രഞ്ജിനി

Submitted by danildk on Sun, 11/14/2010 - 16:23
Name in English
Ranjini

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1970-ൽ സിംഗപ്പൂരിൽ സെൽവരാജുവിന്റെയും, ലില്ലി സെൽവരാജുവിന്റെയും മകളായി സിംഗപ്പൂരിൽ ജനിച്ചു. സാഷ സെൽവരാജു എന്നായിരുന്നു പേര്. 1985-ലാണ് സാഷ സിനിമയിലേയ്ക്കെത്തുന്നത്. അച്ഛൻ സെൽവരാജുവിന്റെ സുഹൃത്തായ പ്രശസ്ത സംവിധായകൻ ഭാരതിരാജയാണ് സാഷയുടെ പേര് തന്റെ സിനിമയ്ക്കു വേണ്ടി രഞ്ജിനി എന്നാക്കി മാറ്റുന്നത്. ഭാരതിരാജയുടെ "മുതൽമര്യാദൈ" ആയിരുന്നു രഞ്ജിനിയുടെ ആദ്യ സിനിമ. സിനിമയിൽ സജീവമായതോടെ രഞ്ജിനി തന്റെ പഠനം താത്ക്കാലികമായി അവസാനിപ്പിച്ച് സിംഗപ്പൂരിൽ നിന്നും ചെന്നൈയിലേയ്ക്ക് താമസം മാറ്റി.

 1987-ൽ ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത "സ്വാതിതിരുനാൾ" എന്ന ചിത്രത്തിലൂടെയാണ് രഞ്ജിനി മലയാള സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. രഞ്ജിനി തമിഴിലും മലയാളത്തിലുമായി ധാരാളം വിജയചിത്രഞ്ഞളുടെ ഭാഗമായി. രഞ്ജിനി നായികയായ ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്നു, കോട്ടയം കുഞ്ഞച്ചൻ, എന്നിവ മലയാളികൾ ഒരിയ്ക്കലും മറക്കാത്ത സിനിമകളാണ്. 1993-ൽ കസ്റ്റംസ് ഡയറി എന്ന ചിത്രത്തിലെ അഭിനയത്തോടെ രഞ്ജിനി അഭിനയം നിർത്തി തുടർപഠനത്തിനായി ലണ്ടനിലേയ്ക്ക് പോയി. ലണ്ടനിൽ നിന്നും ക്രെഡിറ്റ് മാനേജ്മെന്റിലും, നിയമത്തിലും ബിരുദമെടുത്ത രഞ്ജിനി കുറച്ചുകാലം അവിടെ വർക്ക് ചെയ്തു. 

മലയാളിയായ ബിസിനസ്സുകാരൻ പിയറി കോബ്രയെ വിവാഹം ചെയ്തതിനുശേഷം രഞ്ജിനി കൊച്ചിയിൽ താമസിച്ചുവരുന്നു. 2014-ൽ റിംഗ് മാസ്റ്റർ എന്ന സിനിമയിലൂടെ രഞ്ജിനി വീണ്ടും അഭിനയരംഗത്തേയ്ക്കെത്തി. സിനിമകൾ കൂടാതെ മലയാളം,തമിഴ് ടെലിവിഷൻ റിയാലിറ്റിഷോകളിൽ ജഡ്ജിംഗ് പാനലുകളിലും അംഗമായും രഞ്ജിനി പ്രവർത്തിയ്ക്കുന്നുണ്ട്. മലയാളം, തമിഴ് ഭാഷകളിലായി ഏകദേശം എഴുപതോളം സിനിമകളിൽ രഞ്ജിനി അഭിനയിച്ചിട്ടുണ്ട്..