തിരുവിതാം കോട്ട് സച്ചിദാനന്ദൻ പിള്ള മുത്തയ്യാ പിള്ള എന്ന ടി എസ് മുത്തയ്യ 1923 ൽ കൊച്ചിയിൽ ജനിച്ചു. അക്കാലത്തെ മികച്ച പത്രപ്രവർത്തകൻ എന്ന് ഖ്യാതി നേടിയ പിതാവ് സച്ചിത് കേരളത്തിലെ രണ്ടാമത്തെ ഇംഗ്ലീഷ് ദിനപ്പത്രമായ 'കൊച്ചിൻ ആർഗസി'ന്റെ ഉടമയും പത്രാധിപരും ആയിരുന്നു. കൊച്ചിയിൽ ഹൈസ്കൂൾ പഠനം, എറണാകുളം മഹാരാജാസിൽ ഇന്റർമീഡിയറ്റ് പഠനം എന്നിവയ്ക്ക് ശേഷം വീട്ടുകാരുടെ സമ്മതമില്ലാതെ കുറെക്കാലം പട്ടാളത്തിൽ ജോലി നോക്കി. പിന്നീട് പിതാവിന്റെ ശ്രമഫലമായി കൊച്ചിയിൽ തിരിച്ചെത്തി 'ആർഗസി'ന്റെയും അത് അച്ചടിച്ചിരുന്ന പേൾ പ്രസ്സിന്റെ മാനേജരായി. ഇംഗ്ലീഷ് സിനിമകൾ കാണുകയും ഇംഗ്ലീഷ് സാഹിത്യം ഏറെ വായിക്കുകയും ചെയ്തിരുന്ന മുത്തയ്യ അക്കാലത്ത് കൊച്ചിയിലുണ്ടായിരുന്ന യൂറോപ്യൻ ക്ലബ്ബുകളിൽ നാടകം അവതരിപ്പിച്ചു കലാരംഗത്തേക്കു വന്നു. മുൻഷി പരമു പിള്ളയേക്കൊണ്ട് കഥയെഴുതിച്ചു ചിത്രനിർമ്മാണത്തിനു തുനിഞ്ഞുവെങ്കിലും ചിത്രീകരണം നടന്നില്ല. കെ&കെ പ്രൊഡക്ഷൻസ് പുറത്തിറക്കിയ ജീവിതനൗകയിൽ ശബ്ദം കൊടുത്തുകൊണ്ടാണ് സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. അക്കാലത്താണ് നിർമ്മാതാക്കളിൽ പ്രമുഖനായ ടി ഇ വാസുദേവനെ പരിചയപ്പെടുന്നത്. ടി ഇ വാസുദേവനുമായുള്ള പരിചയം സിനിമാഭിനയത്തിലേക്ക് മുത്തയ്യയെ തിരിച്ചു വിട്ടു. പൊൻകുന്നം വർക്കി കഥയും സംഭാഷണവും രചിച്ച് കോട്ടയം പോപ്പുലർ പ്രൊഡക്ഷൻസിനു വേണ്ടി വി കൃഷ്ണൻ സംവിധാനം ചെയ്ത നവലോകം (1951) എന്ന ചിത്രത്തിലൂടെ ചലച്ചിത്രാഭിനേതാവായി തുടക്കമിട്ടു. അമ്പതുകളിലും അറുപതുകളിലും പുറത്തിറങ്ങിയ മിക്ക മലയാള ചലച്ചിത്രങ്ങളിലും വൈവിധ്യമാർന്ന വേഷങ്ങളവതരിപ്പിച്ച് മുത്തയ്യ സ്വഭാവ നടനായി ശ്രദ്ധ നേടി. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ പുറത്തിറക്കിയ കൃഷ്ണകുചേലയിലെ കുചേലവേഷം അവതരിപ്പിച്ചതോടെയാണ് മുത്തയ്യ ഏറെ ശ്രദ്ധേയനാവുന്നത്. പാടാത്ത പൈങ്കിളിയിലെ പട്ടിണി നട്ടെല്ലു തകർത്ത സ്കൂൾ ടീച്ചർ, രണ്ടിടങ്ങഴിയിലെ നിഷ്ക്കളങ്കനായ കൃഷിക്കാരൻ, ഉമ്മിണിത്തങ്കയിലെ രാമയ്യൻ ദളവാ, പോർട്ടർ കുഞ്ഞാലിയിലെ കുഞ്ഞാലി, അഗ്നിപുത്രിയിലെ ഡോ.ജയചന്ദ്രൻ തുടങ്ങിയ വേഷങ്ങൾ മുത്തയ്യ അവിസ്മരണീയമാക്കി.
