ഭാഗ്യലക്ഷ്മി

Submitted by Nandakumar on Sun, 11/14/2010 - 15:56
Name in English
Bhagyalakshmi

(ഡബ്ബിങ്ങ് ആർട്ടിസ്റ്റ്) മലയാള സിനിമയിലെ പ്രമുഖ ഡബ്ബിങ്ങ് ആർട്ടിസ്റ്റും ചില പഴയകാല ചിത്രങ്ങളിൽ നായികയുമായിരുന്ന ഭാഗ്യലക്ഷ്മിയുടെ ബാല്യകാലം മദ്രാസിലായിരുന്നു. വളരെ ചെറുപ്പത്തിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട ഭാഗ്യലക്ഷ്മി വല്യമ്മയുടെ കൂടെയായിരുന്നു മദ്രാസിൽ വളർന്നത്.കുട്ടിയായിരിക്കുമ്പോഴേ സംഗീതവും വീണയും പഠിച്ചിരുന്നു.(സിനിമയിൽ സജ്ജീവമാകുന്നതിനു മുൻപ് മദ്രാസിലെ ചില ഗാനമേളാട്രൂപ്പുകളിൽ ഗായികയുമായിരുന്നു.) ഭാഗ്യലക്ഷ്മിക്ക് പത്തു വയസ്സുള്ളപ്പോഴാണ് ചില മലയാള ചിത്രങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തന്റെ സംഗീത പഠനം കണ്ട് വീടിനടുത്തുള്ള “എസ് ബാബു” എന്ന സംവിധായകനാണ് ആദ്യമായി സിനിമയിലേക്ക് വിളിക്കുന്നത്. അക്കാലത്ത് ബാല നടൻ/നടി എന്നിവർക്ക് കുട്ടികൾ ഡബ്ബ് ചെയ്യുന്ന പതിവില്ലെങ്കിലും “എസ് ബാബു” എന്ന സംവിധായകന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ആയി തുടങ്ങാൻ ഭാഗ്യലക്ഷ്മിക്ക് അവസരം ലഭിച്ചു. ആദ്യമായി ശബ്ദം ഡബ്ബ് ചെയ്തത്  “അപരാധി” എന്ന സിനിമയിൽ പ്രേംനസീറിന്റെ മകളായി അഭിനയിച്ച കുട്ടിക്ക് (1972, സംവിധാനം പി എൻ സുന്ദരം) പിന്നീട് ‘മനസ്സ്’, “ചഞ്ചലം“ തുടങ്ങിയ ചിത്രങ്ങൾ. ആദ്യ ചിത്രങ്ങളിൽ പെൺകുട്ടികൾക്കാണ് ശബ്ദം കൊടുത്തിരുന്നെങ്കിലും പിന്നീട് ആൺകുട്ടികൾക്കും ശബ്ദം കൊടുത്തു.

വർഷങ്ങൾക്ക് ശേഷം ചില മലയാള ചിത്രങ്ങളിൽ [മനസ്സിന്റെ തീർത്ഥയാത്ര(ദേവൻ), തായമ്പക(മുകേഷ്), സൂര്യദാഹം(ദേവൻ)] നായികയായി അഭിനയിച്ചെങ്കിലും തന്റെ തന്നെ താല്പര്യക്കുറവുകൊണ്ട് അഭിനയം ഉപേക്ഷിച്ച് ഡബ്ബിങ്ങ് മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രിയദർശൻ-സുരേഷ്കുമാർ-മോഹൻലാൽ ടീമിന്റെ ആദ്യചിത്രമായ “തിരനോട്ട”ത്തിലാണ് ഭാഗ്യലക്ഷ്മി ആദ്യമായി നായികക്ക് ശബ്ദം കൊടുക്കുന്നത്. നിർഭാഗ്യവശാൽ ചിത്രം റിലീസ് ചെയ്തില്ല. പിന്നീട് ഭാഗ്യലക്ഷ്മിയുടെ ശബ്ദത്തിൽ നായിക സംസാരിക്കുന്ന ആദ്യചിത്രമായി പുറത്തുവന്നത് അന്തരിച്ച ജയൻ അവസാനമായി അഭിനയിച്ച “കോളിളക്കം” എന്ന സിനിമയിലാണ്. അതിൽ സുമലതക്കായിരുന്നു ഭാഗ്യലക്ഷ്മി ശബ്ദം നൽകിയത്. ആദ്യകാലങ്ങളിൽ ഡബ്ബിങ്ങിനെ അത്ര സീരിയസ്സായി കണ്ടിരുന്നില്ലെങ്കിലും സംവിധായകൻ ഫാസിൽ, സൌണ്ട് എഞ്ചിനീയർ ദേവദാസ് എന്നിവരുമായുള്ള പ്രവൃത്തി പരിചയം  തന്റെ കാഴ്ചപ്പാടുകളെ ഒരുപാട് മാറ്റിയതായും ഡബ്ബിങ്ങിനെ വളരെ സീരിയസ്സായും മികച്ച പ്രൊഫഷനായും സമീപിക്കുവാൻ കാരണമാകുകയുംചെയ്തുതായി ഭാഗ്യലക്ഷ്മി തന്റെ അഭിമുഖങ്ങളിൽ അനുസ്മരിച്ചിട്ടുണ്ട്.

