മോഹൻ രാഘവൻ

Name in English
Mohan Raghavan
Date of Birth
Date of Death

തൃശ്ശൂർ സ്വദേശിയായ മോഹൻ രാഘവൻ മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ നിന്ന് ദൃശ്യകലയിലെ ബിരുദാനന്തരബിരുദത്തിനും തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പഠനത്തിനും ശേഷം സിനിമയുടെ ലോകത്തേക്ക് ആകർഷിതനാവുകയായിരുന്നു. കേരളത്തിലെ ഉൾനാടൻ ഗ്രാമീണപശ്ചാത്തലം പലപ്പോഴും തന്റെ കഥകളിൽ ചിത്രീകരിച്ച മോഹൻ തുടക്കത്തിൽ ടെലിവിഷൻ മേഖലയിലെ മികച്ച തിരക്കഥാകൃത്ത് എന്ന നിലയിലാണ് പേരെടുത്തത്.ദേശീയ ശ്രദ്ധ നേടിയ " ഡയറി ഓഫ് എ ഹൗസ് വൈഫ്" എന്ന ഹ്രസ്വചിത്രത്തിന്റെ തിരക്കഥ മോഹന്റേതായിരുന്നു.നാടകവും തീയറ്ററുമായുള്ള ബന്ധം പലപ്പോഴും തന്റെ വർക്കുകൾ മികച്ചതാക്കാൻ മോഹനെ സഹായിച്ചിരുന്നു.

കാവാലം നാരായണപ്പണിക്കർ,ബി വി കാരന്ത് തുടങ്ങിയ മികച്ച നാടകപ്രവർത്തകരുടെ കൂടെ പ്രവർത്തിച്ച ശേഷം സിനിമാരംഗത്തേക്ക് കടക്കുകയായിരുന്നു.ആന്റിഗണി,മാക്ബത്ത് എന്ന് തുടങ്ങി നിരവധി നാടകങ്ങൾ സംവിധാനം ചെയ്തു.2010ൽ പുറത്തിറങ്ങിയ "ടി ഡി ദാസൻ സ്റ്റാൻഡേർഡ് 4ബി" എന്ന സിനിമ സംവിധാനം ചെയ്ത് സ്വതന്ത്രസംവിധായകനായി മാറി. ടി ഡി ദാസനെന്ന നാലാം ക്ലാസ്സ് വിദ്യാർത്ഥിയെ നായകനാക്കിക്കൊണ്ട്  മലയാളസിനിമയിൽ വ്യത്യസ്തമായ ഒരു കാൽവയ്പ്പായിരുന്നു  മോഹൻ രാഘവൻ എന്ന സംവിധായൻ നടത്തിയത്.മികച്ച നവാഗത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയെടുത്തിരുന്നു.

ആദ്യ ചിത്രമായ  ടി ഡി ദാസൻ ഏറെ ജനശ്രദ്ധയും, നിരൂപക പ്രശംസയും ഒപ്പം അവാർഡുകളും നേടി. ചെന്നൈ,പൂനെ തുടങ്ങിയ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ടി ഡി ദാസൻ പ്രദർശിക്കപ്പെട്ടു. ഇന്ത്യക്ക് പുറത്ത് ന്യൂയോർക്കിലും ഷാങ്കായിലും നടന്ന ചലച്ചിത്രമേളകളിലും ടി ഡി ദാസൻ പ്രദർശിപ്പിച്ചിരുന്നു.

ചലച്ചിത്രലോകത്തേയും സിനിമാപ്രേമികളേയും ഒരു പോലെ ഞെട്ടിച്ചു കൊണ്ട് 2011 ഒക്ടോബർ 25ആം തീയതി മരണമടഞ്ഞു.നെഞ്ച് വേദനയെത്തുടർന്ന് ചികിത്സയിലായ മോഹൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.