തോപ്പുംപടി കൂട്ടുങ്കല്‍വീട്ടില്‍ അഗസ്റ്റിന്‍ ബെര്‍ണാഡിന്റെയും മറിയക്കുട്ടിയുടെയും രണ്ട് മക്കളില്‍ ഇളയവളായി 1942 ൽ ജനനം. യഥാർത്ഥ നാമം മേരി ജോണ്‍. കൊച്ചി തോപ്പുംപടി സെ. സെബാസ്റ്റ്യന്‍ സ്കൂളില്‍ ബന്ധുവായ ഗന്ധര്‍വ ഗായകന്‍ യേശുദാസിന്റെ സഹപാഠിയും കൂടിയായിരുന്നു അമ്മിണി. ശ്രീധരൻ ഭാഗവതരായിരുന്നു സംഗീതത്തിൽ ഇവരുടെ ആദ്യ ഗുരു. യേശുദാസിനും അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ പീറ്റര്‍ക്കുമൊപ്പം ഫോര്‍ട്ടുകൊച്ചിയിലെ ജോസഫ് ഭാഗവതര്‍, പള്ളുരുത്തിയിലെ രാമന്‍കുട്ടി ഭാഗവതര്‍, പയസ് ഭാഗവതര്‍ എന്നിവരില്‍ നിന്നും അമ്മിണി ആദ്യകാലത്ത് സംഗീത പാഠങ്ങള്‍ അഭ്യസിച്ചു. പില്‍ക്കാലത്ത് ദക്ഷിണാമൂര്‍ത്തി സ്വാമിയുടെയും ശിഷ്യയായി മാറി. സ്കൂൾ നാളുകളിൽ തന്നെ കലാവേദികളിൽ സജീവമായിരുന്ന അമ്മിണി, 12ാം വയസില്‍ നാടക വേദിയിലെത്തി. ഫോര്‍ട്ടുകൊച്ചി സ്വദേശിയായ വര്‍ഗീസ് ആശാന്റെ 'ജീവിത മത്സരം' എന്ന നാടകത്തിലായിരുന്നു തുടക്കം. സി ജെ തോമസിന്റെ 'വിഷവൃക്ഷം' ഉള്‍പ്പെടെയുള്ള നാടകങ്ങളിലൂടെ അമ്മിണി അധികം താമസിയാതെ തന്നെ പ്രൊഫഷണൽ നാടക വേദികളിൽ സജീവമായി മാറി. പി ജെ ആന്റണിയുടെ ട്രൂപ്പിൽ നടിയായും ഗായികയായും സഹകരിച്ചു. അക്കാലത്ത് 'ഭഗവാന്‍ അമ്മിണി' എന്ന പേരും പി ജെ ആന്റണി അമ്മിണിക്ക് സമ്മാനിച്ചിരുന്നു.
പാട്ടിലും അഭിനയത്തിലും പ്രേക്ഷക ശ്രദ്ധയാകർഷിച്ച അമ്മിണിയെ തേടി കെ.പി.എ.സിയിൽ നിന്നും ക്ഷണമെത്തി. ഒ മാധവന്റെയും കേശവന്‍ പോറ്റിയുടേയും നിർബന്ധത്തിൽ അമ്മിണി കെ.പി.എ.സിയിൽ ചേർന്നു. അവിടെ എത്തിയതോടെ കെപിഎസി സുജാത എന്ന പുതിയ പേര് അമ്മിണിക്ക് സമ്മാനിക്കപ്പെട്ടു. 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി', 'സര്‍വ്വേക്കല്ല്' എന്നീ രണ്ട് നാടകങ്ങളില്‍ മാത്രമാണ് അഭിനയിക്കുവാൻ അമ്മിണിക്ക് സാധിച്ചത്, അതിലെ ഗാനങ്ങൾ ആലപിച്ചതും അമ്മിണിയായിരുന്നു. ഒരു ക്രിസ്ത്യാനി പെണ്‍കുട്ടി കമ്യൂണിസ്റ്റുകാരുടെ സംഘത്തില്‍ സഹകരിക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുമായി ക്രൈസ്തവ സഭ രംഗത്ത് വന്നതോടെ അമ്മിണിക്ക് കെ.പി.എ.