ചമ്പാട്ടെ കുഞ്ഞിക്കണ്ണന്റെയും നാരായണിയുടെയും മകനായ ശ്രീധരന്‍ ചമ്പാട്. വിദ്യാഭ്യാസം ചമ്പാട് കുന്നുമ്മല്‍ എല്‍.പി. സ്‌കൂളിലും, പിന്നീട് കോഴിക്കോട് ദേവഗിരി കോളേജിലുമായിരുന്നു. മലയാള നോവല്‍ ചെറുകഥാ സാഹിത്യത്തില്‍ സര്‍ക്കസ് കഥകള്‍ക്ക് ഒരിടം നേടിക്കൊടുത്തയാളാണ് ശ്രീധരന്‍ ചമ്പാട്. സര്‍ക്കസ് പ്രമേയമായുള്ള നിരവധി സിനിമകളിലും തിരക്കഥാകാരനും സഹായിയും അഭിനേതാവായുമൊക്കെ ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ട്. നോവലും ജീവചരിത്രങ്ങളും ലേഖനങ്ങളുമൊക്കെയായി 20ഓളം പുസ്തകങ്ങളും 100ലേറെ കഥകളും പ്രസിദ്ധീകരിച്ചു. സിനിമയിലും പത്രപ്രവര്‍ത്തനരംഗത്തും ശ്രീധരന്‍ ചമ്പാടിന്റെ സാന്നിധ്യമുണ്ട്. മേള സിനിമയുടെ കഥ എഴുതിയത് ഇദ്ദേഹമാണ്. ജി അരവിന്ദന്റെ തമ്പിലും , ടി വി ചന്ദ്രന്റെ ഭൂമി മലയാളത്തിലും ചെറിയ വേഷങ്ങൾ ചെയ്തിട്ടുമുണ്ട് .
കൂടാതെ കുമ്മാട്ടി, ആരവം, അപൂര്‍വ സഹോദരങ്ങള്‍, ജോക്കര്‍, ഭൂമിമലയാളം എന്നീ സിനിമകളിലും ശ്രീധരന്‍ ചമ്പാടിന്റെ സഹായങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ടായിരുന്നു.. 5 വര്‍ഷത്തോളം കൗമുദി ന്യൂസ് സര്‍വീസില്‍ ലേഖകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പടയണി വാരിക ചീഫ് എഡിറ്റര്‍,പടയണി ന്യൂസ് എഡിറ്റര്‍,ജഗന്നാഥം മാസിക എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.സര്‍ക്കസ് ലോകം എന്ന ഡോക്യുമെന്ററി തയ്യാറാക്കിയ ഇദ്ദേഹം ദൂരദര്‍ശനു വേണ്ടി സര്‍ക്കസ് എന്ന ഡോക്യുമെന്ററിക്ക് സ്‌ക്രിപ്റ്റും എഴുതിയിട്ടുണ്ട്. ജെമിനി സര്‍ക്കസിനു വേണ്ടി ഒരു പരസ്യചിത്രവും ഒരുക്കി.ഭാര്യ വത്സല. മക്കൾ രോഷ്ണി, രോഷന്‍, രോഹിത്, രൊഹിന.
സര്‍ക്കസിന്റെ ലോകം എന്ന തന്റെ പുസ്തകം 'ആല്‍ബം ഓഫ് ബിഗ് ടോപ്‌സ്' എന്ന പേരില്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കാനുള്ള ജോലി നടക്കയാണിപ്പോൾ. അന്തരം എന്ന നോവലും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നുണ്ട്.
- 991 views