ഇരുപതോളം വർഷങ്ങളിൽ മലയാള സിനിമയിൽ അജയ്യനായി നിന്നിരുന്ന മുത്തയ്യ 200നൂറിൽപ്പരം മലയാള സിനിമകളിലും അൻപതോളം തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. എം ജി ആർ , ശിവാജി ഗണേശൻ തുടങ്ങിയവരോടൊപ്പമായിരുന്നു മിക്ക തമിഴ് ചിത്രങ്ങളും. ചിത്രമേളയാണ് അദ്ദേഹത്തിന്റെ ആദ്യത്തെ സംവിധാന സംരംഭം. വ്യത്യസ്തമായ മൂന്നു കഥകൾ ചേർത്ത ഒരു പരീക്ഷണ സിനിമയായിരുന്നു ചിത്രമേള. അപസ്വരങ്ങൾ (ശ്രീകുമാരൻ തമ്പി), നഗരത്തിന്റെ മുഖം ( എം കെ മണി), പെണ്ണിന്റെ പ്രപഞ്ചം (ഭവാനിക്കുട്ടി) എന്നീ മൂന്ന് കഥാചിത്രങ്ങൾ ചേർത്ത് ഒരു ധീരമായ പരീക്ഷണത്തിനും അതിന്റെ നിർമ്മാണത്തിനും തുനിഞ്ഞ മുത്തയ്യക്ക് പക്ഷേ ഭീമമായ നഷ്ടമാണുണ്ടായത്. താഷ്ക്കെന്റ് ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കപ്പെട്ടതും ചിത്രമേളയിലൂടെ ഒരു തിരക്കഥാകൃത്തെന്ന നിലയിൽ ശ്രീകുമാരൻ തമ്പി ശ്രദ്ധേയനായി മാറിയെന്നതും യേശൂദാസ് എല്ലാ ഗാനങ്ങളും പാടുന്ന ആദ്യ ചിത്രമെന്നതുമൊക്കെ ചിത്രമേളയുടെ അനുബന്ധവർത്തമാനങ്ങളാണ്. ചിത്രമേളയിലെ നഷ്ടം നികത്താൻ വീണ്ടൂം മുത്തയ്യ നിർമ്മാണത്തിനിറങ്ങിയ സംരംഭമാണ് ബല്ലാത്ത പഹയൻ. എന്നാൽ അതോടെ മുത്തയ്യ ദരിദ്രനായി മാറി. നിർമ്മാവായി മാറിയതിനാൽ പിന്നീട് സിനിമയിൽ വേഷങ്ങളും കിട്ടിയില്ല. ഭാര്യ തിരുമലൈ വടിവിനേയും കൊണ്ട് മുത്തയ്യ വാടകവീട്ടിലേക്കു മാറി. മുത്തയ്യ ആദ്യകാലത്ത് സഹായിച്ചിരുന്ന പ്രേംനസീർ തന്റെ മാനേജരാക്കി മുത്തയ്യയെ സഹായിച്ചു എങ്കിലും അവശത മൂലം കുറച്ച് നാളുകൾക്ക് ശേഷം ആ പണിയിൽ നിന്ന് മുത്തയ്യ സ്വയം പിൻവാങ്ങി. സംസ്ഥാന സർക്കാരിന്റേതുൾപ്പടെ പതിനൊന്നോളം അവാർഡുകൾ മുത്തയ്യക്ക് ലഭ്യമായിരുന്നു. 1961ലെ സംഗീത നാടക അക്കാഡമിയുടെ മികച്ച നടനും മുത്തയ്യ ആയിരുന്നു. പ്രേംനസീറിർ എല്ലാമാസവും എത്തിച്ചിരുന്ന 300രൂപയായിരുന്നു സിനിമയിൽ നിന്ന് പുറത്ത് പോയ മുത്തയ്യയുടെ ആകെ വരുമാനം. മദ്യപാനിയായിരുന്ന മകൻ മൂലം കൂടുതൽ സാമ്പത്തിക പ്രതിസന്ധികളിലും കൂടുതൽ ദുരിതങ്ങളിലുമാണ്ട് 1992 ഫെബ്രുവരി പന്ത്രണ്ടിനു മുത്തയ്യ മരണമടഞ്ഞു.
