നടനും സ്റ്റണ്ട് മാസ്റ്ററുമായിരുന്നു ഒറ്റപ്പാലത്തിനടുത്ത് ലക്കിടി മിത്രാനന്ദപുരത്ത് നെട്ടിയത്ത് വീട്ടിൽ കൃഷ്ണൻ നായർ എന്ന സാന്റോ കൃഷ്ണൻ. 1920 മേയ് 17 നു ഒറ്റപ്പാലത്ത് കണ്ണിയംപുറത്ത് ജനനം. 1932 ൽ മഹാത്മജിയുടെ ഒറ്റപ്പാലം സന്ദര്‍ശനത്തില്‍ ആവേശഭരിതനായി ജാതി വിവേചനത്തിനെതിരെ ആശയപ്രചരണം നടത്തിയതിന്റെ പേരില്‍ സ്‌കൂളില്‍ നിന്നു പുറത്താക്കപ്പെടുകയും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. വരോട് സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്ന സമയത്തായിരുന്നു ഇത്. പുറത്തിറങ്ങിയ കൃഷ്ണൻ വീട്ടിൽ പോകാതെ മദിരാശിലേക്ക് കള്ളവണ്ടി കയറി നാടുവിട്ടു. മദിരാശിയിൽ ഒരു ചായക്കടയിൽ മൂന്നു വർഷത്തോളം ജോലി നോക്കി. അതിനിടയിൽ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം നേടി. ആദ്യമായി അഭിനയിക്കാൻ അവസരം ലഭിച്ചത് കമ്പരാമായണത്തെ ആധാരമാക്കി നിർമ്മിക്കപ്പെട്ട കമ്പര് എന്ന തമിഴ് ചിത്രത്തിൽ ആയിരുന്നു. ഒരു ചെറു വേഷമാണ് അതിൽ അഭിനയിച്ചത്. പിന്നീട് മദിരാശിയിൽ എത്തിയ സമയം മുതൽ ബോഡി ബിൽഡിംഗിൽ ശ്രദ്ധാലുവായിരുന്ന കൃഷ്ണൻ, കളരിപ്പയറ്റ്, ഗുസ്തി, ചിലമ്പാട്ടം തുടങ്ങിയ അഭ്യസിച്ചിരുന്നു. പിന്നീട് സിനിമകളിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ ഇത് സഹായിച്ചു. നിശബ്ദ സിനിമയായ ബാലി സുഗ്രീവനിലെ അംഗദന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു.
ഡൽഹിൽ നടന്ന വെയിറ്റ് ലിഫ്റിംഗ് മത്സരത്തിൽ കൃഷ്ണൻ നായർ ചാമ്പ്യനായി. 1941 ൽ പുതുക്കോട്ടയിൽ നടന്ന ഒരു ഉത്സവത്തിനിടെ 300 പൗണ്ട് ഭാരമുള്ള ഒരു കല്ലുയർത്തി വിജയിയായി. അതിനെ തുടർന്ന് പുതുക്കോട്ട ഇളയരാജാവ് അദ്ദേഹത്തിനു സാന്റോ പട്ടം നൽകി. അങ്ങനെയാണ് അദ്ധേഹം സാന്റോ കൃഷ്ണൻ എന്നറിയപ്പെട്ടു തുടങ്ങിയത്. ദേഹാഭ്യാസത്തിൽ ഉണ്ടായിരുന്ന പരിചയം അദ്ദേഹത്തെ സ്റ്റണ്ട് സോമു എന്ന തമിഴ് സ്റ്റണ്ട് മാസ്റ്റരുടെ ശിഷ്യനാക്കി. അദ്ദേഹത്തിൽ നിന്നും സിനിമയിലെ സ്റ്റണ്ട് പഠിച്ച സാന്റോ കൃഷ്ണൻ പിന്നീട് സ്വതന്ത്രമായി പ്രവർത്തിച്ചു തുടങ്ങി. സ്റ്റണ്ട് മാസ്റ്റർ ത്യാഗരാജൻ അദ്ദേഹത്തിന്റെ ശിഷ്യനാണ്. 1946 ലിൽ നൊട്ടിയത്ത് കൊച്ചുകുട്ടിയമ്മയെ വിവാഹം കഴിച്ചു. സേലം എം എ വി തീയേറ്റേഴ്സ് നിർമ്മിച്ച സമ്പൂർണ്ണ രാമായണത്തിലെ ഹനുമാൻ വേഷം അഭ്രപാളികളിൽ അദ്ദേഹത്തിനു നിരവധി വേഷങ്ങൾ നേടിക്കൊടുത്തു. 1954 ൽ തുടങ്ങി 1956 അവസാനം വരെ ചിത്രീകരണം നീണ്ട ഈ ചിത്രത്തിൽ എൻ ടി ആർ, പദ്മിനി, ശിവാജി ഗണേശൻ എന്നിവർക്കൊപ്പം അഭിനയിച്ചു. അതിനു ശേഷം കന്നഡ ചിത്രമായ ഭക്തവേവണ്ണ, ശ്രീരാമപട്ടാഭിഷേകം, ഹിന്ദി ചിത്രമായ രാമാഞ്ജനേയയുദ്ധം, തമിഴ് ചിത്രമായ ഭക്ത ഹനുമാൻ, രാമഭക്ത ഹനുമാൻ, തെലുങ്ക് സിനിമയായ ലവ കുശ തുടങ്ങിയ ചിത്രങ്ങളിൽ ഹനുമാനായി അഭിനയിച്ചു.
