പി ബൽ‌റാം

Submitted by Kiranz on Fri, 12/03/2010 - 02:26
Name in English
P Balram(Playback Singer)
Date of Birth
Artist's field

പിന്നണിഗായകൻ-സംഗീതജ്ഞൻ. മുഴുവൻ പേര്  അയ്യർ പരമശിവൻ ബൽറാം. 1961 മാർച്ച് ഒന്നിന് ജനനം.മുംബൈയിൽ ജനിച്ച് വളർന്ന ബൽറാം പരസ്യങ്ങളിലൂടെ പാടിയാണ് ശ്രദ്ധനേടുന്നത്. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും മെറ്റീരിയൽസ് മാനേജ്മെന്റിലെ ഉപരിപഠനത്തിനും ശേഷം ചില തമിഴ്,ഹിന്ദി പരസ്യ ചിത്രങ്ങൾക്ക് വേണ്ടി പാടി.പരസ്യ ജിംഗിളുകൾ ഹിറ്റായതോടെ സംഗീതം  തൊഴിലായി സ്വീകരിക്കുകയായിരുന്നു. മാരുതി,റെയ്നോൾഡ്സ്,ടാറ്റാ ടീ,മോർട്ടിൻ,ഡർമി കൂൾ തുടങ്ങിയ വമ്പൻ ബ്രാൻഡുകളിലെ പരസ്യഗാനങ്ങൾക്ക് മലയാളം,തമിഴ് ,മറാത്തി, ഹിന്ദി ഭാഷകളിലെ ശബ്ദമായി പരസ്യ രംഗത്ത് സജീവമായ ബൽറാമിന്  എ.ആർ റഹ്മാന്റെ “പാർത്താലേ പരവശം” എന്ന ചിത്രത്തിലൂടെയാണ് പ്രൊഫഷണൽ പിന്നണി ഗാനരംഗത്തേക്കുള്ള അവസരമൊരുങ്ങിയത്. തുടർന്ന് ഹിന്ദി,തമിഴ് ,മറാത്തി ചിത്രങ്ങൾക്ക് വേണ്ടി നിരവധി ഗാനങ്ങൾ ആലപിച്ച ബൽറാമിന് സംഗീത സംവിധായകൻ വിദ്യാസാഗറുമായുള്ള കൂട്ടുകെട്ട് നിരവധി ഹിറ്റുഗാനങ്ങൾ പാടാനുള്ള അവസരമായി മാറി. 

വിദ്യാസാഗറിന്റെ തന്നെ സംഗീതത്തിൽ ബൽറാം ആലപിച്ച  “കാറ്റ്ട്രിൻ മൊഴിയേ” , മൊഴി എന്ന ചിത്രത്തിലെ ഗാനം സംഗീതപ്രേമികൾക്ക് മറക്കാവുന്നതല്ല.വൈവിധ്യമാർന്ന ആലാപന ശൈലിയും ഒപ്പം ഗായകപ്രതിഭയായിരുന്ന പി ബി ശ്രീനിവാസിന്റെ ആലാപന ശൈലിയോടുള്ള സാമ്യവും ബൽറാമിന്റെ പാട്ടുകൾക്ക് ഏറെ ആരാധകരെ നേടിക്കൊടുക്കാൻ കാരണമായി. വിദ്യാസാഗർ തന്നെ സംഗീതം പകർന്ന “നീലത്താമര” എന്ന മലയാള ചലച്ചിത്രത്തിൽ “പകലൊന്നു മാഞ്ഞ വീഥിയിലെ” എന്ന് തുടങ്ങുന്ന ഗാനം പാടി മനോഹരമാക്കിയിരുന്നു.

ഭാര്യ രാധയും ലാവണ്യ, ശിവ എന്നീ രണ്ട് മക്കളുമൊത്ത് മുംബൈയിലാണ് സ്ഥിര താമസം.സർഫ് എക്സലിനു വേണ്ടി മോഡലായും വേഷമിട്ടിരുന്നു.