മാത്യു മറ്റം

Submitted by Achinthya on Thu, 01/29/2015 - 16:36
Name in English
Mathew Mattom
Artist's field

കഥാകൃത്ത്. 1950-ൽ ഇടുക്കിയിൽ ജനിച്ചു.  കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി കോളേജിൽ പഠിച്ചുകൊണ്ടിരുന്ന സമയത്ത് മാത്യു സഹപാഠിയായിരുന്ന വത്സമ്മയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിയ്ക്കുകയും ചെയ്തു. വ്യത്യസ്ത മതത്തിൽപ്പെട്ടവരായതുകൊണ്ട് എതിർപ്പുകൾ നേരിടേണ്ടിവന്നതിനാൽ അവർ ഒന്നിച്ചുള്ള ജീവിതമാരംഭിച്ചപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായി. ജീവിയ്ക്കുവാനുള്ള പണമുണ്ടാക്കാൻ വേണ്ടിയാണ് മാത്യു മറ്റം നോവലുകൾ എഴുതി തുടങ്ങിയത്. അന്ന് പ്രചാരത്തിലുണ്ടായിരുന്ന ഒറ്റരൂപ നോവലുകൾ എഴുതിക്കൊണ്ടായിരുന്നു തുടക്കം. കൊച്ചു കൊച്ചു നോവലുകൾ കൊച്ചു കൊച്ചു പുസ്തകങ്ങളാക്കി ഒറ്റരൂപയ്ക്കു വിൽക്കുന്ന ഒരേർപ്പാടായിരുന്നു അത്. അങ്ങിനെ ചെറിയ നോവലുകളെഴുതി തുടക്കമിട്ട മാത്യു മറ്റം പിന്നീട് വളർന്ന് ഉദ്യേഗഭരിതവും ഹരം പിടിപ്പിയ്ക്കുന്നവയുമായ നോവലുകളുടെ സൃഷ്ടാവായിമാറി.

മലയാളത്തിലെ ഒട്ടേറേ ആനുകാലികങ്ങളിൽ ശ്രദ്ധേയമായ ഒട്ടേറെ നോവലുകളും കഥകളും രചിച്ച മാത്യുമറ്റത്തിന്റെ രചനയ്ക്കുവേണ്ടി കേരളത്തിലെ പ്രമുഖ വാരികകൾ മത്സരിച്ചിരുന്നു. ഒരേ സമയം 13 -14 വാരികകളിൽ നോവലുകൾ എഴുതിയിരുന്ന ജനപ്രിയ സാഹിത്യകാരനായിരുന്നു മാത്യു മറ്റം. 270-ൽ അധികം നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. കരിമ്പ്,മെയ്ദിനം, അഞ്ചുസുന്ദരികൾ,പോലീസുകാരന്റെ മകൾ,ആലിപ്പഴം എന്നിവ  അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായനോവലുകളിൽ ചിലതാണ്. കരിമ്പ്, മെയ്ദിനം എന്നീ നോവലുകൾ സിനിമയാക്കിയിട്ടൂണ്ട്. ആലിപ്പഴം പോലുള്ള ചില നോവലുകൾ ടി വി സീരിയലുകളായിട്ടുണ്ട്.

പ്രമേഹരോഗിയായിരുന്ന മാത്യു മറ്റം 2016 മെയ് മാസത്തിൽ അന്തരിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

റ്റ്