പോളി വർഗ്ഗീസ്

Submitted by Kiranz on Sun, 06/19/2011 - 01:21
Name in English
Poly Varghese

തൃശൂര്‍ സ്വദേശി. സംഗീതജ്ഞന്‍. കേരള കലാമണ്ഡലം, ശാന്തിനികേതന്‍ എന്നീ വിദ്യാലയങ്ങളില്‍ സംഗീതപഠനം. പോളി വർഗീസ് തന്റെ സംഗീതജീവിതം ആരംഭിക്കുന്നത് കർണ്ണാടക സംഗീതത്തില്‍ നിന്നാണ്.. കുട്ടിക്കാലം മുതൽ തന്നെ കവിതകൾ എഴുതിത്തുടങ്ങി. ബംഗാളി, തമിഴ് ഭാഷകളിൽ കവിതകൾ എഴുതി. തമിഴ് മാഗസിനുകളിൽ മലയാളം കവിതകൾ തര്ജ്ജ്മ ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ സംഗീത നാടക രംഗത്ത് സജീവമായിരിക്കുന്ന പോളി വർഗ്ഗീസ് , ഹിന്ദുസ്ഥാനി സംഗീതത്തിലെയും  സൌത്ത് ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെയും  നിറസാന്നിധ്യമാണ്.  

മോഹനവീണയുടെ ഉപജ്ഞാതാവും വിദ്വാനുമായ പണ്ഡിറ്റ് വിശ്വമോഹൻ ഭട്ടിൽ നിന്നും നേരിട്ട് മോഹനവീണയിൽ  പ്രാവീണ്യം നേടാനുള്ള ഭാഗ്യം സിദ്ധിച്ച പോളി, 40  തന്ത്രികളുള്ള ഒരു ഗിത്താർ- ബഹുതന്ത്രി വീണ - എന്നു പേരിട്ടിരിക്കുന്ന ഒരു വാദ്യോപകരണം പുതുതായി കണ്ടു പിടിച്ചു. കേരളത്തിൽ ജനിച്ച പോളി, കലാമണ്ഡലത്തിൽ നിന്നും കലയിലെ പ്രാഥമിക വിദ്യാഭ്യാസം നേടിയതിനു ശേഷം, ശാന്തിനികേതനിലെ  വിശ്വഭാരതി സർവ്വകലാശാലയിൽ നിന്നും സംഗീതത്തിലും കലയിലും പ്രാവീണ്യം നേടി. ബംഗാളിലെ ബൗൾ സംഗീതജ്ഞരുമായുള്ള അടുപ്പത്തിലൂടെ ബൗൾ സംസ്കാരവും നേടാൻ കഴിഞ്ഞ ഇദ്ദേഹം, ഇക്കഴിഞ്ഞ ഉപകരണസംഗീതങ്ങളുടെ സംഗീത മേളയായ വിയന്ന സാന്തർ സെനറ്റിലൂടെ അന്താരാഷ്ട്ര പ്രശസ്തിയുള്ള ഒരു സംഗീതജ്ഞനായി.

മോഹൻ വീണ വിദ്വാന്മാരില്‍ ദക്ഷിണേന്ത്യയില്‍ നിന്നുമുള്ള ഏക മോഹൻ വീണാവാദകനും തന്റെ ഗുരുജിയുടെ ഏക ശിഷ്യനും പോളി വര്ഗ്ഗീസാണ്. നാടകത്തിനും സിനിമക്കും സംഗീതം നല്കിയിട്ടുള്ള ഇദ്ദേഹം, ദേവരാജന് മാസ്റ്ററുടെ പ്രിയ ശിഷ്യനുമാണ്. പോളി സംഗീത സംവിധാനം നിർവഹിച്ച 'കൂട്ടിലേക്ക്  ' എന്ന സിനിമയിലെ സംഗീതത്തിനു , 2005 ലെ 'ജീവൻ അറ്റ്ലസ് ' അവാർഡ് ലഭിച്ചിട്ടുണ്ട്.