മലയാളത്തിലെ പ്രശസ്ത നടികളായിരുന്ന കാർത്തിക, രേവതി, നദിയാമൊയ്തു, അമല, പാർവ്വതി, ഉർവ്വശി, ശോഭന, സംയുക്താ വർമ്മ മുതൽ നയൻ താര വരെയുള്ള നായികമാരുടെ ഏതാണ്ടെല്ലാ ചിത്രങ്ങളിലും ഭാഗ്യലക്ഷ്മിയായിരുന്നു ശബ്ദം നൽകിയത്.

സിനിമയുടെ മേഖലയിൽ പലപ്പോഴും ആരും വിലമതിക്കാതെ മറന്നു കളയുന്ന ഡബ്ബിങ്ങ് ആർട്ടിസ്റ്റുകൾക്ക് കൂട്ടായ്മയും സംഘടനാപ്രവർത്തനവും വേണമെന്ന് തോന്നിയതുകൊണ്ട് മലയാളത്തിലെ ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. (ഇപ്പോൾ സംഘടനാ പ്രവർത്തനങ്ങളിൽ നിന്ന് മാറിനിൽക്കുന്നു)

സിനിമയിലെ വരും തലമുറക്ക് ഡബ്ബിങ്ങിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകണമെന്ന ആഗ്രഹത്താൽ എറണാകുളത്ത് ഭാഗ്യലക്ഷ്മി ആരംഭിച്ച ഡബ്ബിങ്ങ് ഇൻസ്റ്റിട്യൂട്ട് പക്ഷെ, പല കാരണങ്ങളാൽ പാതി വഴിയിൽ അവസാനിപ്പിക്കേണ്ടിവന്നു.

മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റായി പേരെടുത്ത ഭാഗ്യലക്ഷ്മിക്ക് നിരവധി തവണ സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാള സിനിമാരംഗത്ത് കഴിഞ്ഞ 30 വർഷങ്ങളിൽ 2735 ചിത്രങ്ങളിലായി 147 നായികമാർക്കായി ശബ്ദം നൽകിയിട്ടുണ്ട്.

ഗായികയായും നായികയായും ഡബ്ബിങ്ങ് ആർട്ടിസ്റ്റായും മലയാള സിനിമയിൽ സജീവമായിരുന്ന ഭാഗ്യലക്ഷ്മി ഇപ്പോൾ ഡബ്ബിങ്ങ് മേഖലയിൽ പ്രമുഖയായിത്തന്നെ തുടരുന്നതോടൊപ്പം ടെലിവിഷൻ ചാനലുകളിലും സുപരിചിതയാണ്. കൈരളി ചാനലിലെ “മനസ്സിലൊരു മഴവില്ല്” എന്ന പ്രോഗ്രാമിന്റെ അവതാരകയാണ്.

രണ്ട് മക്കൾ. മൂത്തമകൻ നിധിൻ എഞ്ചിനീയർ, ഇപ്പോൾ സംവിധായകൻ രഞ്ജിതിന്റെ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു. രണ്ടാമത്തെ മകൻ സച്ചിൻ ബാംഗ്ലൂരിൽ പഠിക്കുന്നു.

ശബ്ദം നൽകിയ നായികമാരും ചില ചിത്രങ്ങളും :-
കാർത്തിക - ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, ജനുവരി ഒരു ഓർമ്മ | ശോഭന - തേന്മാവിൻ കൊമ്പത്ത്, മണിചിത്രത്താഴ് | അമല - എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം | സംയുക്താ വർമ്മ - മേഘമൽഹാർ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ | ഉർവ്വശി - മഴവിൽകാവടി, തലയണമന്ത്രം | സംഗീത - ചിന്താവിഷ്ടയായ ശ്യാമള | സൌന്ദര്യ - യാത്രക്കാരുടെ ശ്രദ്ധക്ക് | കനക -  കുസൃതിക്കാറ്റ് | രേവതി - കിലുക്കം | ഗിരിജ - വന്ദനം | നയൻ താര - ബോഡി ഗാർഡ്

അവാർഡുകൾ
1991 സംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ്  -  നടി : അമല | ചിത്രങ്ങൾ : എന്റെ സൂര്യപുത്രിക്ക്, ഉള്ളടക്കം

1995 സംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് - നടി കനക | ചിത്രം : കുസൃതിക്കാറ്റ് | നടി : പ്രിയംബദാ റായ്, ചിത്രം : ഓർമ്മകളുണ്ടായിരിക്കണം

2002 സംസ്ഥാന ചലച്ചിത്ര അവാർഡ് - മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റ് - നടി സൌന്ദര്യ | ചിത്രം : യാത്രക്കാരുടെ ശ്രദ്ധക്ക്