പി കെ ശ്രീനിവാസന്റെ “കോടമ്പാക്കം ബ്ലാക്ക് & വൈറ്റ് “ എന്ന പുസ്തകത്തിൽ നിന്ന് “ഓർമ്മകളുടെ അമ്പതു ശതമാനവും തകർന്ന് കോടമ്പാക്കത്തെ ശിവൻ കോവിൽ തെരുവിലെ അറുപത്തിയൊന്നാം നമ്പർ വീട്ടിലെ ഇടുങ്ങിയ വാടകമുറിയിൽ ദുരിതക്കയത്തിൽ, കിടക്കയിൽ മലമൂത്ര വിസർജ്ജനം നടത്തി അവസാന നാളുകൾ തള്ളിനീക്കുമ്പോൾ അശരണയായ ഭാര്യയല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല മുത്തയ്യക്ക്. താൻ അഭിനയിച്ച കൃഷ്ണകുചേലയിലെ കുചേലനേപ്പോലെ ദരിദ്രനായിരുന്ന സമയത്ത് മുത്തയ്യയെ കാണാൻ ഒരാൾ എല്ലാമാസവും മുടങ്ങാതെ അവിടെ എത്തുമായിരുന്നു. കൃഷ്ണകുചേലയിൽ കൃഷ്ണനായി അഭിനയിച്ച പ്രേംനസീർ ആയിരുന്നു അത്. ചിരകാല സുഹൃത്തിനെ കണ്ടുമടങ്ങുമ്പോൾ ഭാര്യ തിരുമലൈവടിവിനെ ഒരു കവർ ഏൽപ്പിച്ചു പറയും മരുന്നിനും ആഹാരത്തിനും മുട്ട് വരരുത്..എല്ലാം ശരിയാകും.” ഒന്നും ശരിയാകില്ല എന്ന് കുചേലനേക്കാൾ നന്നായി ശ്രീകൃഷ്ണനറിയാം.1989ൽ പ്രേംനസീർ മരണമടഞ്ഞിരുന്ന കാര്യം മുത്തയ്യ അറിഞ്ഞില്ല. ആശയവിനിമയം പൂർണ്ണമായിത്തകർന്നതോർത്ത് സങ്കടപ്പെട്ടെങ്കിലും പ്രേംനസീറിന്റെ മരണശേഷവും മഹാലിംഗപുരത്ത് നിന്നുള്ള ശ്രീകൃഷ്ണന്റെ പെൻഷൻ കൃത്യമായി ദൂതൻ മുഖേന ശിവൻ കോവിൽ തെരുവിലെത്തി. മുത്തയ്യ ശൂന്യതയിൽ ലയിച്ചതോടെ ആരോരുമില്ലാത്ത ചെങ്കോട്ട സ്വദേശിനി തിരുമലൈ വടിവ് അനാഥയായി എങ്ങോട്ടോ പോയി”.
അവലംബം :-
- മലയാള സിനിമയിലെ അവിസ്മരണീയർ - മധു ഇറവങ്കര
- കോടമ്പാക്കം ബ്ലാക്ക് & വൈറ്റ് - പി കെ ശ്രീനിവാസൻ
- എതിരൻ കതിരവന്റെ സ്വകാര്യ കളക്ഷൻസ് - ചിത്രഭൂമി സ്കാൻസ്-ടി എസ് മുത്തയ്യ
- 7763 views