ആനന്ദ് മധുസൂദനൻ

Submitted by Achinthya on Fri, 09/14/2012 - 11:51
Name in English
Anand Madhusoodanan
Date of Birth

ഇരിങ്ങലക്കുട സ്വദേശി. 1988 മെയ് മാസം 30 ന് കെ മധുസൂദനന്റെയും വിജയത്തിന്റെയും മകനായി ജനനം. മൂന്നു വയസ്സു മുതൽ ചെണ്ട അഭ്യസിച്ചു തുടങ്ങി. കലാമണ്ഡലം ശിവദാസ് ആയിരുന്നു ചെണ്ടയിൽ അദ്ദേഹത്തിന്റെ ഗുരു. കോഴിക്കോട് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും പത്താം തരവും പത്തിരിപ്പാറ ഹയർ സെക്കണ്ടറി സ്‌കൂളിൽ നിന്നും പ്ലസ് ടൂവും പാസായി. പന്ത്രണ്ടാം വയസ്സിൽ സ്‌കൂളിലെ സുഹൃത്തുക്കൾക്കൊപ്പം ഗന്ധർവ്വാസ് എന്നൊരു ബാൻഡിനു അദ്ദേഹം രൂപം കൊടുത്തു. അതിലെ 'പൂവായ് നീ' എന്നു തുടങ്ങുന്ന ഗാനം ഇന്റര്‍നാഷണല്‍ മ്യൂസിക് ഇന്റഗ്രേഷന്‍ അവാര്‍ഡിലെ 'ബെസ്റ്റ് പോപ്പ് ഫോക്ക്' കാറ്റഗറിയിലെ അവസാന അഞ്ചു നോമിനേഷകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സ്‌കൂൾ കലോത്സവ വേദികളിൽ സജീവമായിരുന്ന അദ്ദേഹം ചെണ്ടയിൽ നിരവധി സമ്മാനങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.  സംസ്ഥാന കലോത്സവ വേദിയിലെ പ്രകടനം ശ്രദ്ധയാകർഷിക്കുകയും അതു വഴി വിദേശ രാജ്യങ്ങളിൽ പരിപാടികൾ നടത്തുവാൻ അദ്ദേഹത്തിന് അവസരം കൈവരികയും ചെയ്തു.  

SAE കോളേജ് ചെന്നൈയിൽ നിന്നും സൗണ്ട് എന്‍ജിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ അദ്ദേഹം പിന്നീട് റെഡ് എഫ് എമ്മിൽ സൗണ്ട് എഞ്ചിനീയറായി ജോലി നോക്കി. ചെന്നെയിൽ നിന്നും തിരികെ വന്ന ശേഷം ഗന്ധർവ്വ എന്ന ബാൻഡ് വർഷം എന്നൊരു ആൽബം ചെയ്തിരുന്നു. അൽപം വ്യത്യസ്തമായ മാർക്കറ്റിങ് തന്ത്രം പയറ്റിയ ആ സംഘം,  തൃശ്ശൂരും കോഴിക്കോടുമുള്‍പ്പെടെ പ്രധാന നഗരങ്ങളിലെ തെരുവുകളില്‍ ആ ഗാനങ്ങൾ പാടി അവതരിപ്പിച്ച് സി.ഡി.കള്‍ മുഴുവൻ വിറ്റു തീർക്കുകയായിരുന്നു. പിന്നീട് ഈ ബാൻഡ് വേർപിരിഞ്ഞ് ഇടയ്ക്കുള്ള സംഗീത കൂട്ടായ്മകളിലേക്ക് മാത്രം ഒതുങ്ങി. ആ സമയത്താണ് രഞ്ജിത് ശങ്കർ മെയ് ഫ്ലവർ എന്ന ചിത്രം നിർമ്മിക്കാൻ തീരുമാനിക്കുന്നതും ആനന്ദിന് അതിന്റെ സംഗീതം നൽകാൻ അവസരം ലഭിക്കുന്നതും.  പ്രോജക്ട് ഇടയ്ക്കു വച്ച് നിന്നു പോയെങ്കിലും രഞ്ജിത്തിന്റെ തന്നെ മോളി ആന്റി റോക്ക്സ് എന്ന ചിത്രത്തിലൂടെ 2012 ൽ ആനന്ദ് സ്വതന്ത്ര സംഗീത സംവിധായകനായി സിനിമയിൽ അരങ്ങേറി. ഏകദേശം അതേ സമയത്ത് തന്നെയാണ് ആനന്ദും സുഹൃത്തുക്കളും ചേർന്ന് കാർണിവൽ എന്നൊരു വോക്കൽ ഗ്രൂപ്പ് രൂപവത്കരിക്കുന്നത്. പിന്നീടത് ഒരു ബാൻഡായി മാറി. പിന്നീട് വീപ്പിങ് ബോയ്‌, മത്തായി കുഴപ്പക്കാരനല്ല, ദേശീയ പുരസ്കാരം നേടിയ മലേറ്റം എന്നീ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകി. പാ.വ, വർണ്ണ വസന്തങ്ങൾ, പ്രേതം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പുറത്ത് വരാനിരിക്കുന്ന ചിത്രങ്ങൾ. സംഗീതം നൽകിയ മിക്ക ചിത്രങ്ങൾക്കും പശ്ചാത്തല സംഗീതമൊരുക്കിയ ആനന്ദ്, ചില ചിത്രങ്ങൾക്കായി ഗാനങ്ങൾ എഴുതുകയും ചില ഗാനങ്ങൾ ആലപിക്കുകയും ചെയ്തിട്ടുണ്ട്.