പഴയ തിരുവിതാംകൂറിൽ ഇന്ന് തമിഴ് നാടിന്റെ ഭാഗമായ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിനടുത്ത് അഗസ്തീശ്വരം സ്വദേശിയായിരുന്നു ജെ.സി.ഡാനിയൽ. കർമ്മം കൊണ്ട് ദന്തവൈദ്യൻ. കുടുംബസ്വത്ത് കടപ്പെടുത്തി കിട്ടിയ നാലു ലക്ഷത്തോളം രൂപയുമായാണ് 'വിഗതകുമാരൻ' നിർമിക്കാനൊരുങ്ങുന്നത്. ചിത്രീകരണത്തിനുള്ള സാങ്കേതിക ഉപകരണങ്ങളും അണിയറപ്രവർത്തകരും ഒരുങ്ങിനിന്നപ്പോൾ നായികയെ കിട്ടാനില്ല. ഡാനിയേൽ ഒരു നടിക്കുവേണ്ടി നാടു മുഴുവൻ അലഞ്ഞു. പത്രങ്ങളിൽ പരസ്യംകൊടുത്തു. ബോംബെയിൽ നിന്നു വന്ന ലാന എന്ന യുവതി അഭിനയിക്കാൻ സന്നദ്ധയായി. പക്ഷേ ആ നടിയെ സംവിധായകനു ബോധിച്ചില്ല. ഒടുവിൽ ലാന തിരിച്ചുപോയി. പിന്നീട് വന്നത് റോസി എന്ന യുവതി. സിനിമയിൽ അഭിനയിക്കുന്നതിനെ വേശ്യാവൃത്തിപോലെ അസാന്മാർഗിക പ്രവർത്തനമായി കണ്ട കാലം. യാഥാസ്ഥിതികരിൽ നിന്ന് പല എതിർപ്പുകളെയും കടമ്പകളെയും നേരിട്ട് ചിത്രീകരണം പൂർത്തിയാക്കി. ചിത്രം പ്രദർശിപ്പിച്ചപ്പോൾ സ്ക്രീനിലേക്ക് കല്ലേറുണ്ടായി.ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടു.ഡാനിയേൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. തന്റെ കൈയിലുള്ള സാങ്കേതിക ഉപകരണങ്ങൾ അദ്ദേഹത്തിനു വിൽക്കേണ്ടി വന്നു. സ്റ്റുഡിയോ അടച്ചുപൂട്ടുകയും ചെയ്തു. സിനിമക്കു വേണ്ടി ദുരന്തങ്ങൾ ഏറ്റുവാങ്ങിയ ഡാനിയേൽ ആണ് മലയാള സിനിമയുടെ പിതാവ്. ആദ്യമലയാള സിനിമയിൽ അഭിനയിക്കാൻ വന്ന യുവതി നേരിട്ട സാമൂഹികഭ്രഷ്ടും ദുരന്തങ്ങളും വിവരിക്കുന്ന വിനു എബ്രഹാമിന്റെ 'നഷ്ടനായിക' എന്ന നോവൽ ഈയിടെ പുറത്തിറങ്ങി.
ആദ്യചിത്രത്തോടെ തന്നെ സാമ്പത്തികബാധ്യതയിലായ ജെ സി ദാനിയൽ എന്ന മലയാളസിനിമയുടെ തലതൊട്ടപ്പന് മറ്റൊരു സിനിമയും നിർമ്മിക്കാൻ കഴിഞ്ഞില്ല. സിനിമക്കു വേണ്ടി കുടുംബസ്വത്തുകൾ വിറ്റുമുടിച്ച ദാനിയലിനെ സ്വന്തക്കാരും ബന്ധുക്കളും തിരിഞ്ഞ് നോക്കിയില്ല.പക്ഷവാതവും അന്ധതയും ബാധിച്ച് 1975ൽ മരിക്കുമ്പോൾ വരെയും അദ്ദേഹത്തിന്റെ ജീവിതം ദുരിതപൂർണ്ണമായിരുന്നു. ചുരുക്കത്തിൽ മലയാളസിനിമയുടെ ചരിത്രം നിലവിലെ തമിഴ്നാട് ജില്ലയിലുള്ള ഈ കന്യാകുമാരി സ്വദേശിയുടെ ജീവിതത്തോട് കടപ്പെട്ടിരിക്കുന്നു.
അവലംബം :-ശ്രീ.വിജയകൃഷ്ണന്റെ"മലയാള സിനിമയുടെ കഥ" എന്ന പുസ്തകം.
- 1322 views