കല്യാണരാമന്റെയും ആർ സുബ്ബലക്ഷ്മിയുടേയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. പ്രൊഫഷണൽ നൃത്തങ്ങൾക്ക് വായ്പ്പാട്ട് പാടിയിരുന്ന സംഗീതജ്ഞയായ അമ്മയോടൊപ്പം ഡാൻസ് പ്രോഗ്രാമുകൾക്ക് പോയ അനുഭവമാണ് താരയെ ഒരു നർത്തകി ആക്കിത്തീർക്കുന്നത്. പത്ത് വർഷക്കാലം ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവ അഭ്യസിച്ചു. കലൈമാമണി രാജരത്തിനം മാസ്റ്റർ, വിനയചന്ദ്രൻ എന്നിവരാണ് ഗുരുക്കന്മാർ. ചെറുപ്പകാലത്ത് തന്നെ നൃത്തവും അഭ്യസിപ്പിച്ചു പോന്ന താര 26 വർഷത്തിലധികമായി ഡാൻസ് പഠിപ്പിക്കുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും പ്രൊഫഷണൽ ഡാൻസ് സ്കൂളുകൾ തുടങ്ങി.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ ശ്രീകുമാരൻ തമ്പിയുടെ ചോറ്റാനിക്കര ഭഗവതി എന്ന ടെലിസീരിയലിലെ "ഭഗവതി"യായി വേഷമിട്ടാണ് പ്രൊഫഷണൽ മേഖലയിൽ അഭിനയത്തിനു തുടക്കം കുറിക്കുന്നത്. പിന്നീട് "മുഖാവരണം" എന്ന നാടകത്തിൽ അഭിനയിച്ചു. തിയറ്റർ ആർട്ടിസ്റ്റും അഭിനേത്രിയുമായി നിരവധി സിനിമകളിലും നാടകങ്ങളിലും ടെലി സീരിയലുകളിലും വേഷമിട്ടു.അടൂർ ഗോപാലകൃഷ്ണന്റെ "നിഴൽക്കൂത്ത്" എന്ന സിനിമയിൽ നായികാ പ്രാധാന്യമുള്ള വേഷം കൈകാര്യം ചെയ്തു.
പ്രശസ്ത നൃത്തസംവിധായകനും ഡാൻസ് ട്രെയിനറും അഭിനേതാവുമായ രാജാറാം ആണ് താരയുടെ ഭർത്താവ്. ഏക മകൾ സൗഭാഗ്യ തൃപ്പൂണിത്തുറ ആർ എൽ വി ഫൈനാർട്സ് കോളേജിൽ മോഹിനിയാട്ടത്തിൽ ബിരുദത്തിനു പഠിക്കുന്നു. അമ്മയോടൊപ്പം വേദികളിൽ നൃത്തം ചെയ്യുന്ന നർത്തകിയാണ് സൗഭാഗ്യ. അമ്മ സുബ്ബലക്ഷ്മിയും മലയാള സിനിമയിൽ തിരക്കുള്ള അഭിനേത്രിയാണ്.
മലയാളം ദൂരദർശൻ ആദ്യമായി പ്രക്ഷേപണം നടത്തിയത് താരയുടെ നൃത്തമായിരുന്നു എന്നത് കൗതുകമാണ്.
അവലംബം : മലയാള മനോരമ, പ്രവാസി എക്സ്പ്രസ്
- 1400 views