1974 ജൂൺ പത്തിന് കെ എൻ രാമചന്ദ്രന്റെയും ശാന്താ രാമചന്ദ്രന്റെയും മകളായി ഒരു സംഗീത കുടുംബത്തിൽ തൊടുപുഴയിൽ ജനിച്ചു. ബിന്നിയുടെ സഹോദരി സഹോദരന്മാർ എല്ലാവരും സംഗീതം അഭ്യസിച്ചിരുന്നവരായിരുന്നു. രണ്ടാം ക്ലാസുമുതല്‍ പഠിച്ച കഥാപ്രസംഗം പഠിച്ചു തുടങ്ങി. പിന്നീടത് സംഗീതത്തിലേക്ക് തിരിഞ്ഞു. ഏഴാമത്തെ വയസ്സ് മുതൽ തിരുവിഴാ സുരേന്ദ്രന്റെ കീഴിൽ സംഗീതം അഭ്യസിച്ചു തുടങ്ങി. അഞ്ചാം ക്ലാസു മുതല്‍ സ്കൂള്‍ കലോത്സവങ്ങളില്‍ സജീവമായി. 1989 ലെ സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നാഷണൽ ടാലന്റ് സ്‌കോളർഷിപ്പ് ലഭിച്ച ബിന്നി, താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ കീഴിൽ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരത്ത് സംഗീതത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. അതിനിടയിൽ വയലിൻ വിദ്വാൻ ബി ശശികുമാർ, നെയ്യാറ്റിൻകര മോഹനചന്ദ്രൻ എന്നിവരുടെ ശിഷ്യയായി. കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും, 1994 ൽ സംഗീതത്തിൽ ബിഎ യും 1996 ൽ എം എയും കരസ്ഥമാക്കി. പിന്നീട് മധുര ശ്രീ സത്ഗുരു സമാജം - കാമരാജ് യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഫിൽ ഒന്നാം റാങ്കോടെ കരസ്ഥമാക്കി. കോളേജ് പഠന സമയത്ത് യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിൽ സജീവമായിരുന്ന ബിന്നി, നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്നു. ഡോ. എം. ബാലമുരളീകൃഷ്ണയുടെ പക്കൽ നിന്നും സംഗീതമഭ്യസിച്ചു.
രജനീകാന്ത് ചിത്രമായ ചന്ദ്രമുഖിയിലെ രാരാ എന്ന ഗാനം ആലപിച്ചതായിരുന്നു പിന്നണിഗാനരംഗത്തേക്കുള്ള കടന്നു വരവ്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ബംഗാളി ഭാഷകളിലായി അമ്പതിലധികം ചിത്രങ്ങളിൽ അവർ പാടിയിട്ടുണ്ട്. ആകാശവാണിയിലെ ബി ഹൈ-ഗ്രേഡ് കലാകാരിയായ ബിന്നി, ദൂരദർശനിലും സജീവമായിരുന്നു. പിന്നീട് സ്വകാര്യ ചാനലുകളിലും നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. ഏഷ്യാനെറ്റിലെ നാദമാധുരി എന്ന പരിപാടി കൈതപ്രത്തിനൊപ്പം അവതരിപ്പിച്ചു. 2013 ൽ കർണാടക സംഗീതത്തിനു നൽകുന്ന കേരള സംഗീത നാടക അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു. പിന്നണി ഗായിക ശ്വേതാ മോഹൻ ബിന്നിയുടെ ശിഷ്യയാണ്. 1999 ൽ പ്രശസ്ത കർണാടക സംഗീതജ്ഞനായ ട്രിവാൻഡ്രം കൃഷ്ണകുമാറിനെ വിവാഹം കഴിച്ചു. മക്കൾ ശിവാംഗി, വിനായക് സുന്ദർ.