1965 ഒക്ടോബര്‍ അഞ്ചിന് നാടകപ്രവര്‍ത്തകരായ ചവറ വി പി നായരുടെയും വിജയലക്ഷ്മിയുടേയും മകളായി ചെങ്ങന്നൂര് ജനനം. കല്‍പ്പന പ്രിയദർശിനിയെന്നാണ് മുഴുവന്‍ പേര്. സിനിമാതാരങ്ങളായ കലാരഞ്ജിനി, ഊര്‍വ്വശി എന്നിവർ സഹോദരിമാരും, കമൽ റോയ്, നന്ദു എന്നിവർ സഹോദരന്മാരുമാണ്. തിരുവനന്തപുരത്തും റൂർക്കേലയിലുമായാണ് കുട്ടിക്കാലം ചിലവഴിച്ചത്. പന്ത്രണ്ട് വർഷത്തോളം നൃത്തം അഭ്യസിച്ചിരുന്നു. ചെട്ടികുളങ്ങര, വഞ്ചിയൂർ യു പി എസ്, വടക്കേക്കോട്ട, മദ്രാസ് കോർപ്പറേഷൻ എന്നീ സ്കൂളുകളിനായിരുന്നു വിദ്യാഭ്യാസം. എട്ടാമത്തെ വയസ്സു മുതൽ അഭിനയ രംഗത്ത് സജീവം. 1977ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലാണ് ബാലതാരമായി അവർ ആദ്യം വേഷമിട്ടത്. പിന്നീട് ശിവന്റെ യാഗം എന്ന ചിത്രത്തിലാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചത്. തുടർന്ന് എംടി വാസുദേവന്‍ നായരുടെ മഞ്ഞ്, അരവിന്ദന്റെ പോക്കുവെയില്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. പോക്കുവെയിലിലെ നിഷ എന്ന കഥാപാത്രമാണ് കല്‍പ്പനയിലെ നടിയെ അടയാളപ്പെടുത്തിയത്. ആ കാലഘട്ടത്തിൽ ഭാഗ്യരാജിനൊപ്പം ചിന്നവീട് എന്ന ചിത്രത്തിലൂടെ തമിഴകത്തും അവർ സാന്നിധ്യമറിയിച്ചു. കമലഹാസനൊപ്പം സതി ലീലാവതി, പമ്മല്‍ കെ സംബന്ധം തുടങ്ങി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. തിരുമഹി ഒരു ബഹുമതി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങി നിൽക്കുമ്പോഴാണ് പെരുവണ്ണാപുരത്തിലെ വിശേഷങ്ങളിൽ കമൽ കല്പനയെ പുതിയൊരു ഭാവത്തിൽ മലയാളത്തിൽ അവതരിപ്പിക്കുന്നത്.
ഷാജി കൈലാസിന്റെ ഡോക്ടർ പശുപതിയിലെ യു.ഡി.സി എന്ന കഥാപാത്രം കല്പനയുടെ അഭിനയ ജീവിതത്തെ മാറ്റി മറിച്ചു. ആദ്യവസാനം ചിരിപടര്‍ത്തിയ ആ കഥാപാത്രത്തോടെ കല്പന മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറി. ജഗതി ശ്രീകുമാറിന്റെയും ഇന്നസെന്റിന്റേയും പിന്നീട് ഹരിശ്രീ അശോകന്റെയും ജോഡിയായി അവർ തിളങ്ങി. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, സി.ഐ.ഡി ഉണ്ണിക്കൃഷ്ണന്‍ ബി.എ.ബി.എഡ്, കാവടിയാട്ടം, കാബൂളിവാല, ആലിബാബയും ആറരക്കള്ളന്മാരും തുടങ്ങി പ്രേക്ഷകരെ ചിരിപ്പിച്ച ജഗതി-കൽപന ജോഡികളുടെ ചിത്രങ്ങൾ നിരവധിയാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട് എന്ന ചിത്രത്തിൽ കൽപന ഇരട്ടവേഷവും അഭിനയിച്ചിട്ടുണ്ട്. അഭിനയിച്ച ഭൂരിഭാഗം ചിത്രങ്ങളിലും പ്രേക്ഷകരെ ചിരിപ്പിച്ച കൽപന ആർട്ട് സിനിമയിലേക്ക് മടങ്ങിയത് പി എൻ മേനോന്റെ നേർക്കു നേരെ എന്ന സിനിമയിലൂടെയാണ്. കേരളാ കഫേ എന്ന ആന്തോളജി ചിത്രത്തിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ബ്രിഡ്ജിലെ വേഷം അവരിലെ പ്രതിഭയെ വിളിച്ചറിയിക്കുന്നതായിരുന്നു. രഞ്ജിത്തിന്റെ സ്പിരിറ്റിലെ പങ്കജം, ഇന്ത്യൻ റുപ്പിയിലെ മേരി, പകൽ നക്ഷത്രങ്ങളിലെ രാജി, ദി ഡോൾഫിൻസിലെ വാവ എന്നിവ പ്രേക്ഷക പ്രശസ്ത നേടി. 2012ല്‍ ഞാന്‍ തനിച്ചല്ല എന്ന സിനിമയിലെ അഭിനയത്തിന് സഹനടിക്കുള്ള ദേശീയപുരസ്ക്കാരം ലഭിച്ചു. ചാർലിയാണ് പുറത്തിറങ്ങിയ അവസാന ചിത്രം.
സംവിധായകന്‍ അനിലായിരുന്നു ഭര്‍ത്താവ്. പതിനാറു വർഷത്തെ ദാമ്പത്യത്തിനു ശേഷം അവർ വിവാഹമോചിതരാവുകയായിരുന്നു. ഏക മകൾ ശ്രീമയി പ്രിയദർശിനി. തന്റെ ഓർമ്മകളുടെ സമാഹാരമായി ഞാന്‍ കല്‍പ്പന എന്ന പേരില്‍ ഒരു പുസ്തകവും അവർ പുറത്തിറക്കിയിട്ടുണ്ട്. ഊപിരി എന്ന പേരില്‍ തെലുങ്കിലും തോഴാ എന്ന പേരില്‍ തമിഴിലും ഒരുങ്ങുന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഹൈദരാബാദിൽ വച്ച് 2016 ജനുവരി 25 ന് അവർ അന്തരിച്ചത്.
- 2765 views