1923 മേയ് 5 ന് ഗോവിന്ദന്റെയും ലക്ഷ്മിയുടേയും മകനായി കോവളത്തിനടുത്ത് കോളിയൂരിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം പൂങ്കുളം സ്കൂളിലായിരുന്നു.അതിനു ശേഷം വെങ്ങാനൂർ ഇംഗ്ലീഷ് മീഡിൽ സ്കൂളിലും നെല്ലിമൂട് ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. അതിനു ശേഷം പല ജോലികൾ ചെയ്ത അദ്ദേഹം, കൂലിപ്പണിയും, കൽപ്പണിക്കരുടെ സഹായിയായും ജോലി നോക്കി. ഇതിനിടയിൽ കമ്പൌണ്ടർ പരീക്ഷ പാസായ അദ്ദേഹം, രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളത്തിൽ ചേർന്നു. യുദ്ധ സ്ഥലങ്ങളിൽ ജോലി നോക്കിയ ശേഷം തിരികെയെത്തി തിരുവനന്തപുരം സർക്കാർ ആശുപത്രിയിൽ കമ്പോണ്ടറായി. പ്രൈവറ്റായി പഠിച്ച് ഇന്റർമീഡിയറ്റും ബി.എ ബിരുദവും കരസ്ഥമാക്കി. എം. എക്ക് ചേർന്നുവെങ്കിലും അത് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ ആകാശവാണിയിൽ അനൗണസറായി ജോലിക്ക് പ്രവേശിച്ചു. പിന്നീട് സ്ക്രിപ്റ്റ് റൈറ്ററായും ന്യൂസ് റീഡറായും ജോലി നോക്കി. കേരളത്തിന്റെ പുറത്തേക്ക് ജോലി മാറ്റം ഉണ്ടാവുമെന്ന് കണ്ടപ്പോൾ ആ ജോലി ഉപേക്ഷിച്ചു. തുടർന്ന് സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറായി. പിന്നീട് വീണ്ടും ആകാശവാണിയിൽ ജോലിക്ക് പ്രവേശിച്ചു. 1959 ൽ അദ്ദേഹം പി ലളിതയെ വിവാഹം ചെയ്തു. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായിരിക്കെ സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടരായിരുന്ന സമയത്താണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ച ശേഷം കേരള കൗമുദിയിലും ജോലി നോക്കി.
20 നോവലുകൾ, 15 കഥാസമാഹാരങ്ങൾ, 6 നാടകങ്ങൾ - ഇതായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ സംഭാവന. ശ്രുതിഭംഗം, കള്ളിച്ചെല്ലമ്മ, വാർഡ് നമ്പർ ഏഴ്, യക്ഷിപ്പറമ്പ്, ഹിമമനുഷ്യൻ, അമ്മു, നിശബ്ദതരംഗങ്ങൾ എന്നിവയാണ് പ്രഥാനകൃതികൾ. അതിൽ ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അദ്ദേഹത്തിന്റെ കള്ളിച്ചെല്ലമ്മ മലയാളത്തിലെ ആദ്യ ഓർവ്വോ കളർ ചിത്രമായി പി ഭാസ്ക്കരന്റെ സംവിധാനത്തിൽ തിരശ്ശീലയിലെത്തി. വിവേകാനന്ദൻ തന്നെയാണ് അതിനു തിരക്കഥയും സംഭാഷണവും ഒരുക്കിയത്. തുടർന്ന് ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, മഴക്കാറ്, ടാക്സി ഡ്രൈവർ, വാർഡ് നമ്പർ ഏഴ്, ഒരു യുഗസന്ധ്യ, വിസ തുടങ്ങി നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം കഥയെഴുതി. 1999 ജനുവരി 23 ന് അദ്ദേഹം അന്തരിച്ചു.
അവലംബം: പ്രദീപ് മലയിൽക്കടയുടെ ഫേസ്ബുക്ക് പോസ്റ്റ്, കേരള സാഹിത്യ അക്കാദമിയുടെ സൈറ്റ്
- 412 views