1960-90 കാലഘട്ടത്തിലെ മലയാള സിനിമാ സംവിധായകനും ഛായാഗ്രാഹകനും.
ഫോട്ടോഗ്രാഫിയിയോടും ക്യാമറകളോടുമുള്ള കമ്പമാണ് വേലായുധന്‍ നായർ എന്ന ക്രോസ്ബെൽറ്റ് മണിയെ സിനിമയില്‍ എത്തിച്ചത്. തന്റെ അച്ഛന്റെ ശുപാർശയിലൂടെയാണ് അദ്ദേഹം മേരിലാന്റ് സ്റ്റുഡിയോയിൽ പി.സുബ്രഹ്മണ്യത്തിന്റെ അടുത്തെത്തുന്നത്. അന്ന് മേരിലാന്റിലെ ക്യാമറാമാനായിരുന്ന എൻ എസ് മണിക്കൊപ്പമാണ് അദ്ദേഹം അവിടെ ഫോട്ടോഗ്രാഫി പഠിച്ചു തുടങ്ങിയത്. 1956 മുതല്‍ 1961 വരെ മേരിലാന്റ് സ്റ്റുഡിയോയില്‍ പ്രവര്‍ത്തിച്ചു. അദ്ദേഹത്തിനു ഛായാഗ്രഹണത്തിന്റെയും സംവിധാനത്തിന്റെയും ആദ്യപാഠങ്ങള്‍ അഭ്യസിക്കുവാനുള്ള കളരിയായി മേരിലാന്റ് മാറി. 1961-ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത കാല്‍പ്പാടുകളിൽ അദ്ദേഹം സ്വതന്ത്രമായി നിശ്ചലഛായാഗ്രഹണം ചെയ്തു തുടങ്ങി. നിശ്ചലഛായാഗ്രാഹകനായി ജോലി നോക്കുമ്പോൾ വരുമാനം നന്നേ തുച്ഛമായിരുന്നതിനാൽ സ്വന്തം കാർ സിനിമകൾക്കായി വാടകയ്ക്ക് നൽകി കിട്ടുന്ന പണം കൊണ്ടാണ് അദ്ദേഹം ആ കാലത്ത് ജീവിച്ചു പോന്നത്. തന്റെ ഗുരുനാഥൻ എൻ എസ് മണി മേരിലാന്റ് വിട്ട് മദ്രാസ്സിൽ എത്തിയപ്പോൾ അദ്ദേഹത്തിന്റൊപ്പം നിരവധി ചിത്രങ്ങളിൽ അസോ ക്യാമറാമാനായും ഓപ്പറേറ്റിംഗ് ക്യാമറാമാനായും ജോലി നോക്കി. ജോലിയിൽ നിന്ന് ലഭിക്കുന്ന വരുമാനം മദ്രാസിലെ ജീവിതത്തിനു തികയാതെ വന്നപ്പോൾ 1964 ൽ ശശികുമാറിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു തുടങ്ങി. അദ്ദേഹത്തിനൊപ്പം നിരവധി ചിത്രങ്ങളിൽ സഹകരിച്ചുവെങ്കിലും അദ്ദേഹവുമായി ഒത്തുപോകാന്‍ കഴിയാതെ വന്നപ്പോൾ പിരിഞ്ഞു.
1967 ൽ മിടുമിടുക്കി എന്ന ചിത്രത്തിന്റെ വർക്കുകൾ തുടങ്ങി. എന്നാൽ പാതി വഴിയിൽ നിർമ്മാതാവിന് സാമ്പത്തിക ഞെരുക്കം ഉണ്ടായതോടെ എ പൊന്നപ്പൻ എന്ന നിർമ്മാതാവ് ഈ ചിത്രം ഏറ്റെടുത്തു. 1968 ൽ റിലീസായ ആ ചിത്രത്തിലൂടെ ക്രോസ്‌ബെല്‍റ്റ് മണി സ്വതന്ത്ര സംവിധായകനായി മാറി. സത്യനും ശാരദയുമായിരുന്നു നായികാനായകന്മാര്‍. സാമ്പത്തികമായി ആ ചിത്രം വിജയിക്കാതെ പോയെങ്കിലും ഗാനങ്ങൾ വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു. പ്രശസ്ത നാടകരചയിതാവായിരുന്ന കെ ജി സേതുനാഥായിരുന്നു ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയത്. പിന്നീട് എന്‍.എന്‍ പിള്ളയുടെ നാടകമായ ക്രോസ്‌ബെല്‍റ്റ് അദ്ദേഹം സിനിമയാക്കി. അതോടെ വേലായുധൻ നായർ ക്രോസ്‌ബെല്‍റ്റ് മണി എന്നറിയപ്പെട്ടു തുടങ്ങി. ആ കാലഘട്ടത്തിലെ വാണിജ്യ സിനിമകളുടെ ഫോർമുലകൾ ഒന്നും ഇല്ലാതിരുന്ന ഒരു ചിത്രമായിരുന്നു അത്. ആ സമയത്തെ താരജോഡികളായിരുന്ന സത്യനേയും ശാരദയേയും സഹോദരങ്ങളായാണ് മണി ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. തുടക്കത്തിൽ ഇതിന്റെ വിതരണക്കാരൻ പോലും വിജയമാകുമോ എന്ന് സംശയിച്ച ഈ ചിത്രം ആ വർഷം ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു. എന്‍.എന്‍ പിള്ളയുടെ കാപാലിക, എസ്.കെ പൊറ്റക്കാടിന്റെ നാടന്‍പ്രേമം, കടവൂര്‍ ചന്ദ്രന്‍പിള്ളയുടെ പുത്രകാമേഷ്ടി, കാക്കനാടന്‍ തിരക്കഥ എഴുതിയ വെളിച്ചം അകലെ, തോപ്പില്‍ ഭാസി എഴുതിയ മനുഷ്യബന്ധങ്ങള്‍ തുടങ്ങിയവയാണ് ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത സാഹിത്യപ്രചോദിതമായ മറ്റു സിനിമകള്‍. കാക്കനാടന്റെ നോവലായ അജ്ഞതയുടെ താഴവര സിനിമയാക്കാനായി തിരക്കഥ ഒരുക്കിയെകിലും പിന്നീട് സിനിമ എന്ന നിലയില്‍ അത് വിജയിക്കില്ല എന്ന് കണ്ട് ഉപേക്ഷിച്ചു. അതിനു പകരമായാണ് കാക്കനാടൻ അദ്ദേഹത്തിനു വേണ്ടി വെളിച്ചം അകലെ എഴുതിയത്. കാക്കനാടനും നാഗവള്ളി ആര്‍.എസ് കുറുപ്പും ചേര്‍ന്നെഴുതിയ നീതിപീഠം, വിക്ടർ ഹ്യൂഗോയുടെ വിഖ്യാത നോവലായ 'ലെ മിറാബിളെ’യിൽനിന്ന് പ്രചോദനമുൾക്കൊണ്ടായിരുന്നു.
