തെന്നിന്ത്യൻ ചലച്ചിത്രതാരം. 1962 ജൂലൈ 14ന് ബാംഗ്ലൂരിൽ ജനിച്ചു. 1978ൽ എം.ഭാസ്‌കര്‍ സംവിധാനം ചെയ്യുന്ന 'ഭൈരവി' എന്ന ചിത്രത്തിൽ രജനീകാന്തിന്റെ സഹോദരിയുടെ വേഷം ചെയ്തു കൊണ്ട് അഭിനയരംഗത്തേക്ക കടന്നു വന്നു. ഭൈരവിയിൽ അഭിനയിക്കുമ്പോൾ ഗീത ഏഴാം ക്ലാസ്സിൽ പഠിയ്ക്കുകയായിരുന്നു. ആ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലേക്ക് അവസരങ്ങൾ ലഭിച്ചു. സിനിമയിൽ സജീവമായപ്പോൾ എട്ടാം ക്ലാസ്സോടെ പഠനം ഉപേക്ഷിക്കേണ്ടി വന്നു.
'പഞ്ചാഗ്നി' എന്ന സിനിമയ്‌ക്കുവേണ്ടി നായികയെ അന്വേഷിക്കുന്നതിനിടയിലാണ് ഹരിഹരനും എം.ടിയും ഗീതയുടെ ചിത്രം കാണുകയും ചിത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നത്. പഞ്ചാഗ്നിയിലൂടെ 1986ൽ ഗീത മലയാള സിനിമയിലെത്തി. നെക്സലൈറ്റ് അജിതയുടെ ജീവിതവുമായി സാദൃശ്യമുള്ള കഥാ പാത്രമായിട്ടായിരുന്നു ഗീത പഞ്ചാഗ്നിയിൽ അഭിനയിച്ചത്. ഇന്ദിര എന്ന ആ കഥാപാത്രത്തെ തന്റെ ഉജ്വലമായ പ്രകടനംകൊണ്ട് ഗീത അവിസ്മരണീയമാക്കി. ആ വർഷം മാത്രം ഗീത മലയാളത്തിൽ സുഖമോദേവി, ആവനാഴി എന്നിവയടക്കം എട്ട് സിനിമകളിൽ നായികയായി അഭിനയിച്ചു. ഗീതയുടെ മികച്ച കഥാപാത്രങ്ങളിൽ ഭൂരിപക്ഷവും മമ്മൂട്ടിയുടെയും, മോഹൻലാലിന്റെയുമൊപ്പമുള്ളതാണ്. പിന്നീട് 1997ൽ കല്യാണം കഴിക്കുന്നത്വരെ മലയാള സിനിമയിൽ സജീവമായിരുന്നു ഗീത. മലയാളം കൂടാതെ തമിഴ്,കന്നഡ,തെലുങ്കു സിനിമകളിലും ഗീത നായികയായി അഭിനയിച്ചിരുന്നു. 1980 - 90 കാലത്ത് ദക്ഷിണേന്ത്യയിലെ ഏറ്റവും സൗന്ദര്യമുള്ള നടിയായി ഗീത അറിയപ്പെട്ടിരുന്നു. അഭിനയ പ്രാധാന്യമുള്ള റോളുകളിലും ഗ്ലാമർ റോളുകളിലും ഗീത ഒരുപോലെ തിളങ്ങിയിരുന്നു. 1989ൽ ഒരു വടക്കൻ വീരഗാഥയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന അവാർഡ് ഗീതയെ തേടിയെത്തി.
1997ൽ ആയിരുന്നു ഗീതയുടെ വിവാഹം. ഭർത്താവ് വാസൻ അമേരിയ്ക്കയിൽ ചാർട്ടേഡ് അക്കൗഡൻഡ് ആണ്. കല്യാണത്തിനു ശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഗീത സിനിമയിൽ നിന്നും ചെറിയ ഒരു ഇടവേള എടുത്തുവെങ്കിലും കുറച്ചുവർഷങ്ങൾക്കു ശേഷം അഭിനയരംഗത്തേയ്ക്ക് തിരിച്ചുവന്നു. ക്യാരക്ടർ റോളുകളിലൂടെ സിനിമയിൽ വീണ്ടും സജീവമായി.
- 1864 views