ചന്ദ്രന്‍ വെയാട്ടുമ്മൽ

Submitted by Kiranz on Fri, 07/25/2014 - 23:10
Name in English
Chandran Veyattummal
Alias
പാരീസ് ചന്ദ്രൻ
Paris Chandran

1956-ല്‍ നാടന്‍ പാട്ടുകാരുടെ താവഴിയില്‍ കോഴിക്കോട് ജനിച്ചു. 1982-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സില്‍ ചേര്‍ന്നു. ഞെരളത്ത് രാമപ്പൊതുവാളിന് കീഴിലായിരുന്നു സംഗീത പരിശീലനം. പിന്നീട്, ജി. ശങ്കരപ്പിള്ളയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിച്ച് നാടകസംഗീതത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. 1986-ല്‍ ലണ്ടന്‍ ആസ്ഥാനമായുള്ള താര ആര്‍ട്സ് ഗ്രൂപ്പ് ആന്‍ഡ് നാഷണല്‍ തീയറ്ററില്‍ ഒരു ദശാബ്ദത്തോളം പ്രവര്‍ത്തിച്ചു. 1995 മുതല്‍ 2011 വരെ ഫ്രാന്‍സ് ആസ്ഥാനമാക്കിയ ഫുട്സ്ബാണ്‍ തീയറ്ററില്‍ പ്രവര്‍ത്തിക്കാനിടയായതോടെ പാരീസ് ചന്ദ്രന്‍ എന്ന പേരിലും അറിയപ്പെടാന്‍ തുടങ്ങി. ഇതേ കാലയളവില്‍ തന്നെ ഇന്ത്യയിലെ പല ശ്രദ്ധേയ അവതരണങ്ങള്‍ക്കും സംഗീത നിര്‍വ്വഹണം നിര്‍വ്വഹിച്ചു. അഭിലാഷ് പിള്ള സംവിധാനം ചെയ്ത ബാബര്‍ നാമ (2005), തൃശൂരിലെ ഓക്സിജന്‍ തീയറ്റര്‍ കമ്പനിക്കായി ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത സ്പൈനല്‍ കോഡ്, പിയര്‍ ജയിന്റ്റ് എന്നിവ അവയില്‍ ചിലതാണ്. പത്തോളം ചലച്ചിത്രങ്ങള്‍ക്കും ഇരുന്നൂറിലധികം ഡോക്യുമെന്ററികള്‍ക്കും സംഗീത സംവിധാനം ചെയ്തിട്ടുണ്ട്. 2008-ല്‍ 'ബയോസ്കോപ്പ്' എന്ന ചിത്രത്തിലൂടെ പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട്.
(അവലംബം: 'ഖസാക്കിന്‍റെ ഇതിഹാസ'മെന്ന നാടകത്തിന്‍റെ ലഘുലേഖ)