കലാമൂല്യമുള്ള നല്ല ചിത്രങ്ങളെടുക്കാൻ മണിയെ സഹായിച്ച പല നിർമ്മാതാക്കൾക്കും, സാമ്പത്തിക ബാധ്യകൾ കൊണ്ട് നീണ്ടകാലം ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയാതെ വരുന്നൂ എന്ന് കണ്ടപ്പോൾ ട്രാക്ക് മാറ്റി പരീക്ഷിക്കാൻ മണി തീരുമാനിച്ചു. അങ്ങനെയാണ് അദ്ദേഹം ആക്ഷൻ സിനിമകളിലേക്ക് തിരിഞ്ഞത്. വ്യത്യസ്തമായ രീതിയിൽ ആക്ഷൻ രംഗങ്ങളെ ചിത്രീകരിക്കുക എന്നത് ഹരമായി കൊണ്ടു നടന്ന അദ്ദേഹം, ആക്ഷൻ ചിത്രങ്ങളുടെ സംവിധായകരിലെ ഒറ്റയാനായി ഇന്നും കണക്കാക്കപ്പെടുന്നു. ബ്ലാക്ക്മയില്‍, പെണ്‍പുലി, പെണ്‍പട, പട്ടാളം ജാനകി, ഈറ്റപ്പുലി, റിവെഞ്ച്, തിമിംഗലം തുടങ്ങി നിരവധി ശ്രദ്ധേയമായ ആക്ഷൻ സിനിമകൾ അദ്ദേഹത്തിന്റേതായി പുറത്ത് വന്നു. മണിയുടെ സിനിമകൾ സാമ്പത്തിക വിജയം ഉറപ്പുള്ളവയായിരുന്നു. മുഖ്യ കേന്ദ്രങ്ങളേക്കാൾ ബി, സി തീയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടവയായിരുന്നു അദ്ദേഹത്തിന്റെ ചിത്രങ്ങൾ. അത് കൊണ്ടു തന്നെ അദ്ദേഹത്തിന്റെ സിനിമകൾക്ക് നിർമ്മാതാവിനെ ലഭിക്കുക എന്നത് അക്കാലത്ത് ഒരു പ്രശ്നമേ ആയിരുന്നില്ല. ഇടക്ക് നിർമ്മാണത്തിലേക്ക് തിരിഞ്ഞ മണി, താൻ സംവിധാനം ചെയ്ത യുദ്ധഭൂമി, ചോറ്റാനിക്കര അമ്മ തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തു.
ആ കാലത്ത് അദ്ദേഹത്തിന്റെ സഹസംവിധായകനായിരുന്നു ജോഷി. ആക്ഷൻ ചിത്രങ്ങൾ ഒരുക്കുന്നതിനിടയിലും വ്യത്യസ്തമായി ചെയ്ത രണ്ടു സിനിമകളാണ് നാരദന്‍ കേരളത്തിലും ദേവദാസും. 1990-ല്‍ പുറത്തിറങ്ങിയ, വേണു നാഗവള്ളിയും പാര്‍വതിയും അഭിനയിച്ച ദേവദാസാണ് ക്രോസ്‌ബെല്‍റ്റ് മണി അവസാനമായി സംവിധാനം ചെയ്തത്. വേണു നാഗവള്ളി നായകനായ അവസാന ചിത്രവും അതായിരുന്നു. 1986ൽ സിൽക് സ്മിതയുടെ നിർമ്മാണക്കമ്പനിയായ എസ് ആർ പ്രൊഡക്ഷൻസിനു വേണ്ടി വീരവിഹാർ എന്ന തെലുങ്ക് സിനിമ സംവിധാനം ചെയ്തു. നല്ല വിഷയങ്ങൾ ലഭിക്കാഞ്ഞതും പിന്നീട് ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടും ദേവദാസിനു ശേഷം മണി ചലച്ചിത്ര ലോകത്ത് നിന്നും മാറി നിന്നു. ആദ്യകാലത്ത് ശ്രീകൃഷ്ണ സിനിമാ സ്റ്റുഡിയോ ആയി പ്രവര്‍ത്തിച്ച തിരുവനന്തപുരത്ത് വട്ടിയൂര്‍ക്കാവിലുള്ള തന്റെ വീട്ടിലാണ് അദ്ദേഹം താമസിക്കുന്നത്. അസോസിയേറ്റ് സംവിധായകനായ വി എസ് കൃഷ്ണകുമാർ മകനാണ്.
- 812 views