കൊച്ചി പാലാരിവട്ടം ജോയി-സലോമി ദമ്പതിമാരുടെ മകളായി ജനനം. ഏഴാം വയസ്സിൽ ബന്ധുവിന്റെ സഹായത്തോടെ ദക്ഷിണേന്ത്യയിലെ പരസ്യ നിർമ്മാതാവായ കെന്നി ഫെർണാണ്ടസിനെ പരിചയപ്പെട്ടതാണ് ശബ്ദങ്ങളുടെ ലോകത്തേക്ക് കടന്നു വരാൻ ഏയ്ഞ്ചലിനെ കാരണക്കാരിയാക്കിയത്. ഏഴാം വയസ്സിൽ പരസ്യത്തിനു കൊടുത്ത ശബ്ദം ശ്രദ്ധിക്കപ്പെട്ടതോടെ പഠനത്തോടൊപ്പം പ്രൊഫഷണൽ ഡബ്ബിംഗ് മേഖലയിലേക്ക് തിരിയുകയായിരുന്നു. സീരിയലുകളിലും പരസ്യങ്ങളിലും സ്ഥിര സാന്നിധ്യമായി. ഇതിൽ പോപ്പി, ജോൺസ് കുടകളുടെ പരസ്യങ്ങളൊക്കെ അക്കാലത്ത് പ്രസിദ്ധമായിരുന്നു.
ഭദ്രൻ സംവിധാനം ചെയ്ത "വെള്ളിത്തിര" എന്ന സിനിമയിൽ ഒരു തമിഴ് ബാലനു വേണ്ടി ശബ്ദം കൊടുത്താണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. തുടർന്ന് മലയാള സിനിമയിലെ ഒട്ടേറെ യുവനായികാ കഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്ത് ഈ രംഗത്ത് സജീവമായി. മമ്മി & മിയിലെ അർച്ചന കവിയുടെ ശബ്ദം, കുട്ടിസ്രാങ്കിലെ പെമ്മേണയായി കമാലിനി മുഖർജിക്ക്, നിത്യാ മേനോന്, ലക്ഷ്മി റായിക്ക്, രോഹിണി മറിയം ഇടിക്കുളക്ക്, പൂജാ ഗാന്ധിക്ക് എന്ന് തുടങ്ങി നിരവധി യുവനായികമാർക്ക് മോഡേൺ സ്റ്റൈൽ സംഭാഷണ രീതികളുമായി സിനിമയിൽ തിരക്കേറിയ ഡബ്ബിംഗ് ആർട്ടിസ്റ്റായി മാറി. ഭീമ, ജോസ് ആലൂക്കാസ് തുടങ്ങിയ പരസ്യ ചിത്രങ്ങളുടെ ഡബ്ബിംഗിലൂടെയും പ്രശസ്തയാണ് ഏയ്ഞ്ചൽ. പതിനഞ്ച് വർഷമായി ഡബ്ബിംഗ് മേഖലയിൽ പ്രവർത്തിക്കുന്ന ഏയ്ഞ്ചൽ ഇതിനോടകം ഇരുന്നൂറോളം സിനിമകൾക്കും രണ്ടായിരത്തിലധികം പരസ്യ ജിംഗിളുകൾക്കും ശബ്ദം നൽകി.
കൊച്ചി സെന്റ് തെരേസാസ് കോളേജിൽ ഡിഗ്രി വരെ പഠനം നടത്തിയ ശേഷം കേരള പ്രസ് അക്കാദമിയുടെ പബ്ലിക് റീലേഷൻസ് പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമയിൽ ഒന്നാം റാങ്കും കരസ്ഥമാക്കിയിരുന്നു. വിശുദ്ധ മരിയം ത്രേസ്യ എന്ന ടെലിഫിലിമിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള ടെലിവിഷൻ അവാർഡിന് ഏഞ്ചൽ അർഹയായി.കൊച്ചി സേക്രട്ട് ഹാർട്ട് കോളേജിലെ കമ്യൂണിക്കേഷൻ വിഭാഗം കോഴ്സ് കോർഡിനേറ്ററായും ജോലി നോക്കിയ ഏയ്ഞ്ചൽ വിവാഹം കഴിച്ചിരിക്കുന്നത് ഫിലിം എഡിറ്ററായ കിഷോർ കുമാറിനെയാണ്. ഭർത്താവിനും മകനുമൊപ്പം കൊച്ചി ചക്കരപ്പറമ്പിൽ താമസം.
- 957 views