ആലപ്പി ഷെരീഫ്

Name in English
Aleppey Sherif
Alias
എ ഷെറീഫ്

ആലപ്പി ഷെറീഫ്, 1970-80 കാലഘട്ടങ്ങളിലെ മലയാളത്തിലെ തിരക്കേറിയ തിരക്കഥാകൃത്ത്. 1940 ൽ കൊപ്രാക്കട ഹമീദ് ബാവയുടേയും റഹീമ ബീവിയുടെയും മകനായി ആലപ്പുഴയിൽ ജനിച്ചു. ആലപ്പുഴ മുഹമ്മദീൻ സ്കൂളിലാണ് ഷെറീഫ് തന്റെ വിദ്യാഭ്യാസം നടത്തിയത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് തന്നെ ചെറുകഥകൾ എഴുതിയിരുന്ന അദ്ദേഹം, ആറാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് 'മുക്കുമാല' എന്ന അദ്ദേഹത്തിന്റെ കഥ കേരളഭൂഷണത്തിൽ പ്രസിദ്ധീകരിച്ചു. അതിൽ നിന്നും കിട്ടിയ ആത്മവിശ്വാസത്തിൽ വായനയുടേയും എഴുത്തിന്റെയും ലോകത്തേക്ക് അദ്ദേഹം കടന്നു. തുടർന്ന് ആനുകാലികങ്ങളില്‍ കഥകളും നോവലുകളും എഴുതി തുടങ്ങി. ആനുകാലികങ്ങളില്‍ വന്ന പല രചനകളും ശ്രദ്ധിക്കപ്പെട്ട അവസരത്തിൽ കുഞ്ചാക്കോ 'ഉമ്മ' എന്ന ചിത്രത്തിന്റെ രചനക്കായി ഷെറീഫിനെ സമീപിച്ചു. ആ ചിത്രത്തിനായി എഴുതി തുടങ്ങിയെങ്കിലും പല കാരണങ്ങളാൽ പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. അതിനു ശേഷം കോട്ടയം ചെല്ലപ്പന്റെ നിർബന്ധപ്രകാരമാണ് ഷെറീഫ് മദ്രാസിൽ എത്തുന്നത്. അവിടെ ചെന്ന് ആദ്യം 'കളിപ്പാവ' എന്ന തന്റെ നോവലൈറ്റ് സിനിമയ്ക്ക് വേണ്ടി എഴുതി. ആ ചിത്രം ഇടക്ക് മുടങ്ങി എങ്കിലും, പുറത്തിറങ്ങിയപ്പോൾ ഹിറ്റായി. ഇടക്ക് പലരുടേയും തിരക്കഥകളിൽ സഹകരിക്കുവാനും തിരക്കഥ മിനുക്കുവാനുമുള്ള അവസരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. മുട്ടത്തുവര്‍ക്കിയുടെ 'നാത്തൂന്‍' എന്ന കഥ ചലച്ചിത്രമാക്കിയപ്പോൾ അതിനു തിരക്കഥയെഴുതുവാനുള്ള അവസരം ഷെറീഫിനെ തേടിയെത്തി. അത് സൂപ്പർ ഹിറ്റായതോടെ ഷെറീഫിനെ തേടി ഒട്ടേറെ അവസരങ്ങൾ വന്നു. തന്റെ ആദ്യ ചിത്രമായ 'കളിപ്പാവ'യുടെ സംവിധായകൻ എ ബി രാജനാണെങ്കിലും, അതിലെ കുറെ ഭാഗങ്ങൾ ചിത്രീകരിച്ചത് ഷെറീഫും ഹരിഹരനും ചേർന്നാണ്. പിന്നീട് അസ്തമിക്കാത്ത പകലുകൾ എന്നൊരു ചിത്രം സംവിധാനം ചെയ്തു. ഐ വി ശശിയുമായി ചേർന്ന് നിരവധി ചിത്രങ്ങൾ ഒരുക്കിയ ഷെറീഫിന്റെ എറ്റവും ശ്രദ്ധേയമായ ചിത്രം അവളുടെ രാവുകൾ ആയിരുന്നു. ജയനെ നായകനാക്കിയാണ് ഹിറ്റു ചിത്രമായ 'സ്‌ഫോടനം'  തീരുമാനിച്ചത്, പക്ഷേ അപ്രതീക്ഷിതമായുണ്ടായ ജയന്റെ മരണം മൂലം പിന്നീടത് സുകുമാരനെയും മമ്മൂട്ടിയെയും ഉൾപ്പെടുത്തി പൂർത്തിയാക്കുകയാണുണ്ടായത്. മലയാളത്തിലെ ആദ്യ സംവിധായികയായ വിജയനിര്‍മ്മലയുടെ 'കവിത' എന്ന ചിത്രത്തിന്റെ രചനയും നിർവഹിച്ചത് ഷെറീഫായിരുന്നു.

ഭാര്യ: നസീമ മക്കൾ: ഷെഫീസ്, ഷറാസ്, ഷെർന

അവലബം: മാതൃഭൂമിയിൽ ആലപ്പി ഷെറീഫിനെ കുറിച്ച് വന്ന ലേഖനം