അപ്പൻ തച്ചേത്ത്

Name in English
Appan Thachethu
Date of Birth
Artist's field
Date of Death
Alias
തച്ചേത്ത് നീലകണ്ഠമേനോന്‍
ടി.എന്‍. മേനോന്‍

1938 നവംബർ 10ന്‌ എളങ്കുളത്ത്‌ തച്ചേത്ത്‌ തറവാട്ടിൽ ജനിച്ചുന്ന ഇടപ്പിളളി വെണ്ണലയിൽ അമ്മിഞ്ചേരി അച്യുതൻപിളളയുടേയും തച്ചേത്ത്‌ നാണിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു. തച്ചേത്ത് നീലകണ്ഠമേനോന്‍ അപ്പന്‍ തച്ചേത്തായത് വീട്ടില്‍ വിളിച്ചിരുന്ന അപ്പന്‍ എന്ന പേരും വീട്ടുപേരും ചേർത്തായിരുന്നു. സ്‌കൂളിൽ  പഠിക്കുമ്പോള്‍ തന്നെ ആദ്യ കവിതാ സമാഹാരം പുറത്തിറക്കിക്കൊണ്ട് അപ്പന്‍ തച്ചേത്ത് സാഹിത്യലോകത്തേക്ക് കടന്നു വന്നു. എഴുപതുകളിൽ ആനുകാലികങ്ങളിലൂടെ കവി എന്ന നിലയിൽ വായനക്കാർക്ക് സുപരിചിതനായിരുന്നു അപ്പൻ തച്ചേത്ത്. പതിനാലാം വയസ്സിലാണ് ആദ്യ ഗാനം എഴുതുന്നത്. രണ്ടു കൃസ്തീയ ഭക്തിഗാനങ്ങൾ പാടി തന്റെ പരിചയക്കാരായ ഗായകർ ഗോകുലഗോപാലനേയും ശാന്താ പി നായരേയും കൊണ്ടു പാടിച്ച് റെക്കോര്ഡ് ചെയ്തു. ലാര്‍സന്‍ ആന്‍ഡ് ട്യൂബ്രോയിൽ ജോലി നോക്കിയ സമയം മദ്രാസിൽ ജോലി ചെയ്യുവാൻ അവസരം ലഭിച്ചു. സിനിമയിൽ പാട്ടെഴുതണമെന്ന മോഹത്തോടെ പലരേയും സമീപിച്ചെങ്കിലും പെട്ടെന്ന് അവസരങ്ങൾ ഒന്നും ലഭിച്ചില്ല. അവിചാരിതമായി, മലയാളത്തിന് ഒട്ടേറെ പുതിയ ഗാനരചയിതാക്കളെ പരിചയപ്പെടുത്തിയ ഡോ.ബാലകൃഷ്ണനെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ വച്ച് പരിചയപ്പെടാൻ ഇടയായത് വഴിത്തിരിവായി. ആനുകാലികങ്ങളിൽ അദ്ദേഹത്തിന്റെ കവിതകൾ വായിചിട്ടുണ്ടായിരുന്ന ഡോ.ബാലകൃഷ്ണൻ അദ്ദേഹത്തിന് ഒരു അവസരം നല്കി. 1975ല്‍ ഡോ.ബാലകൃഷ്ണൻ നിർമ്മിച്ച്,  ജേസി സംവിധാനം ചെയ്ത 'സിന്ദൂരം'എന്ന സിനിമയിലൂടെയാണ് അപ്പന്‍ തച്ചേത്ത് ചലച്ചിത്ര ലോകത്തേക്ക് കടക്കുന്നത്. അതിലെ ഗാനങ്ങൾ തച്ചേത്ത് എഴുതിയത് ഡോ.ബാലകൃഷ്ണന്റെ ക്ലിനിക്കിലെ പേവാർഡിൽ ഇരുന്നായിരുന്നു. രണ്ടു ഗാനങ്ങൾ എഴുതി എങ്കിലും ഒന്ന് മാത്രമാണ് സിന്ദൂരത്തിൽ വന്നത്. പിന്നീട് രാജപരമ്പര, രാജാങ്കണം, ബീന, ഹോമകുണ്ഡം, കസ്തൂരിമാൻ എന്നീ ചിത്രങ്ങള്‍ക്കും അപ്പന്‍ തച്ചേത്ത് ഗാനങ്ങളെഴുതി. ഇവയില്‍ രാജാങ്കണത്തിലെ 'ദേവീ നിന്‍ചിരിയില്‍...' മലയാളിയുടെ എക്കാലത്തേയും പ്രിയപ്പെട്ട പ്രണയഗാനങ്ങളിലൊന്നായി മാറി. ഈ ഗാനം സിന്ദൂരം എന്ന ചിത്രത്തിനായി എഴുതിയതാണെങ്കിലും, ഡോ.ബാലകൃഷ്ണന്റെ താല്പര്യ പ്രകാരം അത് രാജാപരമ്പര എന്ന ചിത്രത്തിൽ ഉൾപ്പെടുത്തുകയാണ് ഉണ്ടായത്. ആ സമയത്ത് അബുദാബിയിൽ ഒരു ജോലി തരപ്പെടുകയും തച്ചേത്ത് അങ്ങോട്ടു പോകുകയും ചെയ്തു. അബുദാബിയിൽ നിന്നും തിരിച്ചെത്തിയ അദ്ദേഹത്തിനു പെട്ടെന്ന് സിനിമാലോകത്തേക്ക് കടന്നു വരാനായില്ല. തരംഗിണിക്കായി യേശുദാസിന്റെ നിർബന്ധ പ്രകാരം പ്രിയേ പ്രണയിനി എന്ന ആൽബത്തിനു വേണ്ടി പാട്ടുകളെഴുതി. പിന്നീട്  മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് , രണ്ട്മുഖങ്ങള്‍ എന്നീ ചിത്രങ്ങൾക്കും അദ്ദേഹം വരികളെഴുതി. 

സാഹിത്യ ലോകത്ത് അദ്ദേഹത്തിന്റെ സംഭാവന എന്നത്  30 കവിതാസമാഹാരങ്ങളിലായി 1500ഓളം കവിതകള്‍, പന്ത്രണ്ടു ബാലകവിതാ സമാഹാരങ്ങള്‍, രണ്ട് സാഹിത്യപഠന ഗ്രന്ഥങ്ങള്‍ എന്നിവയാണ്. ഒട്ടേറെ ഭക്തിഗാനങ്ങളും ലളിതഗാനങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 

ഭാര്യ - സീതാദേവി. മക്കൾ - ദീപക്‌, പ്രദീപ്‌, സീമ.