അമൃതം ഗോപിനാഥ്

Submitted by suvarna on Mon, 04/07/2014 - 21:21
Name in English
Amrutham Gopinath

1959 ൽ യേശുദാസിന്റെ അച്ഛൻ അഗസ്റ്റിൻ ജോസഫിന്റെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയ അമൃതം, എസ്.എല്‍.പുരം സദാനന്ദന്റെ ആദ്യട്രൂപ്പായ കല്‍പ്പന തീയറ്റേഴ്‌സിലും പി.ജെ. ആന്റണിയുടെ പി.ജെ. തീയറ്റേഴ്‌സ് തുടങ്ങിയ ഒട്ടേറെ പ്രൊഫഷണല്‍ ട്രൂപ്പുകളില്‍ അംഗമായി. തുടർന്ന് സിനിമയിലും വേഷം കിട്ടി. 'വേലക്കാരന്‍' ആയിരുന്നു ആദ്യസിനിമ. ഉദയയുടെപാലാട്ട് കോമന്‍, ഉമ്മ, മാമാങ്കം തുടങ്ങി ഒട്ടേറെ സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു.

        ബാലതാരമായി തുടങ്ങിയ അമൃതം മുതിര്‍ന്നപ്പോള്‍ അഭിനയത്തിനൊപ്പം നൃത്തസംവിധായികയുടെ റോള്‍കൂടി ഏറ്റെടുത്തു. തെലുങ്കിലെ ഓട്ടോഗ്രാഫ്, ഇംഗ്ലീഷ് ചിത്രമായ ബാക്ക് വാട്ടര്‍, മലയാള ചിത്രങ്ങളായ ഈണം മറന്ന കാറ്റ്, തച്ചോളി അമ്പു, മാമാങ്കം, ആലിലക്കുരുവികള്‍, പോലീസ് ഡയറി, പപ്പയുടെ സ്വന്തം അപ്പൂസ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ തുടങ്ങിയവയ്ക്കും നൃത്തമൊരുക്കി. ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

സിദ്ധിഖ് ലാലിന്റെ ആദ്യ ചിത്രമായ "റാംജിറാവ് സ്പീക്കിങ്ങ്' എന്ന ചിത്രത്തിലെ ഹോസ്റ്റല്‍ വാര്‍ഡന്‍ കഥാപാത്രമാണു ശ്രദ്ധേയമായത്. മുകേഷിന്റെ ഗോപാലകൃഷ്ണനോട് 'കമ്പിളിപ്പുതപ്പ്' ആവശ്യപ്പെട്ട് പറ്റിക്കപ്പെടുന്ന ഹോസ്റ്റല്‍ വാര്‍ഡന്‍ കഥാപാത്രത്തെ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കും.

    1946ല്‍ കൃഷ്ണപിള്ളയുടെയും നാണിക്കുട്ടിയമ്മയുടെയും മകളായി പള്ളിപ്പാട് അരവികുളങ്ങര വീട്ടിലായിരുന്നു ജനനം. ഇപ്പോൾ കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നു. 

 

കടപ്പാട്: മാതൃഭൂമി വാർത്ത.