ജോഷി മംഗലത്ത് ആണ്. ഹാർമൻ കാർഡണ്‍ എന്ന അമേരിക്കൻ കമ്പനിയുടെ ദുബായ് ബ്രാഞ്ചിൽ ഹ്യൂമൻ റിസോഴ്സ് മാനേജരായ ജോഷിയുടെ രണ്ടാമത്തെ തിരക്കഥയാണ് ഒറ്റാലിന്റെത്. ഇരുപത്തിയൊന്നു വർഷമായി ദുബായിൽ ജീവിക്കുന്നു. അച്ഛൻ വായനാശീലം ഉള്ളയാളായിരുന്നതിനാൽ തീരെ ചെറുപ്പത്തിൽ തന്നെ പുസ്തകങ്ങളുമായി ഒരു അടുപ്പം ഉണ്ടാക്കാൻ ജോഷിക്കും സാധിച്ചു. വായനയിൽ ഏറെ ദൂരം സഞ്ചരിച്ചെങ്കിലും എഴുത്തിലേയ്ക്ക് അപ്പോഴും ശ്രദ്ധ തിരിച്ചിരുന്നില്ല. സംഗീതമായിരുന്നു അതിലും പ്രിയം.

ഒട്ടേറെ സംഗീത പരിപാടികളിൽ സജീവമായിരുന്ന ജോഷിയുടെ ജീവിതത്തിലേയ്ക്ക് സിനിമയും എഴുത്തും വരുന്നത് 2002 ലാണ്. നെയ്യാർ ഡാമിൽ അന്നുണ്ടായ ഉരുൾ പൊട്ടൽ. ഭൂമിയിലന്നുണ്ടായ മാറ്റം ജോഷി നേരിട്ട് കാണുകയുണ്ടായി. പരിസ്ഥിതി പാഠങ്ങൾ നിറഞ്ഞ പുസ്തകങ്ങളായി പിന്നീട് വായന. ആ അറിവിലൂടെ കിട്ടിയ വിവരങ്ങൾ ആളുകളെ അറിയിക്കാൻ എന്തെങ്കിലുമൊക്കെ എഴുതുക എന്ന തോന്നലിൽ പിന്നീട് വന്നെത്തി. പക്ഷേ എന്തും ജനങ്ങളിലേയ്ക്ക് എത്തിക്കാൻ ഏറ്റവും നല്ല മാധ്യമം സിനിമയാണെന്ന വസ്തുത തിരിച്ചറിഞ്ഞതോടെ തിരക്കഥലേയ്ക്കായി ജോഷിയുടെ ശ്രദ്ധ. തിരക്കഥയെ കുറിച്ചുള്ള കൃതികൾ വായിക്കാനും നല്ല സിനിമകളിലേയ്ക്ക് നിരന്തരം സഞ്ചരിക്കാനും തുടങ്ങി. ഡോ ബാല മുരളീകൃഷ്ണയുടെ സിനിമ വീഡിയോ ടെക്നിക്ക് എന്ന പുസ്തകം വായിക്കാൻ കിട്ടിയത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യാമായി ജോഷി കരുതുന്നു. "കുതിരച്ചന്ദ്രൻ ദി സണ്‍ ഓഫ് എർത്ത്" എന്ന് പെരിട്ടെഴുതിയ തന്റെ ആദ്യ തിരക്കഥ ഡോ ബാല മുരളീകൃഷ്ണയെ വായിച്ചു കേൾപ്പിക്കാനുള്ള അവസരവും ജോഷിക്ക് ലഭിച്ചിരുന്നു.

ജയരാജിന്റെ സിനിമകളോട്‌ ഏറെ പ്രിയമുള്ള ജോഷി ചില സുഹൃത്തുക്കളുടെ സഹായത്തോടെ അദ്ദേഹത്തെ തിരക്കഥ എൽപ്പിക്കയായിരുന്നു. തിരക്കഥ വായിച്ച ജയരാജ് ജോഷിയെ അഭിനന്ദനം നേരിട്ടറിയിച്ചു. അതൊരു സൗഹൃദത്തിന്റെ തുടക്കവുമായിരുന്നു. ആന്റണ്‍ ചെക്കോവ് വിന്റെ 'വന്‍കാ' കഥയിൽ ആകൃഷ്ടനായ ജയരാജ് ആ കഥ തിരക്കഥയാക്കാൻ ജോഷിയോട് ആവശ്യപ്പെടുകയും വാങ്കെയും കുട്ടനാടൻ ഭൂപ്രകൃതിയും ചേർത്തു വച്ചപ്പോൾ ഒറ്റാൽ എന്ന ചിത്രവുമുണ്ടായി. തന്റെ മൂന്നാമത്തെ തിരക്കഥയുടെ പണിപ്പുരയിലാണ് ജോഷി ഇപ്പോൾ. ആദ്യ തിരക്കഥയായ 'കുതിരച്ചന്ദ്രൻ ദി സണ്‍ ഓഫ് എർത്ത്' സ്ക്രീനിൽ പകർത്താനുള്ള ഒരുക്കങ്ങളും പൂർത്തിയായി വരുന്നു. ദുബായിൽ കരാമയിലാണ് ജോഷി മങ്ങലത്തും കുടുംബവും താമസം. ഭാര്യ സന്ധ്യ, മക്കൾ നയൻ, നീൽ.

അവലംബം : റഫീക് ഉമ്പാച്ചി ചന്ദ്രികയിലെഴുതിയ ലേഖനം.