ഫോട്ടോ: ശ്യാമയുടെ ഫേസ്ബുക്ക് പോസ്റ്റ്
ചലച്ചിത്ര സംവിധായകൻ,തിരക്കഥാകൃത്ത്,ഗാനരചയിതാവ്. 1936 ഡിസംബർ 6-ന് തിരുവനന്തപുരം ജില്ലയിലെ പാപ്പനംകോട് ജനിച്ചു. കുട്ടിക്കാലം മുതലെ ലക്ഷമണൻ കവിതകൾ എഴുതുമായിരുന്നു. പ്രാദേശിക കലാസമിതികളിലൂടെയുള്ള പ്രവർത്തനം അദ്ദേഹത്തെ കലാനിലയം സ്ഥിരം നാടകവേദിയിലെത്തിച്ചു. നാടകരചനയിലും,ഗാനരചനയിലും,സംവിധാനത്തിലും കഴിവുതെളിയിച്ചുകൊണ്ട് ഒൻപത് വർഷം അവിടെ കഴിഞ്ഞു. അതിനു ശേഷം മറ്റു പ്രൊഫഷണൽ നാടക സംഘങ്ങൾക്കുവേണ്ടിയും നാടകങ്ങൾ രചിച്ചു.
1967-ൽ ഇറങ്ങിയ ഇന്ദുലേഖ എന്ന ചിത്രത്തിലെ "സൽക്കലാദേവിതൻ... എന്ന ഗാനം രചിച്ചുകൊണ്ടാണ് പാപ്പനംകോട് ലക്ഷ്മണൻ സിനിമാമേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. തുടർന്ന് വിവിധ സിനിമകൾക്കായി നൂറിലധികം ഗാനങ്ങൾ രചിച്ചു. അമൃതവാഹിനി എന്ന സിനിമയ്ക്ക് കഥ,തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ആ മേഖലയിലും പാപ്പനംകോട് ലക്ഷ്മണൻ തന്റെ കഴിവു പ്രകടിപ്പിച്ചു. നൂറോളം സിനിമകൾക്ക് അദ്ദേഹം കഥ,തിരക്കഥ,സംഭാഷണം രചിച്ചിട്ടുണ്ട്. ഒരു സിനിമയിൽ അഭിനയിക്കുകയും ഒരു സിനിമ നിർമ്മിയ്ക്കുകയും ചെയ്തിട്ടുണ്ട്.
പാപ്പനംകോട് ലക്ഷ്മണന്റെ ഭാര്യ രാജമ്മ. രണ്ട് കുട്ടികൾ ഗോപീകൃഷ്ണൻ,വീണ.