അംബിക

Submitted by Kiranz on Sat, 10/30/2010 - 19:55
Name in English
Ambika
Alias
സീനിയർ
അംബിക സുകുമാരൻ

മലയാളചലച്ചിത്ര നടി. തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത ചലച്ചിത്രതാരങ്ങളായ ലളിത, പത്മിനി, രാഗിണിമാരുടെ മാതൃസഹോദരിയായ മാധ്വിക്കുട്ടിയമ്മയുടെയും, എം രാമവർമ്മരാജയുടെയും മകളായി തിരുവനന്തപുരത്ത് ജനിച്ചു. ‘തിരുവിതാംകൂര്‍‌ സഹോദരിമാരുടെ’ തിളക്കമാർന്ന നൃത്തപ്രകടനങ്ങളും, അഭിനയവും ഒക്കെയാണ് അംബികയ്ക്കും നൃത്തം ചെയ്യുവാനും സിനിമയിൽ അഭിനയിക്കുവാനുമൊക്കെയുള്ള പ്രചോദനമായത്. വളരെ ചെറുപ്പത്തിൽത്തന്നെ നൃത്തം അഭ്യസിക്കുവാൻ ആരംഭിക്കുകയും, ലളിത-പത്മിനി-രാഗിണിമാർക്കൊപ്പം പല വേദികളിലും നൃത്തപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.

പ്രശസ്ത നർത്തകൻ ശ്രീ ഗുരുഗോപിനാഥിന്റെ കീഴിലായിരുന്നു അംബിക നൃത്തം അഭ്യസിച്ചത്. നർത്തകിയായി അറിയപ്പെട്ടുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അംബികയ്ക്ക് വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ ഒരു നൃത്തം അവതരിപ്പിക്കുവനുള്ള അവസരം ലഭിക്കുന്നത്. അങ്ങിനെ 1952 ൽ വിശപ്പിന്റെ വിളി എന്ന ചിത്രത്തിൽ ഒരുനൃത്തം അവതരിപ്പിച്ചുകൊണ്ട് അംബിക തന്റെ സിനിമാപ്രവേശനത്തിന് തുടക്കം കുറിച്ചു. 1956 ൽ കൂടപ്പിറപ്പ് എന്ന ചിത്രത്തിലാണ് അംബിക ആദ്യമായി നായികയാകുന്നത്. സത്യൻ. പ്രേംനസീർ. മധു എന്നിവരുടെ നായികയായി അംബിക ധാരാളം സിനിമകളിൽ അഭിനയിച്ചു.. തന്റെ നായകന്മാരോടൊപ്പം തുല്യപ്രാധാന്യമുള്ള ശക്തമായ നായികാകഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുവാൻ അംബികയ്ക്കു കഴിഞ്ഞു. 

 ഒട്ടേറെ സിനിമകളിൽ ജീവിതഗന്ധിയായ കഥാപാത്രങ്ങളെ അവതരിപ്പിച്ച അംബികയ്ക്ക് പ്രേക്ഷകാംഗീകാരം ആവോളം ലഭിച്ചിരുന്നു. ‘ഉമ്മിണിത്തങ്ക’, ‘തച്ചോളി ഒതേനൻ’, ‘ആദ്യകിരണങ്ങൾ’, ‘സ്കൂൾ മാസ്റ്റർ’,  'കുടുംബിനി, 'നിത്യകന്യക, 'നിണമണിഞ്ഞ കാല്‍പ്പാടുകള്‍, ‘ചേട്ടത്തി’, ‘കാത്തിരുന്ന നിക്കാഹ്’, ‘കായംകുളം കൊച്ചുണ്ണി’, 'മൂടുപടം', 'നദി', 'മൂലധനം', 'അമ്മയെ കാണാന്‍', 'കുട്ടിക്കുപ്പായം' എന്നിങ്ങനെയുള്ള പഴയ ചിത്രങ്ങളിൽ അംബിക ഉജ്ജ്വലമാക്കിയ കഥാപാത്രങ്ങൾ അനവധിയാണ്. മലയാളസിനിമയിലെ ആദ്യ മുഴുനീള വർണ്ണചിത്രമായ 'കണ്ടം ബെച്ച കോട്ടി' ലും അവര്‍ തന്നെയായിരുന്നു നായിക. മലയാളത്തിനു പുറമെ ചില തമിഴ് ചിത്രങ്ങളിലും,ഒരു ഹിന്ദിചിത്രത്തിലും അംബിക അഭിനയിച്ചിട്ടുണ്ട്.

അമേരിക്കയിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീ സുകുമാരനെ വിവാഹം ചെയ്ത അംബിക 1972ൽ തന്റെ ചലച്ചിത്ര ജീവിതത്തോട് വിടപറഞ്ഞ് കുടുംബ ജീവിതത്തിലേയ്ക്ക് പ്രവേശിച്ച് അമേരിക്കയിൽ താമസമാക്കി. പിന്നീട് അമേരിക്കയിൽ "അംബിക സ്കൂൾ ഓഫ് ഡാൻസ്" എന്ന പേരിൽ ഒരു ഡാൻസ് സ്കൂൾ ആരംഭിക്കുകയും ഒരു നൃത്താധ്യാപികയായി തന്റെ കലാജീവിതം തുടരുകയും ചെയ്തു. പ്രഭ. രമ എന്നീ രണ്ടു പെണ്മക്കളാണ് അംബിക-സുകുമാരൻ ദമ്പതികൾക്കുള്ളത്.