പാരീസ് ലക്ഷ്മി

Name in English
Paris Laxmi

ഫ്രാൻസിലെ പ്രോവൻസ് സ്വദേശികളായ ഈവിന്റേയും പാത്രേസ്യയുടേയും മൂത്ത മകളായി ജനനം. മറിയം സോഫിയ ലക്ഷ്‌മി എന്നാണ്‌ പാരീസ്‌ ലക്ഷ്‌മിയുടെ യഥാർത്ഥ നാമം. ഈവ് നാടക കലാകാരനും കവിയുമാണ്, പത്രേസ്യ ശില്പിയും. ഭാരത സംസ്കാരത്തോടും ഹൈന്ദവ ആചാരങ്ങളോടുമുള്ള താല്പര്യം കൊണ്ടാണ് മാതാപിതാക്കൾ അവർക്ക് ലക്ഷ്മി എന്നും ഇളയ മകനെ നാരായണൻ എന്നും നാമകരണം ചെയ്തത്. ഫ്രാൻസിലെ ക്ലാസിക് കലകൾ ചെറുപ്പത്തിൽ തന്നെ പഠിച്ച അവർ, തന്റെ ഏഴാം വയസ്സിലാണ് മാതാപിതാക്കൾക്കൊപ്പം ആദ്യമായി ഇന്ത്യയിൽ വരുന്നത്. ആ യാത്രക്കിടയിൽ കണ്ട ഭരതനാട്യം അവരെ ആകർഷിക്കുകയും, നൃത്തം പഠിക്കണമെന്ന മോഹം കൊണ്ട് ഒന്‍പതാം വയസ്സ്‌ മുതല്‍ ഫ്രാന്‍സില്‍ ഭരതനാട്യം പഠിക്കാനും തുടങ്ങി. ഫ്രാന്‍സില്‍നിന്നും ഭരതനാട്യത്തിന്റെ പ്രാഥമികചുവടുകള്‍ മാത്രം അഭ്യസിച്ച അവർ പിന്നീട് ഇന്ത്യയിലെത്തി, ഡോ. പത്മ സുബ്രഹ്‌മണ്യത്തിന്റെ കീഴിലും, അവരുടെ പ്രമുഖ ശിഷ്യരുടെ കീഴിലും വര്‍ഷങ്ങളോളം നൃത്തം അഭ്യസിച്ചു.

ഭരതനാട്യ വേദികളിൽ തിരക്കേറിയപ്പോൾ പാരീസ് ലക്ഷ്മി എന്ന പേരു സ്വീകരിച്ചു. അമൽ നീരദിന്റെ ബിഗ്‌ ബിയിലെ 'ഓ ജനുവരി' എന്ന ഗാനത്തിൽ ഭരതനാട്യ ചുവടുകൾ വച്ച് കൊണ്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നു വന്നു. ബാംഗ്ലൂർ ഡേയ്സിൽ മിഷേൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും പാരീസ് ലക്ഷ്മിയാണ്‌.  പ്രശസ്‌ത കഥകളി നടനായ പളളിപ്പുറം സുനിലാണ്‌ പാരീസ്‌ ലക്ഷ്‌മിയുടെ ഭര്‍ത്താവ്‌. വൈക്കത്ത്‌ കലാശക്‌തി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ്‌ ആര്‍ട്‌സ് എന്ന സ്‌ഥാപനം നടത്തുകയാണ്‌ ലക്ഷ്‌മി. നൃത്തത്തിൽ മാത്രമല്ല, ചിത്രകലയിലും തല്പരയാണ് പാരീസ് ലക്ഷ്മി.