ജമാൽ കൊച്ചങ്ങാടി

Submitted by Achinthya on Wed, 11/06/2013 - 10:56
Name in English
Jamal Kochangadi
Artist's field

പത്രപ്രവര്‍ത്തന രംഗത്ത് പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും സുപരിചിതനാണ് ജമാല്‍ കൊച്ചങ്ങാടി എന്ന പി.ഇസെഡ്.മുഹമ്മദ് ജമാല്‍. മാധ്യമരംഗത്ത് മാത്രമല്ല പ്രൊഫഷണല്‍ നാടക രംഗത്തും സിനിമയിലും സംഭാവനകള്‍ നല്‍കിയിട്ടുള്ള തൂലികക്കുടമയാണ്. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവര്‍ത്തകനുമായിരുന്ന പി.എ.സൈനുദ്ദീന്‍ നൈനയുടേയും സുലേഖയുടേയും പുത്രനായി എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിലാണ് ജമാലിന്റെ ജനനം. 1944 ഏപ്രില്‍ 30-ന്. മട്ടാഞ്ചേരി ഹാജിഈസ ഹാജിമൂസ ഹൈസ്‌കൂളില്‍ വിദ്യാഭ്യാസം നേടി. 1963-ല്‍ കേരളനാദം സായാഹ്ന പത്രത്തിലാണ് പത്രപ്രവര്‍ത്തനം ആരംഭിക്കുന്നത്. ജയ്ഹിന്ദ്, കൊച്ചിന്‍ എക്‌സ്പ്രസ്, യുവകേരളം തുടങ്ങിയ പത്രങ്ങളിലും ജോലിചെയ്തു. ഭാരതരാജ്യം എന്ന പത്രത്തിന്റേയും പ്രിവ്യു എന്ന വാര്‍ത്താ വാരികയുടേയും ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ചിത്രകാര്‍ത്തിക, യാത്ര, സര്‍ഗ്ഗം, ഫിലിംനാദം, ദീപ്തി എന്നീ ആനുകാലികങ്ങളില്‍ ജോലിചെയ്തിട്ടുണ്ട്. സാഹിത്യപരിഷത്തിന്റെ ഓഫീസ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചശേഷം ഇംപ്രിന്റ് എന്ന അച്ചടിസ്ഥാപനം നടത്തി. 1980-ല്‍ കോഴിക്കോട്് ലീഗ് ടൈംസിന്റെ പത്രാധിപസമിതി അംഗമായി. 1987-ല്‍ മാധ്യമം പത്രത്തിന്റെ ന്യൂസ് ഡെസ്‌ക് ചീഫായി ചുമതലയേറ്റു. വാരാദ്യമാധ്യമത്തിന്റെ എഡിറ്ററായി. മാധ്യമം വാര്‍ഷിക പതിപ്പുകളുടെ ചുമതലക്കാരനായിരുന്നു. 2002-ല്‍ മാധ്യമത്തില്‍ നിന്ന് വിരമിച്ചു. 2006-മുതല്‍ തേജസ് പത്രത്തില്‍ അസോസിയേറ്റ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. ഇനിയും ഉണരാത്തവര്‍, ക്ഷുഭിതരുടെ ആശംസകള്‍ എന്നീ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. തളിരിട്ട കിനാക്കള്‍ (കഥ, സംഭാഷണം, ഗാനങ്ങള്‍) മറക്കില്ലൊരിക്കലും (ഗാനങ്ങള്‍) ചാപ്പ (കഥ) എന്ന സിനിമകളില്‍ ജമാല്‍ കൊച്ചങ്ങാടിയുടെ സംഭാവനകളുണ്ട്.