സിനിമാ അഭിനയത്തിൽ സജീവമായപ്പോൾ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിക്കാൻ കഴിയാതെ വന്നു. അങ്ങനെ തനിക്ക് വന്ന അവസരങ്ങൾ തന്റെ ശിഷ്യന്മാർക്ക് നൽകുകകയായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായ പുരുഷോത്തമന്റെ ഒപ്പമാണ് ത്യാഗരാജൻ ആദ്യകാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്. 1957-58 കാലത്ത് എം കൃഷ്ണൻ നായർ സംവിധാനം ചെയ്ത കടത്തുകാരനിലൂടെയാണ് അദ്ദേഹം മലയാളത്തിൽ എത്തുന്നത്. തുടർന്ന് ദുർഗ്ഗ, സുജാത, ശബരിമല ശ്രീഅയ്യപ്പൻ, റസ്റ്റ്ഹൗസ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. കുഞ്ചാക്കോയുടെ സിനിമകളിലാണ് അധികവും അഭിനയിച്ചത്. വടക്കൻപാട്ട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. കളരി അഭ്യാസിയായും മല്ലനായും നിരവധി വേഷങ്ങളിൽ അദ്ദേഹം നമുക്ക് മുന്നിലെത്തി. മദ്രാസിൽ താമസിക്കുന്ന സമയത്ത് തിക്കുറിശ്ശിയുമായി ആത്മബന്ധം പുലർത്തിയിരുന്നു, ഹനുമാൻ കുട്ടി എന്നാണ് തിക്കുറിശ്ശീ അദ്ദേഹത്തെ വിളിച്ചിരുന്നത്.
സിനിമയിലെ സമ്പാദ്യം ഒരു തമിഴ് സിനിമ നിർമ്മിക്കാനായി മുടക്കി, പക്ഷേ സിനിമ പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോൾ അത് മറ്റൊരു നിർമ്മാതാവിന് വിൽക്കേണ്ടി വന്നു. അങ്ങനെ വലിയൊരു കടക്കാരനായി മാറിയ സാന്റോ കൃഷ്ണൻ, ചിത്രങ്ങളിൽ അഭിനയിച്ചു കിട്ടിയ പണം കൊണ്ടാണ് അത് വീട്ടിയത്. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, സിംഹള ഭാഷകളിലായി 2000 ഓളം ചിത്രങ്ങളിൽ അഭിനയിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങൾ അലട്ടിയപ്പോൾ സിനിമയിൽ നിന്നും മാറി നിൽക്കേണ്ടി വന്നൂ അദ്ദേഹത്തിന്. ഇടക്ക് നിരവധി ചിത്രങ്ങളിൽ ചെറു വേഷങ്ങളിൽ അഭിനയിച്ചു. 2003 ൽ ഒരു വാഹനാപകടത്തിൽപ്പെടുകയും കാലിനു ശസ്ത്രക്രിയ ചെയ്യേണ്ടി വരികയും ചെയ്ത്, ആ അപകടം അദ്ദേഹത്തെ വികലാംഗനാക്കി മാറ്റി. അതിനു ശേഷം ഒരു വീഴ്ചയിൽ തലക്ക് സാരമായ പരിക്കേറ്റ അദ്ദേഹം നീണ്ട കാലത്തെ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരികെ വന്നത്. അവസാനകാലത്ത് കേൾവി ശക്തിയും കാഴ്ച ശക്തിയും ഓർമ്മ ശക്തിയും നഷ്ടപ്പെടുകയും ചെയ്തു. സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിച്ച അദ്ദേഹത്തിനു തുണയായത് അമ്മയുടെ കൈനീട്ടം എന്ന പദ്ധതിയും സർക്കാരിന്റെ അവശകലാകാരന്മാർക്കുള്ള പെൻഷനുമാണ്. ലക്കിടിയിലെ നൊട്ടിയത്തുവീട്ടിൽ വച്ച് 2013 ജൂലൈ 6-ന് അന്തരിച്ചു.
- 336 views