ടെലിവിഷൻ ഷോ ആങ്കറിംഗ് , മോഡലിംഗ് എന്നീ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചതിന് ശേഷമാണ് എറണാകുളം സ്വദേശിയായ അഞ്ജലി സിനിമാരംഗത്തെത്തുന്നത്. തൃപ്പൂണിത്തുറ എൻ എസ് എസ് കോളേജിൽ പഠിച്ചുകൊണ്ടിരിയ്ക്കുമ്പോൾ ന്യൂമറോളജി പ്രകാരം ഭാഗ്യാഞ്ജലി എന്ന് പേരു മാറ്റിയാണ് അഞ്ജലി മോഡൽ ആവുന്നത്. തുടർന്ന് ഏഷ്യാനെറ്റ് , കൈരളി, ജീവൻ ടി വി തുടങ്ങിയ ചാനലുകളിൽ ആങ്കർ ആവുകയും 'ല കൊച്ചിൻ' തുടങ്ങിയ ആൽബങ്ങളിൽ അഭിനയിയ്ക്കുകയും ചെയ്തു.
2010 ൽ 'നെല്ല്' എന്ന തമിഴ് സിനിമയിൽ നായിക ആയാണ് അഞ്ജലി സിനിമാ രംഗത്തെത്തുന്നത് . അതേ വർഷം തന്നെ 'ഉന്നൈ കാതലിപ്പേൻ', 'കൊട്ടി' തുടങ്ങിയ സിനിമകളിലും നായിക ആയി. തൊട്ടടുത്ത വർഷം 'സീനിയേഴ്സ്' എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെ മലയാളസിനിമയിലും തുടക്കം കുറിച്ചു. തുടർന്ന് 'സീൻ 1 നമ്മുടെ വീട്', 'വെനീസിലെ വ്യാപാരി' , 'എ ബി സി ഡി' തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ, നായിക ആയില്ലെങ്കിലും മലയാളസിനിമയിലെ പരിചിതസാന്നിദ്ധ്യമായി അഞ്ജലി.
ഇതിനോടകം നാല്പ്പത്തി അഞ്ചോളം സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അവതരിപ്പിച്ച അഞ്ജലി, 2015 ലെ മികച്ച സ്വഭാവനടിയ്ക്കുള്ള സംസ്ഥാനസർക്കാർ പുരസ്കാരം 'ബെൻ' എന്ന സിനിമയിലെ അഭിനയത്തിലൂടെ നേടി.
പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫറും ചലച്ചിത്ര സംവിധായകനുമായ അനീഷ് ഉപാസനയാണ് അഞ്ജലിയുടെ ജീവിതപങ്കാളി.
- 1003 views