മലയാളചലച്ചിത്ര,നാടക നടൻ. കോഴിക്കോട് ജില്ലയിലെ വടകരയിൽ ജനിച്ചു. വളരെ ചെറുപ്പത്തിലെ ബാലൻ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ബാലനും സുഹൃത്തുക്കളും ചേർന്ന് രൂപീകരിച്ച നിലമ്പൂർ യുവജന കലാസമിതി സാമൂഹ്യ പരിഷ്ക്കരണത്തിനു വേണ്ടിയുള്ള നാടകങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടി. 1965-ൽ മുറപ്പെണ്ണ് എന്ന സിനിമയിലൂടെ നിൽമ്പൂർ ബാലൻ ചലച്ചിത്രാഭിനയത്തിന് തുടക്കം കുറിച്ചു. തുടർന്ന് അറുപതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. 1979-ൽ അന്യരുടെ ഭൂമി എന്ന ചിത്രം നിലമ്പൂർ ബാലൻ സംവിധാനം ചെയ്തു. ഈ സിനിമയിലാണ് പ്രശസ്ത നടൻ മാമുക്കോയ ആദ്യമായി അഭിനയിക്കുന്നത്.
നാടകനടിയായിരുന്ന വിജയലക്ഷ്മിയെയാണ് നിലമ്പൂർ ബാലൻ വിവാഹം ചെയ്യുന്നത്. 1957-ലായിരുന്നു അവരുടെ വിവാഹം. ‘നിലമ്പൂർ യുവജന കലാസമിതിക്കുവേണ്ടി’ അവർ നാടകരംഗത്ത് ഒന്നിച്ചഭിനയിക്കുവാൻ തുടങ്ങി. പിന്നീടു് ഈ ദമ്പതികൾ ചേർന്നു് ‘കളിത്തറ’ എന്ന പേരിൽ ഒരു നാടകസമിതിയും തുടങ്ങി ശ്രദ്ധേയങ്ങളായ നാടകങ്ങൾക്കു് പിറവികൊടുത്തു. ബാലൻ-വിജയലക്ഷ്മി ദമ്പതികൾക്കു മൂന്നു മക്കൾ. വിജയകുമാർ, സന്തോഷ്, ആശ. വിജയലക്ഷ്മിയും, നിലമ്പൂർ ബാലനും, മൂന്നുമക്കളും ചേർന്നു് ഒരു നാടകത്തിൽ ഒന്നിച്ചഭിനയിച്ചു എന്ന ഒരപൂർവ്വഭാഗ്യവും ഇവർക്കു് സിദ്ധിക്കയുണ്ടായി. 1990 ഫെബ്രുവരി 4 നു് നിലമ്പൂർ ബാലൻ അകാലത്തിൽ വിടപറഞ്ഞു. നിലമ്പൂർ ബാലന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര, നാടക രംഗത്ത് മികച്ച സംഭാവന നൽകിയവർക്കുള്ള അവാർഡ് നിലമ്പൂർ ബാലൻ അനുസ്മരണ സമിതി ഏർപ്പെടുത്തിയിട്ടുണ്ട്.
- 1450 views