ഇന്ത്യൻ സിനിമയിലെ ഒരു സവിശേഷവ്യക്തിയാണ് ഈ ചെന്നൈ മലയാളി.
മഹാരാജ സായാജിറാവു യൂണിവേഴ്സിറ്റി ബറോഡയിൽ നിന്നും കലാനിരൂപണത്തിൽ ബിരുദാനന്തരബിരുദവും പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പിജി ഡിപ്ലോമയും(എം പി പി) നേടിയിട്ടുള്ള ഫൗസിയ ഫാത്തിമ, പഠനാനന്തരം പ്രശസ്ത ചായാഗ്രാഹകൻ പി സി ശ്രീറാമിനു കീഴിൽ സഹായി ആയതിനുശേഷം, രേവതി സംവിധാനം ചെയ്ത "മിതൃ മൈ ഫ്രണ്ട്" എന്ന സിനിമയിലൂടെയാണ് സ്വതന്ത്രഛായാഗ്രഹക ആവുന്നത്.
തുടർന്ന് "ഉയിർ","കുഛ് തൊ ഹേ","ഇവൻ","ഇൻ ദി ഷാഡോ ഓഫ് ദി കോബ്ര","ഗുലുമാൽ ദി എസ്കേപ്","ചോഖർ പാനി" തുടങ്ങി മലയാളം,തമിഴ്,ഹിന്ദി,ഇംഗ്ലീഷ് ഭാഷകളിലായി പത്തോളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. വി കെ പ്രകാശ് സംവിധാനം ചെയ്ത "ഗുലുമാൽ ദി എസ്കേപ്പ്" പൂർണമായും ഡിജിറ്റൽ ഫോർമാറ്റിലാണ് ചിത്രീകരിച്ചത്. സിനിമകൾ കൂടാതെ ഡോക്യുമെന്ററികൾക്കും ഫെഡറൽ ബാങ്ക്, ഡാൽഡ ഓയിൽ, സൺഫീസ്റ്റ്, വൈ ഷുഗർ തുടങ്ങിയവയുടെ പരസ്യചിത്രങ്ങൾക്കും ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
14 വർഷത്തിലേറെയായി രംഗത്തുള്ള ഫൗസിയ, ഇപ്പോൾ സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ (എസ് ആർ എഫ് ടി ഐ) സിനിമാറ്റോഗ്രഫി വിഭാഗത്തിൽ പ്രൊഫസറും വകുപ്പുമേധാവിയുമാണ്. കൂടാതെ സീനിയർ ലക്ചറർ സിനിമാറ്റോഗ്രാഫി- ലീഡ്സ് മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റി യു.കെ, വിസിറ്റിംഗ് ഫാക്കൽറ്റി സിനിമാറ്റോഗ്രഫി- എൽ വി പ്രസാദ് ഫിലിം& ടി വി അക്കാദമി, ഗസ്റ്റ് ഫാക്കൽറ്റി ഡിപ്പാർട്ട്മെന്റ് ഓഫ് ഡിജിറ്റൽ വീഡിയോ പ്രൊഡക്ഷൻ- സൃഷ്ടി സ്കൂൾ ഓഫ് ആർട്ട്,ഡിസൈൻ&ടെക്നോളജി എന്നീ തസ്തികകളിലും ജോലി ചെയ്തിട്ടുണ്ട്. കൊച്ചി ബുദ്ധ ആർട്ട് ഗാലറിയിൽ ഫോട്ടോ പ്രദർശനവും നടത്തിയിട്ടുണ്ട് ഫൗസിയ ഫാത്തിമ.
കോട്ടയം സ്വദേശിയായ ചിത്രകാരൻ പ്രദീപ് ചെറിയാനാണ് ഭർത്താവ്. ഒരു മകൾ.
- 345 views