സി വിടേണ്ടി വന്നു. കെപിഎസി വിട്ട് ചങ്ങനാശേരി 'ഗീഥ'യിൽ എത്തിയ കാലത്താണ് എം.കെ അർജ്ജുനൻ മാഷിനോപ്പം അമ്മിണി പ്രവർത്തിക്കുന്നത്. പാട്ടിനെ ചൊല്ലി ആ കാലത്ത് മാഷുമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിയെങ്കിലും പിന്നീട് അത് മാറുകയായിരുന്നു. ഒ മാധവനും ദേവരാജൻ മാഷും കെ.പി.എ.സി വിട്ട്, കാളിദാസ കലാകേന്ദ്രം ആരംഭിച്ചപ്പോള്‍ അമ്മിണിക്ക് അവിടേക്ക് ക്ഷണം ലഭിച്ചു. 'ഡോക്ടര്‍' എന്ന നാടകത്തില്‍ കവിയൂര്‍ പൊന്നമ്മ, വിജയകുമാരി, പെരുന്ന ലീലാമണി, ഒ മാധവന്‍, മണവാളന്‍ ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമാണ് അമ്മിണി അഭിനയിച്ചത്. നാടകത്തിനൊപ്പം ഗാനമേള പതിവായിരുന്ന ആ കാലത്ത് പക്ഷേ അമ്മിണിക്ക് പാടുവാനുള്ള അവസരം, കെ പി എ സി വിട്ടു പോയതിന്റെ പേരിൽ വിലക്ക് കൽപ്പിക്കപ്പെട്ടു.
അവഗണനയില്‍ പ്രതിഷേധിച്ച് കാളിദാസ കലാകേന്ദ്രം വിട്ട് അമ്മിണി കലാനിലയം കൃഷ്ണന്‍നായരുടെ 'കലാനിലയ'ത്തിലാണ് എത്തിയത്. അവിടെ പ്രധാന നടിയും ഗായികയുമായി അമ്മിണി മാറി. ആലപ്പി തീയേറ്റേഴ്സ്, കാഞ്ഞിരപ്പള്ളി അമല, കൊല്ലം യവന, കൊല്ലം ഐശ്വര്യ, തിരുവനന്തപുരം അതുല്യ, ആറ്റിങ്ങല്‍ ദേശാഭിമാനി, മലയാള കലാഭവന്‍, കലാഭവന്‍, കൊല്ലം തൂലിക, കൊല്ലം ദൃശ്യകല, യൂണിവേഴ്സല്‍, ഓച്ചിറ തൂലിക തുടങ്ങിയ ട്രൂപ്പുകളിലായി ഏതാണ്ട് നൂറോളം നാടകങ്ങളില്‍ അമ്മിണി നടിയും ഗായികയുമായി പില്‍ക്കാലത്ത് വേദിയിലെത്തി. 'അഗ്നിപുത്രി' എന്ന നാടകത്തിൽ വയലാർ എഴുതി അമ്മിണി പാടിയ 'കണ്ണു തുറക്കാത്ത ദൈവങ്ങളെ' എന്ന ഗാനം അന്ന് കേരളത്തിലെ ഹിറ്റ് നാടകങ്ങളിൽ ഒന്നായിരുന്നു. ആ ഗാനം സിനിമയിൽ എത്തിയപ്പോൾ പക്ഷേ അമ്മിണിക്ക് പാടുവാനുള്ള അവസരം ലഭിച്ചില്ല. ചങ്ങനാശേരി ഗീഥയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അയല്‍വാസിയായിരുന്ന ജോണ്‍ ക്രൂസിനെ വിവാഹം കഴിച്ചു. വിവാഹത്തിന് മുമ്പ് വര്‍ഷങ്ങളോളം പ്രണയബദ്ധരായിട്ടും തന്നിലെ കലാകാരിയെ ഭർത്താവും കുടുംബവും അംഗീകരിക്കാതിരുന്നതോടെ അവരുടെ ദാമ്പത്യം താറുമാറായി. ചെറുപ്രായത്തിൽ അമ്മയെ നഷ്ടപ്പെട്ട അമ്മിണിക്ക്, കുടുംബത്തെ നോക്കാനായി ഭർത്താവിന്റെ എതിർപ്പിനെ വക വയ്ക്കാതെ കലാരംഗത്ത് തുടരേണ്ടി വന്നു.
