സാഹിത്യകാരൻ, തിരക്കഥാകൃത്ത്. യഥാർത്ഥ നാമം പയ്യനാട്ട് രവീന്ദ്രനാഥൻ നായർ. 1946 ൽ പാലക്കാട് ജില്ലയിലെ പട്ടാമ്പിയിൽ ജനനം . പിതാവ് പുതിയേടത്ത് പ്രഭാകരമേനോൻ . മാതാവ് പയ്യനാട്ട് സരോജിനിയമ്മ. ടെലികമ്മ്യൂണികേഷൻ എഞ്ചിനീയറിംഗ് ബിരുദം എടുത്ത ശേഷം പ്രോവിഡണ്ട് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥനായി. മുഴുവൻ സമയ സാഹിത്യപ്രവർത്തനത്തിനും യാത്രകൾക്കുമായി പിന്നീട് ഉദ്യോഗം രാജിവെച്ചു. കഥ, നോവൽ, യാത്രാവിവരണം,നാടകം, ലേഖനം എന്നീ സാഹിത്യ ശാഖകളിലായി നിരവധി കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാട്ട, ധ്വനി, ശുഭയാത്ര, പൂക്കാലം വരവായി, കേളി.. തുടങ്ങിയ ചലച്ചിത്രങ്ങളും,സ്‌കൂട്ടർ,സീമന്തം,ഇലത്താളം, വർഷമയൂരം, ശാന്തിവനം,അങ്ങാടിപ്പാട്ട്, പകൽവീട്, തുടങ്ങിയ ടെലിവിഷൻ പരമ്പരകളും നൂറോളം റേഡിയോ നാടകങ്ങളും രചിച്ചു. പി ആർ നാഥന്റെ ചാട്ട എന്ന കൃതിയാണ് ആദ്യം സിനിമയായത്. ഭരതനായിരുന്നു സംവിധായകൻ. ചാട്ടയ്ക്ക് സംഭാഷണമെഴുതിയതും പി ആർ നാഥനാണ്. ശുഭയാത്ര, കേളി എന്നീ സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചത് പി ആർ നാഥൻ തന്നെയായിരുന്നു. സ്വന്തം കൃതികൾക്ക് മാത്രമല്ല മറ്റു സിനിമകൾക്കും നാഥൻ തിരക്കഥ,സംഭാഷണം ഒരുക്കിയിട്ടുണ്ട്. പി ആർ നാഥൻ അക്കാദമി ഓഫ് മ്യൂസിക്,ഡാൻസ് ആൻഡ് ഡ്രാമയിലെ ഒരു അംഗമാണ്. വിവിധ അവാർഡ് ജൂറികളിൽ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്.
ഒരുപാട് യാത്ര ചെയ്തുള്ള അനുഭവസമ്പന്നത അദ്ദേഹത്തിനുണ്ട്. കന്യാകുമാരിമുതൽ ഹിമാലയം വരെ എന്ന പി ആർ നാഥന്റെ യാത്രാവിവരണ ഗ്രന്ഥം പ്രസിദ്ധമാണ്. കഴിഞ്ഞ 14 വർഷമായി അമൃത ടിവിയിൽ ഉദയാമൃതം എന്ന പ്രഭാത പരിപാടിയുടെ ഭാഗമായി ധന്യം ഈ ദിനം എന്നൊരു പ്രഭാഷണ പരിപാടി അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ഇതിനോടകം തന്നെ പതിനായിരത്തോളം വേദികളിൽ പ്രഭാഷണങ്ങൾ നിർവ്വഹിച്ചു കഴിഞ്ഞു. ഏത് പ്രഭാഷണങ്ങളിലും നിത്യജീവിതവുമായി ബന്ധപ്പെടുത്തിയ ചിന്തകളാണ് അദ്ദേഹം പങ്ക് വെക്കാറുള്ളത്. അത് കൊണ്ട് തന്നെ നിരവധി വ്യക്തികളുടെ ജീവിതത്തിൽ പോസിറ്റിവ് ആയ പല മാറ്റങ്ങൾക്കും വഴി തെളിച്ച പ്രഭാഷണങ്ങൾ ആയിരുന്നു ഇവയെല്ലാം. ഇത് അദ്ദേഹത്തെ മറ്റ് പ്രഭാഷകരിൽ നിന്നും എഴുത്ത്കാരിൽ നിന്നും വ്യത്യസ്തനാക്കുന്നു. വേദങ്ങൾ, പുരാണങ്ങൾ, ഉപനിഷത്തുകൾ, ഇതിഹാസങ്ങൾ, മിത്തുകൾ എന്നിവയിലും ഭഗവാൻ ശ്രീ സത്യസായി ബാബ , രമണമഹർഷി , മഹാത്മാഗാന്ധി, ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയ അനവധി ഗുരുക്കന്മാരുടെ വാക്കുകളിലും , അന്തർലീനമായ ജീവിത വിജയ പാഠങ്ങളും സന്ദേശങ്ങളും അദ്ദേഹത്തിൻറെ രചനകളിലും , പ്രഭാഷണങ്ങളിലും നമുക്ക് കാണാൻ സാധിക്കും. ഒരു വ്യക്തിയുടെ ജീവിത ലക്ഷ്യത്തിലേക്ക് അവനെ നയിക്കാൻ ഉതകുന്ന ഭാരതത്തിലെ ശാസ്ത്രങ്ങളിൽ അടങ്ങിയ വലിയ ആശയങ്ങൾ സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ ലളിതമായി ഉത്തമ ഉദാഹരണങ്ങളിലൂടെ ജനങ്ങളിലേക്ക് എത്തിക്കാൻ ഉള്ള കഴിവ് അദ്ദേഹത്തെ മറ്റു പ്രഭാഷകരിൽ നിന്നും വ്യത്യസ്തനാക്കുന്നു. റെക്കി , തന്ത്രശാസ്ത്രം, മന്ത്രവാദം, ആൽഫാ മൈൻഡ് പവർ, പെൻഡുലം, ക്ഷേത്രസങ്കല്പം , ആയുർവേദം, ഹോമിയോ,സിദ്ധവൈദ്യം തുടങ്ങി ഒട്ടേറെ മേഖലകളിൽ ആധികാരികമായി അറിവുള്ള അദ്ദേഹം വളരെ ലളിത ജീവിതം ആഗ്രഹിക്കുന്ന ഒരു വ്യക്തി ആണ്.
ഡൽഹി സാഹിത്യ പരിഷത്ത് അവാർഡ്, ടാഗോർ അവാർഡ്, പൊറ്റെക്കാട് അവാർഡ്, നില അവാർഡ്, ഗായത്രി അവാർഡ്, തൂലിക അവാർഡ്, തിരക്കഥ അവാർഡ്, നാനാ അവാർഡ്, എം.ടി.വി. അവാർഡ്, ഫിലിം സിറ്റി അവാർഡ്, ആജ്തക് അവാർഡ്, ഗൃഹലക്ഷ്മി അവാർഡ്, കലാകേരളം അവാർഡ്, അക്ഷരകളരി അവാർഡ്, വിവേകാനന്ദ പുരസ്കാരം, ടി.വി.വൈജ്ഞാനിക പരിപാടി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ പി ആർ നാഥന് ലഭിച്ചിട്ടുണ്ട്.
പ്രധാന കൃതികൾ
നോവൽ : ചാട്ട, കാശി , ശാക്തേയം, കരിമരുന്ന്.ഇന്നലെ വന്ന വഴി, നനഞ്ഞ പക്ഷി, കോട , സ്വപ്‌നങ്ങൾ വിൽക്കുന്ന കച്ചവടക്കാരൻ, ഇനി ഒരു മോഹം മാത്രം, ശയനപ്രദക്ഷിണം, പവിത്രക്കെട്ട്, സൂര്യനമസ്കാരം, സൗന്ദര്യലഹരി, വനവാണിഭം, ചന്ദനക്കാവ്, മൺസൂൺ.
കഥകൾ
ധ്വനി, കാളീഗംഗ, കൂത്തുപാവകൾ, മഹാമായ, കണ്ണാടിക്കൂട് , അംഗുലീയം, അളകനന്ദ, ഗംഗാപ്രസാദിന്റെ കുതിര, ഒറ്റക്കൽ മൂക്കുത്തി, ഗുണപാഠകഥകൾ, പ്രകാശിക്കുന്ന കഥകൾ.
യാത്രാവിവരണം
കന്യാകുമാരി മുതൽ ഹിമാലയം വരെ, ഹിമാലയ യാത്ര, ഗുഹയിലെ അനുഭവങ്ങൾ.
നാടകം
കലികാല വൈഭവം, ശാന്തിവനം.
ലേഖനം
വിജയമന്ത്ര, വായിക്കേണ്ട ഒരു പുസ്തകം.
- 1444 views