1967 സെപ്റ്റംബർ 12ന് ജെയിംസ് സാമുവേലിന്റെയും ജയകുമാരിയുടെയും മകനായി തിരുവനന്തപുരത്തെ കഴക്കൂട്ടത്താണ് പ്രേംകുമാറിന്റെ ജനനം. തിരുവനന്തപുരത്തെ വിവിധ കലാലയങ്ങളിൽ നിന്നും വിദ്യാഭ്യാസം പൂർത്തി ആക്കിയ ശേഷം തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു. അവിടെ നിന്നും ഒന്നാം റാങ്കോടെ ആണ് പ്രേംകുമാർ പാസ്സായത്. പ്രശസ്ത സംവിധായകൻ പി എ ബക്കറിന്റെ പി കൃഷ്ണപ്പിള്ളയെക്കുറിച്ചുള്ള "സഖാവ്" എന്ന സിനിമയിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്.എന്നാൽ അത് പ്രദർശനത്തിനു വന്നില്ല. തുടർന്ന് തൊണ്ണൂറുകളിൽ ദൂരദർശൻ മലയാളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന "ലംബോ" എന്ന ടെലിഫിലം ആണ് പ്രേംകുമാറിനെ അഭിനയ രംഗത്തേക്ക് വീണ്ടും കൊണ്ട് വരുന്നത്..വളരെ അധികം പ്രേക്ഷക ശ്രദ്ധ നേടിയ ഇതിലെ അഭിനയത്തിന് 1990 ലെ മികച്ച നടനുള്ള കേരള സംസ്ഥാന ടി വി അവാർഡ് ഇദ്ദേഹത്തിനായിരുന്നു. അരങ്ങ് എന്ന ചിത്രം ആണ് ആദ്യം റിലീസ് ആയത്.ഇരുപതു വർഷത്തിൽ അധികമായി അഭിനയ രംഗത്തുള്ള പ്രേംകുമാർ, ചെറിയ ചെറിയ വേഷങ്ങൾ ചെയ്തു നായക വേഷങ്ങളിലേക്ക് എത്തി. ജോണിവാക്കർ, അനിയൻ ബാവ ചേട്ടൻ ബാവ, മന്ത്രിക്കൊച്ചമ്മ, ആദ്യത്തെ കണ്മണി, ഇക്കരെയാണെന്റെ താമസം തുടങ്ങി നൂറോളം സിനിമകളിൽ നായകനും സഹനടനുമായി മികച്ച പ്രകടനം തന്നെ ആണ് പ്രേംകുമാർ കാഴ്ച വെച്ചത്. വ്യക്തി പരമായ കാരണങ്ങളാൽ അഭിനയ രംഗത്ത് നിന്നും കുറച്ചു കാലം വിട്ടു നിന്ന പ്രേംകുമാർ ചട്ടക്കാരി, തേജാഭായി ആൻഡ് ഫാമിലി, ഷട്ടർ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമരംഗത്ത് വീണ്ടും സജീവമായി.
ഭാര്യ ജിഷയും മകൾ ജമീമയുമൊത്ത് കഴക്കൂട്ടത്ത് താമസിക്കുന്നു .
സഹോദരങ്ങൾ: അജിത് കുമാർ , പ്രസന്ന കുമാർ