ബഹദൂറിന്റെ 'ബല്ലാത്ത പഹയൻ' എന്ന നാടകത്തിൽ അഭിനയിച്ചു കൊണ്ടിരിക്കേ ബഹദൂറിന്റെ തന്നെ ശുപാർശയിൽ അദ്ദേഹത്തിന്റെ ജോഡിയായി 'കണ്ടം ബച്ച കോട്ട്' എന്ന സിനിമയിൽ വേഷമിട്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. 'തോക്കുകള്‍ കഥപറയുന്നു' എന്ന ചിത്രത്തില്‍ സത്യന്റെ അമ്മയായി പിന്നീട് വേഷമിട്ടു, അതിനെ തുടർന്ന് ഒട്ടനവധി അമ്മ വേഷങ്ങളും പ്രായമായ വേഷങ്ങളും അമ്മിണിയെ തേടിയെത്തി. "അടിമകള്‍' എന്ന ചിത്രത്തില്‍ ശാരദയുടെ അമ്മ, "സരസ്വതി' എന്ന ചിത്രത്തില്‍ രാഗിണിയുടെ വേലക്കാരി. "ഭാര്യമാര്‍ സൂക്ഷിക്കുക' എന്ന ചിത്രത്തില്‍ മാധവിയമ്മ എന്ന കഥാപാത്രം, 'ഉണ്ണിയാര്‍ച്ച' യില്‍ ഇക്കിളിപ്പെണ്ണ്, 'വാഴ് വേമായം' എന്ന പടത്തില്‍ സത്യന്റെ സഹോദരി, 'കണ്ണൂര്‍ ഡീലക്സ്' എന്ന സിനിമയില്‍ ജോലിക്കാരി, 'ഇവര്‍' എന്ന സിനിമയിലെ പുള്ളോത്തി, 'അഞ്ചു സുന്ദരികള്‍' എന്ന ചിത്രത്തില്‍ ജയഭാരതിയുടെ അമ്മ, 'ഇരുളും വെളിച്ചവും' എന്ന ചിത്രത്തില്‍ മറ്റൊരു അമ്മ വേഷവും ചെയ്തു. 2011-ല്‍ 'ദി ഹണ്ടര്‍' എന്ന മലയാളമുള്‍പ്പെടെ മൂന്ന് ഭാഷയില്‍ ഇറങ്ങിയ ചിത്രത്തില്‍ നസ്റുദ്ദീന്‍ ഷായുടെ അമ്മയായാണ് ഒടുവില്‍ വേഷമിട്ടത്.
അതിനിടയിൽ ഉദയാ സ്റ്റുഡിയോയുടെ ഉടമയായ കുഞ്ചാക്കോയുടെ നിർബന്ധത്തിനു വഴങ്ങി ഡബ്ബിംഗ് രംഗത്തേക്ക് തിരിഞ്ഞു. അമ്മിണിയെ ഡബ്ബിംഗ് പഠിപ്പിച്ചത് കുഞ്ചാക്കോ ആയിരുന്നു. ശാരദയുടെ ആദ്യ മലയാള ചിത്രമായ 'ഇണപ്രാവ്' എന്ന സിനിമയിലായിരുന്നു തുടക്കം. ശാരദയുടെ ചിത്രങ്ങള്‍ക്ക് പുറമെ സച്ചു, കുശലകുമാരി, രാജശ്രീ (യു പി ഗ്രേസി), വിജയനിര്‍മ്മല, ഉഷാകുമാരി, സാധന, ബി എസ് സരോജ, കെ ആര്‍ വിജയ, ദേവിക, വിജയ ശ്രീ എന്നിവര്‍ക്കും വിവിധ ചിത്ര ങ്ങള്‍ക്കായി ശബ്ദം നൽകി. പൂര്‍ണിമ ജയറാമിനായി അവരുടെ ആദ്യ ചിത്രമായ 'മഞ്ഞില്‍ വിരിഞ്ഞപൂക്കളി'ല്‍ ശബ്ദം നൽകിയതും അമ്മിണിയായിരുന്നു. മലയാള സിനിമയിലെ ആദ്യ ഡബ്ബിംഗ് ആർട്ടിസ്റ്റ് കൊച്ചിൻ അമ്മിണി