എൻ എൻ പിഷാരടി

Submitted by Baiju T on Fri, 01/14/2011 - 02:19
Name in English
N N Pisharody

1929ല്‍ പെരുമ്പാവൂര്‍ മേതല കല്ലില്‍ എന്ന സ്ഥലത്തു ജനനം. അച്ഛന്‍: നാരായണ പിഷാരടി, അമ്മ: കുഞ്ചി പിഷാരസ്യാര്‍. പെരുമ്പാവൂരായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം കൊല്‍ക്കത്തയിലും. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടി. വായനയോടുള്ള അദമ്യമായ താല്‍പര്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു.  ബംഗാളി സാഹിത്യവും കമ്യൂണിസവും ഇദ്ദേഹത്തെ തെല്ലൊന്നുമല്ല ആകര്‍ഷിച്ചത്. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കോട്ടയത്തുനിന്നും പ്രസിദ്ധീകരിച്ചുവന്നിരുന്ന പ്രസന്നകേരളത്തിലായിരുന്നു ഇദ്ദേഹത്തിന്‍റ്റെ "കുരുടന്‍റ്റെ മകള്‍" എന്ന ആദ്യകഥ പുറത്തുവന്നത്. പുതുനാമ്പുകളെ എന്നും പ്രോത്സാഹിപ്പിച്ചിരുന്ന കെ ബാലകൃഷ്ണന്‍ (കൌമുദി) ഇദ്ദേഹത്തിനും പ്രോത്സാഹനം നല്‍കി നോവല്‍ രചനയിലേക്കു ശ്രദ്ധതിരിപ്പിച്ചു. കൌമുദി വാരികയില്‍ പ്രസിദ്ധീകരിച്ച "കുറേ സ്വപ്നങ്ങള്‍ കുറേ വാനമ്പാടികള്‍" എന്നതായിരുന്നു ശ്രീ  പിഷാരടിയുടെ ആദ്യ നോവല്‍.

ത്രിശ്ശൂര്‍ കോ-ഓപറേറ്റിവ് സൊസൈറ്റിയില്‍ ജോലിചെയ്തിരുന്നു. പിന്നീട് മദ്രാസില്‍ വേലുസ്വാമി കവി എന്ന സംവിധായകന്‍റ്റെ അസിസ്റ്റന്‍റ്റായി. 1954ല്‍ സന്ദേഹി എന്ന ചിത്രത്തിനു വേണ്ടി "ജയമാതാ കല്യാണീ ശ്രീശാരദേ", "കൊച്ചരിപ്പ്രാവേ" എന്നീ ഗാനങ്ങള്‍ എഴുതിക്കൊണ്ടായിരുന്നു എന്‍ എന്‍ പിഷാരടി ഗാനരചയിതാവായത്. ടി ആര്‍ പാപ്പയായിരുന്നു വരികള്‍ക്ക് ഈണം പകര്‍ന്നത്.  മധു എന്ന അഭിനേതാവിന്‍റ്റെ ആദ്യചിത്രമായ നിണമണിഞ്ഞകാല്‍പ്പാടുകളായിരുന്നു ഇദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച ആദ്യചിത്രം. മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ഈ ചിത്രം നേടിയിരുന്നു. മുത്തു, റാഗിങ്ങ്, മുള്‍ക്കിരീടം, കണിക്കൊന്ന,  അമ്മു എന്നിവയാണ്‌ ഇദ്ദേഹം സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. പാവക്കൂത്ത്, സുന്ദരിപ്പെണ്ണ്, വെള്ളം, വിരുന്നുശാല എന്നീ നോവലുകളും എഴുതിയിട്ടുണ്ട്. അവിവാഹിതനായിരുന്ന ഇദ്ദേഹം 2008 ആഗസ്റ്റ്  30ന്‌ എണ്‍പത്തിരണ്ടാം വയസ്സില്‍ കാഞ്ഞൂരില്‍ അന്തരിച്ചു.
 

പ്രൊഫൈൽ ചിത്രം: മഹേഷ് മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്