ആണെന്നാണ് പ്രശസ്ത ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയുടെ 'സ്വരഭേദങ്ങൾ' എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. വിരലിൽ എണ്ണാവുന്ന വേഷങ്ങളൊഴിച്ചാൽ ശാരദ മലയാളത്തിൽ അഭിനയിച്ച മിക്ക ചിത്രങ്ങൾക്കും ശബ്ദം കൊച്ചിൻ അമ്മിണിയുടേതായിരുന്നു. ഒരു ഇന്റർവ്യൂവിൽ ശാരദയോട് ശബ്ദം നൽകിയ ആർട്ടിസ്റ്റിന്റെ പേരു ചോദിച്ചപ്പോൾ കൊച്ചിൻ അമ്മിണിയുടെ പേരോർത്തെടുക്കാൻ കഴിയാതെ ആലപ്പുഴയിലെ ‘ഒരാൾ’ എന്ന് പറഞ്ഞത് ദു:ഖകരമായൊരു കൗതുകമായി കണക്കാക്കുന്നു. ഉദയാ ഡബ്ബിങ് ചെന്നൈയിലേക്ക് മാറ്റുന്നതുവരെ ആലപ്പുഴയിലും, പിന്നീട് ചെന്നൈയിലുമായി വർഷങ്ങളോളം ഡബ്ബിംഗ് രംഗത്ത് തുടര്‍ന്നു.
ചന്തുമേനോന്റെ 'ഇന്ദുലേഖ' എന്ന നോവലിനെ അവലംബമാക്കി 1967-ല്‍ ഇതേ പേരില്‍ ഇറക്കിയ സിനിമയില്‍ രണ്ട് പാട്ടുകള്‍ അമ്മിണി പാടിയെങ്കിലും ക്രെഡിറ്റ് ലഭിച്ചില്ല. കമുകറയ്ക്കൊപ്പം 'പൂത്താലിയുണ്ടോ കിനാവേ' എന്ന ഗാനവും സോളോ ആയി 'കണ്ണീര് തോരാതെ' എന്ന ഗാനവുമാണ് ചിത്രത്തിനായി അമ്മിണി ആലപിച്ചത്. പിൽകാലത്ത് ഡോക്ടര്‍, നീലവിരയിട്ട ജാലകം, പാവം പൂക്കുട്ടി, മരപ്പാവകള്‍ തുടങ്ങിയ സീരിയലുകളിലും മൂന്ന് ടെലിഫിലിമുകളിലും അമ്മിണി അഭിനയിച്ചു. എം കെ കരിക്കോട് രചനയും സംവിധാനവും നിര്‍വഹിച്ച 'മരപ്പാവകള്‍' എന്ന സീരിയലിലെ 'ത്രേസ്യ' എന്ന അമ്മിണിയുടെ കഥാപാത്രത്തിന് നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി. സംഗീത നാടക അക്കാദമി പുരസ്കാരം, തിക്കുറിശ്ശി സ്മാരക പുരസ്കാരം, ഒ മാധവന്‍ പുരസ്കാരം, സ്വരലയ, സര്‍ഗ, കാളിദാസ കലാകേന്ദ്രം എന്നിവയുടെ പ്രതിഭാ വന്ദന പുരസ്കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്കാരം തുടങ്ങി നിരവധി അവാര്‍ഡുകള്‍ അമ്മിണിക്ക് ലഭിച്ചിട്ടുണ്ട്.
ഭർത്താവ് പരേതനായ ജോണ്‍ ക്രൂസ്, മകള്‍ എയ്ഞ്ചല്‍ റാണി
അവലംബം :- ഇന്ത്യൻ എക്സ്പ്രസ് ന്യൂസ്, ദേശാഭിമാനിയിൽ വന്ന ലേഖനം
- 1051 views